Sun. Feb 25th, 2024

കൊല്ലം: പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. അനീഷ്യയുടെ മരണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് അന്വേഷിക്കണമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും ഭീഷണിയുമാണ് ജീവനൊടുക്കുന്നതിന് പിന്നിലെന്നാണ് ആരോപണം.ഇത് വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള അഞ്ച് ശബ്ദസന്ദേശങ്ങളാണു പുറത്തായത്. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മര്‍ദ്ദം പതിവായിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ശബ്ദസന്ദേശവും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെയും സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം.