Sun. Feb 25th, 2024

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി കലക്ടറേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജോസഫിന്റെ മൃതദേഹം മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോയി. ഇന്നലെയാണ് വളയത്ത് ജോസഫ് എന്ന പാപ്പച്ചനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോസഫിന്റെ മൃതദേഹത്തിന് അരികില്‍ നിന്നു ലഭിച്ച കുറിപ്പില്‍ പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ച് മാസത്തോളമായെന്നും പലരോടും കടം വാങ്ങി മടുത്തുവെന്നും പറഞ്ഞിരുന്നു. അഞ്ചുമാസത്തെ പെന്‍ഷന്‍ തന്നില്ലെങ്കില്‍ ജീവനൊടുക്കാ നാണ് തീരുമാനമെന്നും കുറിപ്പിലുണ്ട്. പെന്‍ഷന്‍ മുടങ്ങിയതിനെ കുറിച്ച് ജോസഫ് നിരന്തരം പരാതി പറഞ്ഞിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു.



കഴിഞ്ഞ നവംബറില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിന് ഇതേ പരാതി ജോസഫ് സമര്‍പ്പിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ മകള്‍ കിടപ്പുരോഗിയാണെന്നും ഇനിയും പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ മരിക്കേണ്ടി വരുമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജോസഫിന്റെ മരണം ക്ഷേമപെന്‍ഷന്‍ കിട്ടാത്തതു കൊണ്ടല്ലെന്നായിരുന്നു ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡ ണ്ടിന്റെ വിശദീകരണം. ജോസഫ് തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നുവെന്നും ഇയാള്‍ക്ക് വരുമാനം ഉണ്ടായിരുന്ന തായും പ്രസിഡന്റ് പറഞ്ഞു. ഭിന്നശേഷി പെന്‍ഷന്‍ കഴിഞ്ഞമാസം ഒരു ഗഡു കൊടുത്തിരുന്നതായി മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. പെന്‍ഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സാമൂഹിക നീതി വകുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.