Sat. Mar 2nd, 2024

തിരുവനന്തപുരം: കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര തലത്തില്‍ കേരളത്തെ മികച്ച വെല്‍നെസ്സ്, ഫിറ്റ്നസ് ഹബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായൊരു സംസ്ഥാനം കായിക മേഖലയില്‍ സമ്പൂര്‍ണ കായിക നയം രൂപപ്പെടുത്തി ദേശീയ കായിക ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിക്കുകയാണ്.

‘ദേശീയ കായിക ചരിത്രത്തില്‍ സമ്പന്നവും സവിശേഷവുമായ സ്ഥാനമാണ് കേരളത്തിനുള്ളത്. കായിക സമ്പദ് വ്യവസ്ഥ എന്ന പുത്തന്‍ ആശയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വികേന്ദ്രീകരണ കായിക ആസൂത്രണ പദ്ധതികള്‍ നടപ്പാക്കും. അതാത് പ്രദേശങ്ങളിലെ കായിക ആവിശ്യങ്ങളും അവ നടപ്പാക്കാനുള്ള സാഹചര്യങ്ങളും തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. സ്വകാര്യ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും കായിക മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ ഈ ഉച്ചകോടിയും അതിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളും ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബി സി സി ഐയുമായി ചേര്‍ന്ന് കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍, 40,000 പേര്‍ക്ക് ഇരിക്കാവുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പണിയും. കൊച്ചിയിലെ ചെങ്ങമനാട്ടിലാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. പുതിയ സ്റ്റേഡിയത്തിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 1,200 കോടി രൂപ വകയിരുത്തും. കൊച്ചി, കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട എന്നിവടങ്ങളില്‍ ഡൊമസ്റ്റിക് സ്റ്റേഡിയങ്ങളും നിലവിലുള്ള വികസിപ്പിക്കുന്നതിനുമായി 450 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്.

മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍ കുമാര്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എം എല്‍ മാരായ കടകംപള്ളി സുരേന്ദ്രന്‍, വി ജോയി, വി കെ പ്രശാന്ത്, കെ അന്‍സലന്‍, സി കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ശറഫലി, ചീഫ് സെക്രട്ടറി വി വേണു, കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, ഒളിമ്പ്യന്‍ അശ്വിനി നച്ചപ്പ പങ്കെടുത്തു.ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം

നെടുമ്പാശ്ശേരി കേരളത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയമാണ് കൊച്ചിയിലെ ചെങ്ങമനാട്ടില്‍ നിര്‍മിക്കുന്നത്. ന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലന സൗകര്യം, സ്പോര്‍ട്സ് അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്പോര്‍ട്സ് പാര്‍ക്ക്, സ്പോര്‍ട്സ് മെഡിസിന്‍, ഫിറ്റ്നസ് സെന്റര്‍, ഇ സ്പോര്‍ട്സ് അരീന, എന്റര്‍ടെയ്ന്‍മെന്റ് സോണ്‍ ക്ലബ് ഹൗസ് എന്നീ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സമീപത്തുണ്ട്. അതിനാല്‍ത്തന്നെ കളിക്കാര്‍ക്ക് ഇവിടേക്ക് എത്താന്‍ എളുപ്പമാണ്. മത്സരം കാണാനെത്തുന്നവര്‍ക്കും യാത്രാ സൗകര്യമുണ്ട്.