Fri. Mar 1st, 2024

തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കില്ലെന്നും ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി അമ്പല പ്രതിഷ്ഠ നടത്തുന്നതു പ്രതിഷേധാർഹമാണെന്നും പ്രഖ്യാപിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമ്മേളനം നടന്നു. ജനാധിപത്യ വേദി തിരുവനന്തപുരം, യുക്തിവാദി സംഘം തിരുവനന്തപുരം, നാസ്തിക് നേഷൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ പോസ്റ്റോഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ യോഗം മുൻമന്ത്രി ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.



ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്ത് ആയിരക്കണക്കാളുകളുടെ ജീവൻ അപഹരിച്ച വർഗ്ഗീയ കലാപങ്ങളുടെ തുടർച്ചയായിട്ടാണ് രാമക്ഷേത്രം പണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള സംഘപരിവാർ ശ്രമത്തിൻ്റെ ചുവടു വയ്പാണ് അതെന്നും എല്ലാ ജനാധിപത്യ ശക്തികളും അതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ. മഹേശ്വരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പി.സി. ഉണ്ണിച്ചെക്കൻ (MLPl റെഡ് ഫ്ലാഗ് ), ഡോ. കെ. ജി. താര, വെള്ളനാട് രാമചന്ദ്രൻ, മോഹൻലാൽ (MCPl – U) കെ. രാമൻകുട്ടി, പ്രൊ. ജി. ജയകുമാർ, പി.സുശീലൻ (CPl – ML), പി.പി. സത്യൻ, കിളിമാനൂർ ചന്ദ്രൻ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

എല്ലാ ഭരണകൂട സംവിധാനങ്ങളും ഉപയോഗിച്ച് സ്ഥാപിക്കപ്പെടുന്ന അയോദ്ധ്യയിലെ ക്ഷേത്രം രാജ്യത്തിൻ്റെ ഏകീകരണത്തിനല്ല ശിഥിലീകരണത്തിനാണു കാരണമാവുക എന്ന് സമ്മേളനം വിലയിരുത്തി. ജനാധിപത്യവേദി കൺവീനർ പി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. യുക്തിവാദി സംഘം പ്രസിഡൻ്റ് ടി.എസ്. പ്രദീപ് സ്വാഗതവും ഇ.പി. അനിൽ നന്ദിയും പറഞ്ഞു.