Sun. Feb 25th, 2024

ചിങ്ങവനം: വയോധികയെ ആക്രമിച്ച യുവാവ് പിടിയില്‍. സചിവോത്തമപുരം കോളനിയില്‍ നിതീഷ് ഭവനില്‍ നിധിന്‍ ചന്ദ്രനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. നിധിന്‍ അയല്‍വാസിയായ വയോധികയുടെ വീട്ടില്‍ രാത്രി അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. വയോധികയെ ആക്രമിച്ചതിനു പിന്നാലെ പ്രതി വീട്ടിലെ പാത്രങ്ങള്‍ നശിപ്പിക്കുകയും വസ്ത്രങ്ങളും മറ്റും കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നിധിന്‍ വയോധികയുടെ മകനെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉണ്ടായ വിരോധത്തിലാണ് രാത്രി വീട്ടില്‍ കയറി പ്രതി അക്രമം നടത്തിയത്. ചിങ്ങവനം സ്റ്റേഷനിലെ ക്രിമിനല്‍കേസുകളില്‍ പ്രതിയാണ് നിധിന്‍.