Wed. Feb 28th, 2024

✍️ ലിബി.സി.എസ്

നവോത്ഥാന കാലത്തെ ഗുരുവിൻറെ പ്രധാന സന്ദേശങ്ങളിൽ ഒന്നായിരുന്നു ” ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത്” എന്നത്. എന്നാൽ കണ്ണിൽ കണ്ടവരോടെല്ലാം കൃത്യമായി ജാതിചോദിച്ചു നടന്ന ഒരു കഥാപാത്രമാണ് രാമൻ.

“ബ്രാഹ്‌മണോ വാ സി ഭദ്രം തേ.
ക്ഷത്രിയോ വാ സി ദുർജ്ജയ.
വൈശ്യസ്തൃതീയോ വർണ്ണോ വാ.
ശൂദ്രോ വാ സത്യ വാഗ്ഭവ:”

വാത്മീകി രാമായണത്തിൽ 113 ശ്ലോകങ്ങൾ കൊണ്ടാണ് ശംബൂകവധം ആഖ്യാനം ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ചാണ് ഡോ. അംബേദ്‌കർ ‘വാത്മീകി വെറുതെ എഴുതിവെച്ചതല്ല ആ 113 ശ്ലോകങ്ങൾ, അതാണ് തൻറെ കൂലി എഴുത്തിൻറെ പരിമിതിയിൽ നിന്നുകൊണ്ട് അദ്ദേഹം തൻറെ വർഗ്ഗത്തിന് വേണ്ടി നൽകിയ സന്ദേശം’ എന്ന് പറഞ്ഞത്.

കഥ ഇങ്ങനെയാണ്- “അക്കാലത്ത് അയോധ്യയുടെ ഉൾപ്രദേശത്ത് വസിക്കുന്ന ഒരു ബ്രാഹ്മണന്റെ പന്ത്രണ്ട് വയസ്സായ മകൻ അകാലമരണമടയുകയുണ്ടായി. മകന്റെ മൃതശരീരമെടുത്ത് നിലവിളിച്ചുകൊണ്ട് അദ്ദേഹം കൊട്ടാരവാതിൽക്കലെത്തി. രാമരാജ്യത്ത് ഇത്തരമൊരു അനിഷ്​ടസംഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും രാമന് എന്തോ പാപം വന്നുചേർന്നിരിക്കുന്നുവെന്നും പുത്രന് ജീവൻ തിരിച്ചുകിട്ടിയില്ലെങ്കിൽ അനാഥരായ തങ്ങൾ പ്രവേശനകവാടത്തിൽ കിടന്ന് മരിക്കുമെന്നും തുടർന്ന് ശ്രീരാമനത് ബ്രഹ്മഹത്യാപാപമുണ്ടാക്കുമെന്നും വിലാപത്തിനിടയിൽ അദ്ദേഹം വിളിച്ചുപറഞ്ഞു.ഇതുകേട്ട ശ്രീരാമൻ മന്ത്രിമാരെയും പൗരപ്രമുഖരെയും വസിഷ്ഠൻ, നാരദൻ, മാർക്കണ്ഡേയൻ, വാമദേവൻ തുടങ്ങിയ മുനിമാരെയും കൂടിയാലോചനക്ക് ക്ഷണിച്ചു. കൃതയുഗത്തിൽ സമുന്നത ​ശ്രേണിയിലുള്ള ബ്രാഹ്മണരല്ലാതെ മറ്റാരും തപസ്സ് ചെയ്തിരുന്നില്ലെന്നും േത്രതായുഗമായപ്പോഴേക്ക് ക്ഷത്രിയരും തപസ്സനുഷ്ഠിക്കുന്നതിന് അധികാരികളായെന്നും വൈശ്യശൂദ്രന്മാർ അവരെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നുവെന്നും ദ്വാപരയുഗത്തിൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യവിഭാഗങ്ങൾക്ക് മാത്രമേ തപസ്സിന് വിധിയുള്ളൂവെന്നും നാരദമുനി അറിയിച്ചു.

‘നിലവിലെ ത്രേതായുഗത്തിൽ രാമന്റെ വിസ്​തൃതമായ രാജ്യാതിർത്തിയിൽ ദുഷ്​ടനായൊരു ശൂദ്രൻ തപസ്സുചെയ്യുന്നുണ്ട്. തപസ്സ്, വേദാധ്യയനം, സൽക്കർമം എന്നിവയുടെ ആറിലൊന്ന് പുണ്യം ഏറ്റുവാങ്ങുന്ന രാജാവിന് ഇതിൽ ഇടപെടാതിരിക്കാനാകില്ല. അങ്ങനെ ചെയ്താൽ നരന് ആയുർവൃദ്ധിയും ധർമസ്ഥിരതയും ഉണ്ടാകും; ബ്രാഹ്മണകുമാരന് ജീവനും ലഭിക്കും’ -നാരദൻ ഉപദേശിച്ചു.

ബ്രാഹ്മണ ബാലൻറെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ലക്ഷ്മണനെ നിയോഗിച്ച് തപസ്സുചെയ്യുന്ന ശൂദ്രനെ തേടി ശ്രീരാമൻ യാത്രയായി. കണ്ണിൽ കണ്ട താപസന്മാരോടെല്ലാം അദ്ദേഹം ഇങ്ങനെ ചോദിച്ചു.

“ബ്രാഹ്‌മണോ വാ സി ഭദ്രം തേ.
ക്ഷത്രിയോ വാ സി ദുർജ്ജയ.
വൈശ്യസ്തൃതീയോ വർണ്ണോ വാ.
ശൂദ്രോ വാ സത്യ വാഗ്ഭവ:” (അല്ലയോ മഹർഷേ അങ്ങേയ്ക്ക് നല്ലത് വരട്ടെ, സത്യം പറയൂ, അങ്ങ് ബ്രാഹ്മണൻ ആണോ ക്ഷത്രിയനാണോ വൈശ്യനാണോ അതോ ശൂദ്രനാണോ?)അങ്ങനെ ജാതി ചോദിച്ചു ചോദിച്ചു പോയി ശൈലപർവതത്തിന്റെ വടക്കേഭാഗത്തുള്ള ഒരു വൃക്ഷത്തിന് സമീപമുള്ള പൊയ്കയിലേക്ക് തലകീഴായി തൂങ്ങിനിന്നുകൊണ്ട് തപസ്സുചെയ്യുന്നൊരാളെ ശ്രീരാമൻ കണ്ടു. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ വർണ്ണത്തെക്കുറിച്ചും തപസ്സിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അദ്ദേഹം മേൽപ്പടി ചോദ്യംതന്നെ ആവർത്തിച്ചു.

തന്റെ പേര് ശംബൂകൻ എന്നാണെന്നും താൻ ശൂദ്രവർണ്ണത്തിൽപെട്ട ആളാണെന്നും താൻ യശസ്വിയായി ശരീരത്തോടെ സ്വർഗംപൂകാനാണ് തപസ്സ് ചെയ്യുന്നതെന്ന് ശംബൂകൻ അറിയിച്ചു.

“ഭാഷ തസ്തസ്യ ശൂദ്രസ്യ,
നിഷ്‌കൃഷ്യ കേശോദ് വിമലം
ശിരച്ഛേദ: രാഘവ: “
(ശംബൂകൻ ശൂദ്രനാണെന്നു കേട്ടമത്രയിൽ ശ്രീരാമൻ തൻറെ ഉറയിൽ കിടന്ന വാളൂരി അദ്ദേഹത്തിന്റെ തല വെട്ടി.)

അതുകണ്ട ഇന്ദ്രനും അഗ്നിയും മറ്റും രാമനെ അനുമോദിച്ചു. ബ്രാഹ്മണപുത്രനെ ജീവിപ്പിക്കണമെന്ന രാമന്റെ ആവശ്യം നിറവേറ്റുകയും ചെയ്തു. ശൂദ്രന്റെ തപസ്സുമായി തന്റെ പുത്രന്റെ മരണത്തെ ബന്ധപ്പെടുത്തിയ ബ്രാഹ്മണന്റെ സംപ്രീതിക്കാണ് ശ്രീരാമൻ ഇവിടെ പ്രവർത്തിച്ചത്. തപസ്സ് ചെയ്യുന്നതിന് ശൂദ്രന് അധികാരമില്ലെന്ന ഒരൊറ്റക്കാരണം കൊണ്ടാണ് അദ്ദേഹം മറ്റൊന്നും പരിഗണിക്കാതെ ശംബൂകനെ നിഷ്ഠുരമായി കൊന്നത്.മാത്രമല്ല, എന്തിനാണിത് ചെയ്യുന്നത്? വേറെ ഒരാളുടെ ജീവൻ രക്ഷിക്കാൻ. അതായത് തപസ്വിയായ ശൂദ്രന്റെ ജീവനെക്കാളും ഇവിടെ മൂല്യമേകുന്നത് ബ്രാഹ്മണകുമാരന്റെ ജീവനാണ്.

ഇതേക്കുറിച്ചാണ് നാരായണഗുരുവും “ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലയോ?” എന്ന് ചോദിച്ചത്.

കുറെ ക്രിമിനലുകൾ ചേർന്ന് ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാഷ്ട്രീയ അധികാരം ഉപയോഗിച്ച് അമ്പലം പണിതശേഷം ഇന്ന് നടത്തുന്ന ആരുടെയോ പ്രാണപ്രതിഷ്ഠയ്ക്ക് വിളക്കുതെളിക്കാനും ജയ്‌ശ്രീറാം വിളിക്കാനും അതിൽ അഭിമാനം കൊള്ളാനുമൊക്കെ നടക്കുന്ന നടേശാനന്ദനും പുത്രനും ആരുടെ ശ്രീനാരായണ ധർമ്മമാണാവോ പരിപാലിച്ചുകൊണ്ടിരിക്കുന്നത്? ഇത് ഗുരു നിന്ദയാണ്.

കൂടാതെ നാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിക്കുമ്പോൾ ആ കല്ലും കയ്യിൽ പിടിച്ചു കരഞ്ഞുകൊണ്ട് എന്താണ് പറഞ്ഞതെന്ന് നടരാജഗുരുവിൻറെ ‘The word of the Guru’ വിൽ ഇൻവെർട്ടഡ് കോമയിൽ ചേർത്തിട്ടുണ്ട്. (സിംഗിൾ ഇൻവെർട്ടഡ് കോമ അല്ല. അതായത് ഗുരുവിൻറെ വാക്കുകൾ അതേവഴി ചേർത്തിരിക്കുകയാണ്.) ഒരു വേദമന്ത്രവുമല്ല ഉച്ചരിച്ചത്. അദ്ദേഹം നെയ്യാറിലെ ശങ്കരൻ കുഴിയിൽനിന്നും മുങ്ങിയെടുത്ത കല്ലിലേക്ക് താന്ത്രിക വിധിപ്രകാരം ഒരു ദൈവത്തേയും ആവഹിച്ച് കയറ്റുകയായിരുന്നില്ല. ഒരു പ്രാണപ്രതിഷ്ഠയുമല്ല നടത്തിയത്. നിൻറെയൊക്കെ പ്രാണനെ വീണ്ടെടുക്കുന്നതിനെക്കുറിച്ചോർത്ത് വിലപിച്ചുകൊണ്ടാണ് അദ്ദേഹം പ്രതിഷ്ഠിച്ചതെന്ന് നടേശാനന്ദനും പുത്രനും അനുചരന്മാരും മനസിലാക്കിയാൽ കൊള്ളാം.

ഇവനൊക്കെ മനസിലാക്കിയാലും ഇല്ലെങ്കിലും അരുവിപ്പുറത്തെ ശ്രീനാരായണൻറെ ധിക്കാര പ്രതിഷ്ഠയ്ക്ക് അപ്പുറം ഒരു രാമനും കൃഷ്ണനുമില്ല നമുക്ക്.
രാവണാ കി ജയ്…