Sun. Feb 25th, 2024

ദിസ്പൂര്‍: അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു. മടങ്ങിപ്പോകാതെ രാഹുലും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണം എന്താണെന്നു രാഹുല്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും അധികൃതര്‍ മറുപടി നല്‍കിയില്ല.

ശ്രീശ്രീ ശങ്കര്‍ദേവന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും 17 കിലോമീറ്റര്‍ അകലെ പോലീസ് തടഞ്ഞത്. അയോധ്യയില്‍ ക്ഷേത്ര പ്രതിഷ്ഠാ സമയത്ത് അസമിലെ ബട്ടദ്ര ലവക്ഷേത്രം സന്ദര്‍ശിക്കുമെന്നു രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.

പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം മാത്രമേ പ്രവേശിപ്പിക്കൂവെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്. എന്നാല്‍ ഇന്ന് ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവൂവെന്നു രാഹുല്‍ പ്രധാനമന്ത്രിയെ പരാമര്‍ശിച്ചുകൊണ്ടു പ്രതികരിച്ചു. പ്രതിഷേധത്തിനു ശേഷം രാഹുല്‍ തന്റെ യാത്ര പുനരാരംഭിച്ചു.