Wed. Feb 28th, 2024

✍️ ലിബി.സി.എസ്

നടേശ കുരുവിനും ഈഴവമ്പൂരികൾക്കും ഓർമ്മയുണ്ടോ ഈ സമരം? കേരളത്തിലെ പ്രശസ്തമായ രാമൻറെ അമ്പലത്തിൽ എസ്‌എൻഡിപി നടത്തിയ സമരമാണ്. നാരായണഗുരുവിനെപ്പറ്റിയുള്ള ‘ഗുരുദേവ മാഹാത്മ്യം’ കഥകളി വിലക്കിയതിനെതിരെ നടേശ കുരുവിന്റെ നേതൃത്വത്തിൽ എസ്എൻഡിപി നടത്തിയ സമരമാണിത്. ബ്രഹ്മണ്യ ആചാരങ്ങൾക്കുമുന്നിൽ പരാജയപ്പെട്ട സമരം!

 

ദൈവീകമല്ലാത്ത നളചരിതം കഥ അമ്പലത്തില്‍ കഥകളിയായി അവതരിപ്പിക്കുകയും ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണത്തിന് പോലും അനുമതി നല്‍കുകയും ചെയ്തവരാണ് ശ്രീനാരയണ ഗുരുവിന് ക്ഷേത്രത്തില്‍ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയത്. ജനാധിപത്യകേരളത്തിൽ മന്ത്രിയോ തന്ത്രിയോ വലുത്?

ക്ഷേത്രം തന്ത്രിയാണ് കഥകളി അവതരണത്തിന് അനുമതി നിഷേധിച്ചത്. ദേവസ്വം ബോർഡ് അല്ല. തന്ത്രിയുടെ തീരുമാനത്തിനെതിരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരും പറഞ്ഞത്. കഥകളിക്ക് അനുമതി നിഷേധിച്ചതില്‍ ജാതി ചിന്തയാണ് പ്രശ്‌നം എന്ന് ദേവസ്വം ബോർഡിനും വ്യക്തമായതാണ്. ജാതിയില്‍ താഴ്ന്നവരുടെ കഥ അമ്പലത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന രീതിയില്‍ ആണ് തന്ത്രി സംസാരിച്ചത്. അതിന് വിലക്കേർപ്പെടുത്തിയവർ ഇന്ന് പറയുകയാണ് ഹിന്ദു ഒന്നാണെന്ന്. ഞങ്ങടെ രാമന് നിങ്ങൾ വിളക്ക് കത്തിച്ചു ജൈയ് വിളിച്ച് ആത്മാഭിമാനം ഉയർത്താക്കോളൂ എന്ന്. അതിൽപ്പരം ആത്മാഭിമാനമില്ലാത്ത പ്രവർത്തി വേറൊന്നുമില്ല!

കേരളീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി ഇലവുംതിട്ട മൂലൂർ സ്മാരകത്തിലായിരുന്നു ആദ്യം അരങ്ങേറിയത്. തൃപ്രയാർ ശ്രീരാമ ക്ഷേത്ര അങ്കണത്തിൽ അനുമതി നിഷേധിക്കപ്പെടുകയും, നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഗുരുദേവ മാഹാത്മ്യം കഥകളിക്ക് ദേവസ്വം ബോർഡുകളുടേത് ഉൾപ്പെടെയുള്ള സവർണ്ണ ക്ഷേത്രങ്ങളിലെല്ലാം അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് അവർണ്ണക്ഷേത്രങ്ങളിലും ചില സാംസ്കാരിക പരിപാടികളിലും മാത്രം ഈ കഥകളി അവതരിപ്പിക്കപ്പെടുകയായിരുന്നു.



ശ്രീനാരായണ ഗുരുവിൻറെ അരുവിപ്പുറം പ്രതിഷ്ഠവരെയുള്ള ഭാഗങ്ങളാണ് കഥകളിരൂപത്തിലാക്കിയത്. ബ്രഹ്മണ്യത്തെ ചോദ്യംചെയ്‌തുകൊണ്ട് ശ്രീനാരായണൻ നടത്തിയ അരുവിപ്പുത്തെ ശിവപ്രതിഷ്ഠയെ ബ്രാഹ്മണന് ഉൾകൊള്ളാൻ പറ്റുന്നതെങ്ങനെ? പിന്നെങ്ങനെയാണ് അതിനെ മഹത്വവൽക്കരിക്കുന്ന ഒരു സവർണ്ണ കലാരൂപം അവർക്ക് അംഗീകരിക്കാൻ കഴിയുക? ശ്രീനാരായണഗുരുവിലൂടെ കഥകളിയെ അശുദ്ധമാക്കി എന്നതായിരുന്നു അവരുടെ മനോഭാവം.

നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്. കേരളചരിത്രം പശ്ചാത്തലമാക്കി ഇന്നു വരെ കണ്ട യുഗപ്രഭാവന്മാരിലൊരാളെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോൾ അന്നുവരെ പുരാണകഥകളും അതിലെ കഥാപാത്രങ്ങളെയും മാത്രം കണ്ടു ശീലിച്ച ബ്രാഹ്മണൻ അവിടെയും ആചാരലംഘന പ്രശ്നവുമായി വന്നു. നാരായണ ഗുരു ദൈവമല്ല മനുഷ്യനാണ്. ദൈവത്തിൻറെ കഥമാത്രമേ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കാൻ പാടുള്ളുവത്രേ. എന്താണാവോ ഈ ദൈവത്തിന്റെ ലക്ഷണങ്ങൾ?

ഇവരുടെ ദൈവം ജാതി ചോദിക്കുന്നവനും ആ മഹാ മനുഷ്യൻ ജാതി ചോദിക്കരുതെന്ന് പറയുന്നവനുമായിരുന്നു എന്നും ഈ രാമൻ നമ്മുടേതല്ലെന്നും നടേശകുരുവിനും അനുയായികൾക്കും അന്നും മനസിലായിട്ടില്ല ഇന്നും മനസിലായിട്ടില്ല.