Sat. Mar 2nd, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖല വലിയതോതില്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ ദുഷിച്ച ചില പ്രവണതകളും ഉടലെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതയെ മുഴുവന്‍ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയുടെ വിഷയത്തില്‍ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്നും കര്‍ക്കശമായ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയുടെ വളര്‍ച്ച അഭൂതപൂര്‍വമാണ്. ഈ വളര്‍ച്ചയില്‍ വല്ലാത അസൂയ പൂണ്ട് കഴിയുന്നവര്‍ ഉണ്ട്. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തില്‍ തീര്‍ത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. കര്‍ക്കശമായ നടപടികളുമായി സര്‍ക്കാരും വകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും മുന്നോട്ട് പോയി. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ വന്ന് എല്ലാം പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കരുവന്നൂര്‍ സഹകരണ ബേങ്കിന്റെ പേര് പറയാതെ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു. “ഒരു സ്ഥാപനത്തില്‍ തെറ്റായ കാര്യങ്ങള്‍ നടന്നു. സംസ്ഥാന സര്‍ക്കാരും എല്ലാ ഏജന്‍സികളും ഇടപെട്ടു. പുറത്തുനിന്നുള്ള ഏജന്‍സികള്‍ വന്ന് ചെയ്തത് എന്താണ്. ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റവും കൂടുതല്‍ കോട്ടം തട്ടുന്ന രീതിയില്‍ ഇടപെട്ട ഒന്നാം പ്രതിസ്ഥാനത്തിരിക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുകയാണ് ചെയ്തത്. എന്താണ് ഇതിന്റെ ഉദ്ദേശ്യം. തെറ്റുചെയ്ത ആളെ മാപ്പുസാക്ഷിയാക്കി ആരെയാണ് രക്ഷിക്കാന്‍ നോക്കുന്നത്? രാഷ്ട്രീയമായി ചിലരെ തേജോവധം ചെയ്യാനുള്ള പ്രചരണത്തിനുള്ള കരുക്കള്‍ ഇയാളില്‍ നിന്ന് കിട്ടണം. മാപ്പുസാക്ഷിയാകുന്നത് അതിന്റെ ഭാഗമല്ലേ”യെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന സഹകരണ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.