Wed. Feb 21st, 2024

കോട്ടയം: സിപിഐ(എം) അംഗവും, വാകത്താനം മുൻപഞ്ചാത്ത് മെമ്പറും, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും, യുക്തിവാദിയുമായിരുന്ന ജോസി പി.പോൾ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം നാളെ (21/01/ 24) ഉച്ചക്ക് 12 മണിക്ക് വാകത്താനം ഞാലിയാകുഴിയിലെ സ്വഗൃഹമായ ‘മൈത്രി’ യിൽ നടക്കും. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചു. നാളെ രാവിലെ വാകത്താനം പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും.

ഒരു കേവല യുക്തിവാദി എന്നതിനപ്പുറം ഉറച്ച നിലപാടുകളുള്ള ഒരു കമ്യൂണിസ്റ്റുകാരിയും കരുത്തയായ ഒരു വനിതാ ആക്ടിവിസ്റ്റുമായിരുന്നു ജോസി പി.പോൾ. ‘കില’ യുടെ റിസോഴ്സ് പേഴ്സൺ ആയിരുന്നു. നിലവിൽ കർഷക സംഘം ഏരിയ കമ്മറ്റി അംഗം, സി. പി.എം മണികണ്ഠപുരം ബ്രാഞ്ച് അംഗം, പ്രോഗ്രസ്സീവ് ലൈബ്രറി വാകത്താനം ഭരണ സമതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.

യുക്തിവാദി സംഘം അമൃതാന്ദമയി മഠത്തിലേക്കു നടത്തിയ മാർച്ചിൽ ഉൾപ്പെടെ നിരവധി സമരമുഖങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രമുഖ യുക്തിവാദി നേതാവ് അഡ്വ. രാജഗോപാൽ വാകത്താനത്തിന്റെ ജീവിത പങ്കാളി ആയിരുന്നു. അഡ്വ. മനിത മൈത്രി, മനുജ മൈത്രി എന്നിവർ മക്കളാണ്. തികച്ചും യാഥാസ്ഥിതികമായ ഒരു കുടുംബ സാഹചര്യത്തിൽനിന്നും റിബൽ ആയി മാറിയ ആളാണ് ജോസി പോൾ.