Sun. Feb 25th, 2024

കൊച്ചി: കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാലായിരം കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐ ഒ സിയുടെ എല്‍ പി ജി ഇറക്കുമതി ടെര്‍മിനലുമടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ സാധിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ആഗോള വ്യാപാരത്തിലും ഇന്ത്യക്ക് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണു ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.



4,000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളിലൂടെ 4,000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്നു. രാജ്യത്തിന്റെ പൊതു വികസനത്തില്‍ കേരളം നല്‍കുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്.

ഐ എസ് ആര്‍ ഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായി. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളില്‍ കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയര്‍ത്തുന്നതില്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായി. കൊച്ചി വാട്ടര്‍ മെട്രോയെ തേടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളുമെത്തുന്നുവെന്നതും ശ്രദ്ധേയമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.