Fri. Mar 1st, 2024

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തിയ മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് കാറില്‍ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്കാണ് എത്തിയത്. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ ആയി നീങ്ങുകയായായിരുന്നു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം.

ഒന്നര കിലോമീറ്ററോളം ദൂരമായിരുന്നു റോഡ് ഷോ. റോഡിനിരുവശവും തടിച്ചുകൂടിയ ബിജെപി പ്രൂവർത്തകർ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. നിരവധി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ കൊച്ചിയിൽ എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രധാനമന്ത്രിക്ക് ഒപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ഇന്ന് കൊച്ചിയിൽ മറ്റു പരിപാടികളില്ലായിരുന്നു.

നാളെ രാവിലെ ആറരയോടെ മോദി നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗുരുവായൂരില്‍ നിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. ഇതിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.