Wed. Feb 21st, 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരസ്ഥാനത്തിരിക്കുന്നവർ തന്നെ യുക്തിരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്തിയെടുക്കാനാകില്ല. ശാസ്ത്രം ശാസ്ത്രത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തോന്നയ്‌ക്കൽ ബയോ ലൈഫ് സയൻസസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ലോക്ഡൗൺ സമയത്തു ജനങ്ങളോടു പാത്രം കൊട്ടാനും മറ്റും പ്രധാനമന്ത്രി നിർദേശിച്ചതു സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

‘‘ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാനുള്ള ശ്രമങ്ങൾ ചില അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കേരളത്തിൽ വേരോടാത്തത് പണ്ടുമുതൽ തന്നെ നിഷ്കർഷത വച്ചതിനാലാണ്.



ദൈവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്. ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ഉയരേണ്ടതെന്ന ഉത്ബോധനം ഉണ്ടായ നാടാണിത്. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആൾദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ജനകീയ കല പോലെ ശാസ്ത്രത്തെയും പ്രചരിപ്പിക്കണം. ശാസ്ത്രം കൊള്ളലാഭത്തിനുള്ള ഉപാധിയാകരുത്. ശാസ്ത്രീയ അടിത്തറയുള്ളതു കൊണ്ടാണ് വിദ്വേഷ രാഷ്ട്രീയം കേരളത്തിലോടാത്തത്. ഉത്തരവാദപ്പെട്ടവർ ശാസ്ത്ര വിരുദ്ധത പറയുകയാണ്. മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്ന് പ്രചരിപ്പിക്കുന്ന ഇതിന്റെ ഫലം പാരതന്ത്ര്യമാണ്’’– മുഖ്യമന്ത്രി വ്യക്തമാക്കി.