Sat. Mar 2nd, 2024

ന്യൂഡല്‍ഹി: ഇന്ത്യമുന്നണിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. നിതീഷ് മുന്നണിയുടെ കണ്‍വീനറാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, യോഗത്തില്‍ നിതീഷ് പദവി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇന്ത്യമുന്നണിയിലെ പ്രധാന നേതാക്കള്‍ ശനിയാഴ്ച നിര്‍ണായകയോഗം ചേര്‍ന്നത്.

അതേ സമയം സീറ്റ് വിഭജന ചര്‍ച്ചകളില്‍ മുന്നണിയിലെ ഘടകകക്ഷികളോട് വിട്ടുവീഴ്ച്ച ചെയ്യാന്‍ കോണ്‍ഗ്രസില്‍ നേരത്തെ ധാരണയായിരുന്നു.ഓണ്‍ലൈന്‍ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇവരെ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ മമത നേതൃത്വത്തെ അറിയിച്ചിരുന്നു. യോഗം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന നിര്‍ദേശം തൃണമൂല്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും മറ്റ് പാര്‍ട്ടികള്‍ അസൗകര്യം അറിയിക്കുകയായിരുന്നു.അതേ സമയം മമതയുടെ അസാന്നിധ്യം ചര്‍ച്ചയാക്കുകയാണ് ബിജെപി.

ലോക്സഭാ തിരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും സീറ്റ് വിഭജന ിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല .ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യാമുന്നണി.