Sat. Mar 2nd, 2024

ആലപ്പുഴ: ചാരുംമൂട്ടില്‍ നിന്ന് അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം അറസ്റ്റില്‍.ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നിന്നാണ് 8.114 കിലോ കഞ്ചാവുമായി സംഘത്തെ പിടികൂടിയത്. മലപ്പുറം പെരിന്തല്‍മണ്ണ രാമപുരത്ത് നെല്ലിശ്ശേരി വീട്ടില്‍ അബ്ദുള്‍ ലത്തീഫ്(35), മാവേലിക്കര വള്ളിക്കുന്നം കടുവിനാല്‍ സുമേഷ് ഭവനില്‍ സുമേഷ്‌കുമാര്‍(46), അടൂര്‍പള്ളിക്കല്‍ പഴങ്കുളം പന്ത്രാക്കുഴി വീട്ടില്‍ ഷാഹുല്‍ ജമാല്‍ എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയായ പി കെ ഖാന്റെ(ഷൈജു ഖാന്‍) ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടില്‍ നിന്നാണ് സംഘം പിടിയിലായത്.



പത്തനംതിട്ട എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ബൈജു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അബ്ദുള്‍ ലത്തീഫ് നിരവധി മയക്കുമരുന്ന് കേസിലും സുമേഷ് കൊലപാതക കേസിലും പ്രതികളായിട്ടുണ്ട്.ഷാഹുല്‍ ജമാല്‍, ഷൈജു ഖാന്റെ സഹായിയാണ്.

പ്രതികളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷ്,പ്രിവന്റീവ് ഓഫീസര്‍ എന്‍.പ്രസന്നന്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ എം.റെനി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.ആര്‍ റഹീം,എസ് ദിലീഷ്,എസ് സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജീന വില്യംസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.