Sat. Mar 2nd, 2024

തൃശൂർ: ഭാരതത്തിലെ സന്യാസ വിശ്വാസം പൊളിച്ചെഴുതിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് ശിവഗിരി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ധർമ്മസംഘം ട്രസ്റ്റിന്റെ സ്ഥാപക ദിനം കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

വൈദികമോ, ലൗകികമോ ആയ യാതൊരു കർമ്മവും സന്യാസിക്കില്ലെന്നാണ് പരമ്പരാഗത നിർവചനം. ഭഗവത് ഗീതയും ഭാരതീയ വേദാന്ത ശാസ്ത്രവും കർമ്മം ഇല്ലെന്ന് പറയുന്നു. എന്നാൽ സന്യാസി, ത്യാഗിയാണെന്നാണ് ഗുരുദേവമാർഗം. പരോപകാരി എന്നായിരുന്നു ശ്രീനാരായണ ഗുരു സന്യാസത്തിന് നൽകിയ പുതിയ നിർവചനമെന്നും സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു.



ആത്മീയതയ്ക്കൊപ്പം ഭൗതികതയും സന്യാസത്തിൽ സമന്വയിപ്പിക്കുകയാണ് ഗുരുദേവൻ ചെയ്തത്. ഇതേസമയം പരമ്പരാഗത സന്യാസത്തിലെ നല്ലവശങ്ങളെ സ്വീകരിക്കുകയും ചെയ്തിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സ്വതന്ത്ര ചിന്തയും അദ്ധ്യാത്മികമാർഗവും ശക്തമായി പ്രചരിപ്പിക്കുന്നത് ധർമ്മ സംഘം ട്രസ്റ്റിന്റെ സന്യാസി സംഘമാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

ശിവഗിരി ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായി. ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവർ പങ്കെടുത്തു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വീനിഷ് തയ്യിൽ സ്വാഗതവും ജിനേഷ് നന്ദിയും പറഞ്ഞു. ധർമ സംഘം ട്രസ്റ്റ് തുടക്കം കുറിച്ച കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിന് സമീപമുള്ള പ്ലവിൻചുവട്ടിൽ സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ചു. പർണശാലയിൽ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പരിപാടിയുടെ തുടക്കം. ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.