Wed. Feb 21st, 2024

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്.

പ്രജികുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി. റോയ് വധക്കേസിലെ വിചാരണക്കിടെയാണു കൂറുമാറ്റം.



ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറു പേരാണു ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതു കൊലപാതകമാണെന്ന സൂചന 2019ലാണു പുറത്തുവന്നത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ റിട്ട. അധ്യാപിക അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചതായിരുന്നു ആദ്യത്തെ സംഭവം.

പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും കൊലപാതകമാണെന്നു കണ്ടെത്തിയത്.