Sun. Feb 25th, 2024

✍️ ലിബി. സി.എസ്

ശ്രീ മന്നത്തു പത്മനാഭൻ ഈഴവർക്കെതിരെയും പുലയർക്കെതിരെയും നടത്തിയ വംശീയ പരാമർശങ്ങൾക്ക് മറുപടിയായി ആർ. ശങ്കർ മന്നത്തിനെ തിരിച്ചു തന്തയ്ക്ക് വിളിച്ചു എന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ കളവാണ്. അത് 2018 ലെ നവോത്ഥാന തള്ളുകാലത്ത് ആരോ പടച്ചു വിട്ടതാണ്. അദ്ദേഹം അങ്ങനെ തിരിച്ചെവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ചരിത്രം പരിശോധിച്ചാൽ ശങ്കറിനെ പോലുള്ള ഏത് ഈഴവനും അതർഹിക്കുന്നു എന്നതാണ് വാസ്തവം. ആർ. ശങ്കറിന്റെ കാലത്ത് എസ്എൻഡിപിക്ക് കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിച്ചിട്ടുണ്ട് എന്നത് വാസ്തവമാണെങ്കിലും ശ്രീനാരായണ പ്രസ്ഥാനങ്ങളെ ഹിന്ദുത്വപാളയത്തിൽ കൊണ്ടുപോയി തളച്ചതും ഈ മഹാനാണ്. അല്ലാതെ വെള്ളാപ്പള്ളിയുടെ കാലത്ത് തുടങ്ങിയത് അല്ല ഇത്. മന്നം ശങ്കറിനെ ചതിച്ചതാണ്.

ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കൊല്ലം എസ് എൻ കോളേജ് ലെ ആർ.ശങ്കർ പ്രതിമ അനാച്ഛാദന വേളയിൽ മോദി നടത്തിയ പ്രസംഗത്തിൻറെ പേരിൽ കോൺഗ്രസുകാരും സഖാക്കളും ഉറഞ്ഞുതുള്ളിയത് ഓർക്കുന്നോ? വാസ്തവത്തിൽ മോദി പറഞ്ഞതായിരുന്നു സത്യം. അന്നും ഇപ്പോൾ മന്നത്തിനെതിരെയുളള ആരോപണങ്ങൾ വ്യാജമാണെന്ന് സംഘികളും കരയോഗ നായന്മാരും പ്രചരിപ്പിക്കുന്നതുപോലെ അന്ന് കോൺഗ്രസുകാരും സഖാക്കളും മോദി പറഞ്ഞത് വ്യാജമാണെന്നും പ്രചരിപ്പിച്ചിരുന്നു. ഈ രണ്ട് മഹാന്മാരും അത്ര വെടിപ്പ് ടീം അല്ല.

കോൺഗ്രസിൽ ഹിന്ദുമത തീവ്രവാദം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർ പണ്ടേ ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ അന്ന് ഇത് അനുവദിച്ചിരുന്നില്ല. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഗുണങ്ങളില്ലാത്ത യഥേഷ്ടം ഹിന്ദുമത തീവ്രവാദം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ പ്രസ്ഥാനത്തില്‍ നിന്നും പണ്ടേയ്ക്ക് പണ്ടേ പടിയടച്ചിറക്കിയ ആളാണ് ശങ്കർ. ആര്‍എസ്എസുമായും ജനസംഘവുമായും ശങ്കറിനുണ്ടായിരുന്ന ബന്ധം വെളിവാക്കുന്ന നിരവധി കാര്യങ്ങളാണ് ഉള്ളത്. മോദിയുടെ പ്രസംഗം കേട്ടിട്ട് അതിന് ‘തെളിവ് താ’ എന്ന് നിലവിളിച്ച കോണ്‍ഗ്രസുകാര്‍ പുസ്തകം വായിക്കുന്നവരാണെങ്കില്‍ അത് മനസിലാക്കാം. ആര്‍ ശങ്കറുമായി ശ്യാമപ്രസാദ് മുഖര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് നരേന്ദ്ര മോഡി പറഞ്ഞപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും തട്ടുപ്രസംഗങ്ങളിലും ഉറഞ്ഞുതുള്ളിയവര്‍ മുഴുവന്‍ കഥയറിഞ്ഞാല്‍ തലയില്‍ മുണ്ടിട്ടേ വീട്ടിൽ പോകൂ.തിരുവിതാംകൂറിലെ കോണ്‍ഗ്രസിനെക്കുറിച്ച് എന്‍എസ്എസിന് ഉണ്ടായിരുന്ന അഭിപ്രായം ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്നായിരുന്നു. ജനങ്ങളെ ഒരുമിപ്പിക്കാന്‍ ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത് ശങ്കറും മന്നവും ചേര്‍ന്നായിരുന്നു. എല്ലാവരെയും ഒരുമിപ്പിക്കാന്‍ എന്‍എസ്എസും എസ്എന്‍ഡിപിയും പിരിച്ചുവിടണമെന്ന് ഇരു നേതാക്കളും ആലോചിക്കുകയും ഹിന്ദുക്കളുടെ ഐക്യത്തിന് വിഘാതം എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പ്രവര്‍ത്തനമാണെന്ന് മന്നം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രസംഗിക്കുകയും എന്‍എസ്എസും എസ്എന്‍ഡിപിയും പിരിച്ചുവിട്ട് രണ്ട് സംഘടനകളുടെയും സ്ഥാവരജംഗമ സ്വത്തുക്കള്‍ ഹിന്ദുമഹാമണ്ഡലത്തിന്റേതാക്കാന്‍ ഇരുസംഘടനകളും പ്രമേയം പാസാക്കുകയും ചെയ്തു. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും വകയായുള്ള കോളേജുകളുടെ ഭരണത്തിന് ഇരുസംഘടനകളുടെയും ബോര്‍ഡ് നിശ്ചയപ്രകാരം എസ്എന്‍ഡിപി കോളേജിന്റെ മാനേജിംഗ് കമ്മിറ്റിയിലേക്ക് കളത്തില്‍ വേലായുധന്‍ നായരെയും എംപി മന്മഥനെയും തിരഞ്ഞെടുക്കുകയും എന്‍എസ്എസ് കോളേജുകളുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് കണ്ണാറ ഗോപാലപ്പണിക്കരെയും ആര്‍ ശങ്കറെയും തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഈ ലയന ശ്രമത്തെ എസ്എന്‍ഡിപി യോഗത്തിന്റെ 47 ആം വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ ശങ്കര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെച്ചേര്‍ക്കുന്നു.

‘…ഹൈന്ദവരുടെ ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് അവര്‍ അവരുടെ സ്വന്തം ശക്തിയെ അവലംബിക്കേണ്ടിയിരിക്കുന്നു. ഹിന്ദുക്കള്‍ പലവിഭാഗങ്ങളിലായി നില്‍ക്കുന്നിടത്തോളം കാലം അവരുടെ ദൗര്‍ബല്യങ്ങളും അവശതകളും തുടരുന്നതാണ്. അതിനാല്‍ ഹൈന്ദവരുടെ ഏകീകരണം അനുപേക്ഷണീയമായ ഒരു അടിയന്തിര കാര്യമാണ്. കഴിഞ്ഞ വാര്‍ഷിക സമ്മേളനം പാസാക്കിയ ലയന പ്രമേയം പ്രയോഗത്തില്‍ വരുത്തുന്നതിന് കാലതാമസം വരുമെന്നതിന് സംശയമില്ല. വളരെ സ്വത്തുക്കളും സ്ഥാപനങ്ങളുമുള്ള ഘടകങ്ങളെ ലയിപ്പിക്കത്തക്ക സ്വഭാവത്തോടുകൂടിയ ഒരു ഭരണഘടന ഹിന്ദുമഹാമണ്ഡലത്തിന് ഉണ്ടാവുകയും അതിന്റെ സംഘടന രാജ്യവ്യാപകമാകുകയും ചെയ്ത ശേഷമേ ലയനം സംബന്ധിച്ച വിശദാംശങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ തരമുള്ളൂ. അപ്രകാരം ഹിന്ദുമഹാമണ്ഡലത്തിന്റെ ഭരണഘടന പരിഷ്‌കരിക്കാന്‍ നടപടികള്‍ എടുത്തുവരികയാണ്. ഇന്നത്തെ നിലയില്‍ ചെയ്യാവുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള യൂണിയനുകളുടെയും ശാഖകളുടെയും ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്തി വരികയാണ്. എന്‍എസ്എസും അപ്രകാരം ചെയ്തു വരികയാണ്. എന്‍എസ്എസിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും വകയായുള്ള കോളേജുകളുടെ ഭരണത്തിന് ഒരു ഏകീകരണം വരുത്തുന്നതിലേക്കായി ഈ സംഘടനകളുടെ ഡയറക്ടര്‍ബോര്‍ഡ് നിശ്ചയ പ്രകാരം രണ്ട് പ്രതിനിധികളെ വീതം അവയുടെ മാനേജിംഗ് കമ്മിറ്റികളിലേക്ക് എടുത്തിട്ടുണ്ട്. അങ്ങനെ നമ്മുടെ കോളേജുകളുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് കളത്തില്‍ വേലായുധന്‍ നായരും എംപി മന്മഥനും അംഗങ്ങളായി തീര്‍ന്നിരിക്കുന്നു. അതുപോലെ എന്‍എസ്എസ് കോളേജുകളുടെ മാനേജിംഗ് കമ്മിറ്റിയില്‍ കണ്ണറ ഗോപാലപ്പണിക്കരും ഞാനും അംഗങ്ങളാണ്…’അതേസമയം ലയനം ഇത്രയധികം പുരോഗമിച്ചെങ്കിലും അന്ന് ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചില്ല. കെ കേളപ്പനും മന്നത്ത് പത്മനാഭനും എംപി മന്മഥനുമെല്ലാം ജാതിപ്പേര് ഉപേക്ഷിച്ചത് വാസ്തവത്തില്‍ ഇതിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് എന്‍എസ്എസ് ചരിത്രം വാല്യം 2 വായിച്ചാല്‍ മനസിലാകും. ഹിന്ദു മഹാമണ്ഡലത്തിന്റെ ഭാഗമായി രൂപീകരിച്ച ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ കൂടി നേടിയത് എഐസിസിയെ വരെ ഞെട്ടിച്ചിരുന്നു. ഇങ്ങനെ തരംപോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിയവരാണ് ശങ്കറും മന്നവും. ഇതിന്റെ ഒരു തനിയാവര്‍ത്തനമാണ് നടേശന്‍ മുതലാളിയും മകനും കൂടി ഇപ്പോൾ നടത്തുന്നത്.

1949-50 കാലത്ത് ഹിന്ദുമഹാമണ്ഡല രൂപീകരണത്തിന് ശ്രമം നടക്കവേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതില്‍ സജീവമാകണമെന്ന് ആര്‍ ശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രചാരകന്‍ ആയിരുന്നു പി മാധവന്‍ ആണ് ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇപ്പോള്‍ നരേന്ദ്ര മോഡിയും പണ്ട് എബി വാജ്‌പേയിയും പ്രസംഗിച്ച ഇതേ എസ്എന്‍ കോളേജിന്റെ മൈതാനത്തുവച്ചാണ് അന്ന് ഹിന്ദുമഹാമണ്ഡലത്തിന്റെ കണ്‍വെന്‍ഷനും നടന്നത്. ആ കണ്‍വെന്‍ഷനിലേക്ക് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെയായിരുന്നു മന്നശങ്കരന്മാര്‍ ക്ഷണിച്ചിരുന്നത്. ശ്യാമപ്രസാദ് മുഖര്‍ജി പങ്കെടുക്കാമെന്ന് സമ്മതിച്ചതും പ്രോഗ്രാം നോട്ടീസ് വരെ ഇറക്കിയതുമാണ്. പക്ഷെ പെട്ടെന്നുണ്ടായ ചില അസൗകര്യങ്ങള്‍ മൂലം പികെ ആത്രേയയെ ആ സമ്മേളനത്തിലേക്ക് അയച്ചതും ശ്യാമപ്രസാദ് മുഖര്‍ജിയാണ്. നരേന്ദ്ര മോഡിയെ പോലെ പികെ ആത്രേയയും എസ്എന്‍ കോളേജില്‍ പ്രസംഗിച്ചിട്ടുണ്ട് എന്നതും ചരിത്രമാണ്. അന്ന് മോദി പോയപുറകേ ചാണകം തളിക്കാന്‍ പോയ കെഎസ്‌യുക്കാര്‍ ഇതേ ശങ്കരനെയാണ് തങ്ങളുടെ മൂത്ത കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയാക്കിയതെന്ന് അറിയണമെങ്കില്‍ പുസ്തകം വായിക്കണം.

ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് കിഴക്കന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ അന്ന് നേരിട്ടിരുന്ന അതിഭീകരമായ ആക്രമണങ്ങള്‍ മൂലം ആയിരക്കണക്കിനാളുകള്‍ മരിക്കുകയും 20 ലക്ഷത്തോളം പേര്‍ പശ്ചിമബംഗാളിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നു. വിഭജന കാലത്തെ വാഗ്ദാനമനുസരിച്ച് ഇവരുടെയും കിഴക്കന്‍ പാകിസ്ഥാനില്‍ കഴിയുന്ന ഹിന്ദുക്കളുടെയും സംരക്ഷണം ഭാരതം ഏറ്റെടുക്കണമെന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആവശ്യം പ്രധാനമന്ത്രി നെഹ്രു അംഗീകരിച്ചില്ല. പകരം പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനുമായി ഉടമ്പടിയുണ്ടാക്കി ഇങ്ങോട്ട് പലായനം ചെയ്ത 20 ലക്ഷം പേരെയും തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാക്കിയതില്‍ പ്രതിഷേധിച്ച് മുഖര്‍ജി കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ആര്‍എസ്എസിലേക്കും ജനസംഘ രൂപീകരണത്തിലേക്കും എത്തിപ്പെടുന്നത്. ശ്യാമപ്രസാദ് മുഖര്‍ജിക്ക് പകരം പികെ ആത്രേയ പങ്കെടുത്ത ഹിന്ദുമഹാമണ്ഡല കണ്‍വെന്‍ഷനില്‍ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടുമിട്ട ആര്‍എസ്എസ് വാളണ്ടിയര്‍മാരായിരുന്നു എന്നത് എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് മനസിലാകും.രണ്ട് വര്‍ഷം കഴിഞ്ഞ് ആര്‍എസ്എസിന്റെ തലതൊട്ടപ്പന്‍ വിചാരധാരയുടെ കര്‍ത്താവ് സാക്ഷാല്‍ ഗുരുജി ഗോള്‍വര്‍ക്കര്‍ തിരുവനന്തപുരം സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന വഴിക്ക് ഹിന്ദുമഹാമണ്ഡല നേതാക്കളായ മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും കൂടി കൊല്ലത്തെ എസ്എന്‍ഡിപി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി സ്വീകരണം നല്‍കിയിരുന്നു.

അതുംകൂടാതെ 1952 ഡിസംബറില്‍ അന്നത്തെ തിരുകൊച്ചി സംസ്ഥാനം, മധുര, തിരുനെല്‍വേലി ജില്ലകളുടെ മൂന്ന് ദിവസത്തെ ആര്‍എസ്എസ് പഠനശിബിരം നടത്താന്‍ ഇതേ കൊല്ലം എസ്എന്‍ കോളേജ് കെട്ടിടങ്ങളും ആര്‍എസ്എസുകാര്‍ക്ക് കസര്‍ത്ത് നടത്താനായി കോളേജ് ഗ്രൗണ്ടും പത്ത് നയാപൈസ വാടക വാങ്ങാതെ ആര്‍ ശങ്കര്‍ വിട്ടുകൊടുക്കുകയും ശിബിരത്തിന്റെ ആദ്യദിവസം ശങ്കര്‍ അവിടെ ചെല്ലുകയും അവിടുത്തെ മുഖ്യാധികാരി ആര്‍എസ്എസ് ഭാഷയില്‍ സര്‍കാര്യവാഹ് ഭയ്യാജിഭാണിയുമായി സംഭാഷണം നടത്തുകയും ചെയ്തു. മാത്രമല്ല, ആ ശിബിരത്തിന്റെ സമാപന പരിപാടിയിലെ മുഖ്യാതിഥി സാക്ഷാല്‍ മന്നത്ത് പത്മനാഭന്‍ ആയിരുന്നുവെന്നും അറിയണം.

ഹിന്ദുമഹാമണ്ഡല രൂപീകരണത്തെ തുടര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതിന് ശങ്കര്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. 1950ല്‍ നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ഗംഭീര വിജയം നേടി. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിലെ ബാലരാമപുരം രാമന്‍പിള്ളയെയും നെടുമങ്ങാട് എസ്‌ജെ നായരെയും ദയനീയമായി തോല്‍പ്പിച്ച് മന്നശങ്കരന്മാരാണ് കാവിരാഷ്ട്രീയം ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്. ഇങ്ങനെ ഹിന്ദു രാഷ്ട്രീയത്തിന് കേരളത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് പ്രായോഗികമായി ആദ്യം തെളിയിച്ച നേതാവാണ് ശങ്കരന്‍. അല്ലാതെ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവന്ന നേതാവല്ല എന്ന് ഇടതുവലത് നേതാക്കള്‍ മനസിലാക്കുകയും തുറന്ന് പറയുകയുമാണ് വേണ്ടത്.ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നെഹ്രു മന്ത്രിസഭ വിട്ട് പുറത്തുവന്നതിന് ശേഷം പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുള്ള ആലോചനയില്‍ ആയിരുന്നു. 1951ല്‍ ഒരു പാര്‍ലമെന്റ് സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നിരുന്നു. അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ മന്നവും ശങ്കറും ഡിസംബര്‍ 14ന് തിരുവനന്തപുരം റസിഡന്‍സി ഹോട്ടലില്‍ ചെന്ന് ഒരു മണിക്കൂറോളം സംസാരിച്ചതായി മന്നത്തിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നുണ്ട്. ‘1951 ജനുവരി 14ന് കാലത്തെ ആര്‍ ശങ്കറുമൊന്നിച്ച് തിരുവനന്തപുരത്തെ റസിഡന്‍സി ഹോട്ടലില്‍ പോയി ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ട് ഒരു മണിക്കൂര്‍ സംസാരിച്ചു’. പക്ഷെ, എന്താണ് സംസാരിച്ചത് എന്ന് അതില്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മന്നശങ്കരന്മാരുടെ നിലപാടുകളും പരിശോധിക്കുമ്പോള്‍ എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്ന് വ്യക്തമല്ലേ? അതിനടുത്ത മാസം ഭാരതീയ ജനസംഘത്തിന്റെ രൂപീകരണം സംബന്ധിച്ച് മുംബൈയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലേക്ക് ശങ്കറിനെ ക്ഷണിക്കുകയും അദ്ദേഹം അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ആര്‍ ശങ്കര്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയത് സര്‍ദാര്‍ പട്ടേലിന്റെ സ്വാധീനത്താലാണ്. കോണ്‍ഗ്രസില്‍ തുടരുമ്പോഴും ഹൈന്ദവ താല്‍പര്യങ്ങള്‍ക്കായിരുന്നു അദ്ദേഹം പ്രാമുഖ്യം നല്‍കിയിരുന്നത്. അതിന്റെ രക്തസാക്ഷിയായിട്ടാണ് 1964ല്‍ ശങ്കറിന് രാജിവയ്‌ക്കേണ്ടി വന്നതും. നരേന്ദ്ര മോഡി എസ്എന്‍ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ ആകപ്പാടെ സൂചിപ്പിച്ചത് ഹിന്ദുമഹാമണ്ഡലം കണ്‍വെന്‍ഷനിലേക്ക് ശ്യാമപ്രസാദ് മുഖര്‍ജിയെ ശങ്കര്‍ ക്ഷണിച്ചിരുന്നുവെന്നും പെട്ടെന്ന് രോഗബാധിതനായി കിടപ്പിലായതിനാല്‍ മുഖര്‍ജിക്ക് അന്ന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും പിന്നീട് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ ആര്‍ ശങ്കര്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നുവെന്നും മാത്രമാണ്. ഇതില്‍ വാസ്തവത്തിൽ ഇടതനും വലതനും ഉറഞ്ഞു തുള്ളാന്‍ ഒന്നുമില്ലായിരുന്നു. മോദിപറഞ്ഞത് സത്യമാണ്. കോണ്‍ഗ്രസുകാര്‍ ജാള്യത മറയ്ക്കാന്‍ ഉരുണ്ടുകളിച്ചത് മനസിലാക്കാം. വിമോചന സമര നായകന്മാരായ മന്നവും ശങ്കരനും എങ്ങനെയാണ് ഇ പ്പോള്‍ സിപിഐ(എം)കാര്‍ക്ക് മഹാന്മാരായി മാറിയതെന്ന് മനസിലാകുന്നില്ല.

1971ല്‍ ചിറയിന്‍കീഴ് ലോക്‌സഭാ സീറ്റില്‍ ആര്‍ ശങ്കര്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വയലാര്‍ രവിക്ക് വേണ്ടി അന്ന് ഉമ്മന്‍ചാണ്ടി പാര പണിത് ശങ്കരനെ ഒഴിവാക്കിയത് അന്ന് മോദിപറഞ്ഞത് നുണയാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ചിലപ്പോൾ മറന്നതാണെങ്കിലും ഈഴവനായ വയലാര്‍ രവി മറന്നുകാണില്ല.അതുകൊണ്ട് ആർ ശങ്കർഉം അദ്ദേഹത്തെപോലുള്ള സവർണ്ണനാകാൻ വെമ്പി നടക്കുന്ന സകല ഈഴവരും അർഹിക്കുന്ന പ്രസ്താവന തന്നെയാണ് മന്നം നടത്തിയതെങ്കിലും അത് മുഴുവൻ ഈഴവരെയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള ജാത്യാധിക്ഷേപം ആയിപ്പോയി എന്നേയുള്ളൂ. പുലയർക്കെതിരെ പറഞ്ഞത് വിമോചന സമരക്കാലത്താണ്. അന്ന് ഈ പറഞ്ഞ ശങ്കരനും മന്നത്തിനൊപ്പമായിരുന്നു.

”നമ്പൂതിരി മുതല്‍ നായാടി വരെ” എന്നതും വെള്ളാപ്പള്ളിയുടെ ആശയമല്ല. മന്നത്തിന്റേതാണ്. 1949 നവംബറില്‍ കോട്ടയത്ത് നടന്ന ഒരു ഹൈന്ദവ മഹാസമ്മേളനത്തില്‍ ”നമ്പൂതിരി മുതല്‍ നായാടി വരെയുള്ള” എല്ലാ ഹൈന്ദവ വിഭാഗങ്ങളെയും യോജിപ്പിച്ച് ഒരൊറ്റ ഹിന്ദുസമുദായം സൃഷ്ടിക്കുമെന്ന് മന്നം പ്രഖ്യാപിച്ചു. ഈ ആശയമാണ് ഹിന്ദുമഹാമണ്ഡലം എന്ന സംഘടനയായി രൂപം കൊണ്ടത്. ഹിന്ദുമഹാമണ്ഡലം എന്ന സംഘടനയായി രൂപം കൊണ്ടത്. വാസ്തവത്തിൽ പൊതുഖജനാവില്‍ നിന്നും പ്രതിവര്‍ഷം 51 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിനു നല്‍കാനുള്ള തീരുമാനത്തെ ക്രൈസ്തവകേന്ദ്രങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കാനാണ് ദേവസ്വത്തില്‍ ഇന്നും അയിത്തം കല്‍പ്പിക്കപ്പെട്ടിരുന്ന ഈഴവരേയും കൂട്ടി മന്നം ഹിന്ദുമണ്ഡലം രൂപീകരിച്ചത്. കഥയറിയാതെ ആര്‍.ശങ്കര്‍ മന്നത്തിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. 1949 ഡിസംബര്‍ 15ന് കൊല്ലത്തു സമ്മേളിച്ച എസ്എന്‍ഡിപി യോഗം ബോര്‍ഡ് ഹിന്ദു മഹാമണ്ഡല രൂപീകരണത്തെയും ഹൈന്ദവ ഐക്യത്തേയും അനുകൂലിക്കുന്ന പ്രമേയങ്ങള്‍ പാസ്സാക്കി. 1950 ഏപ്രില്‍ നാലിന് മുഖ്യമന്ത്രി ടി.കെ. നാരായണപിള്ള അവതരിപ്പിച്ച ദേവസ്വം ബില്ലില്‍ മന്നവും ശങ്കറും മറ്റ് 12 എം.എല്‍.എമാരും ചേര്‍ന്ന് എതിര്‍ത്ത് വോട്ടു ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ നേരിട്ട് വിളിച്ച് കോണ്‍ഗ്രസ്സിനെ എതിര്‍ക്കരുതെന്ന് അപേക്ഷിച്ചെങ്കിലും മന്നവും ശങ്കറും വഴങ്ങിയില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട മന്നവും ശങ്കറും മറ്റ് 12 എം.എല്‍.എമാരും ചേര്‍ന്ന് നേരത്തേ സൂചിപ്പിച്ച ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരി ക്കുകയായിരുന്നു. 1950 മെയ് 12ന് കൊല്ലത്തു നടന്ന ഹിന്ദു മഹാമണ്ഡലം സമ്മേളനത്തില്‍ രണ്ടുലക്ഷം പേര്‍ അണിനിരന്നു. എന്നാൽ ഹിന്ദു മണ്ഡലത്തിന്റെ മധുവിധു ലഹരി തീരും മുമ്പുതന്നെ 1952ല്‍ കൊട്ടാരക്കരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ശങ്കറെ പരാജയപ്പെടുത്തിയത് മന്നം തന്നെയായിരുന്നു. വീണ്ടും ആര്‍.ശങ്കറെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നത് സർദാർ പട്ടേലാണ്.

ഈഴവർക്കെതിരെ നടത്തിയ ജാത്യാധിക്ഷേപത്തിൽ ആർ. ശങ്കർ മന്നത്തിനെ തിരിച്ചു തന്തയ്ക്ക് വിളിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വാസ്തവമാണോ എന്നറിയില്ല. ഇനിയങ്ങനെ വിളിച്ചിട്ടുണ്ടെങ്കിലും അത് തികച്ചും വ്യക്തിപരമായി മന്നത്തിനെ തിരിച്ചുവിളിച്ചതായി കൂട്ടിയാൽ മതി. അദ്ദേഹം മന്നത്തിനെപ്പോലെ ആ പ്രചരിപ്പിക്കുന്ന വിളിയിൽ നായന്മാരെ എല്ലാം അടച്ചാക്ഷേപിച്ചിട്ടുമില്ല. മറ്റു സമുദായങ്ങളെ ജാത്യാധിക്ഷേപം നടത്തിയിട്ടുള്ള വേറൊരു സമുദായ ആചാര്യനും മന്നത്ത് പദ്മനാഭൻ അല്ലാതെ കേരള ചരിത്രത്തിൽ വേറെയില്ല. സ്വന്തം സമുദായത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ള വേറൊരാളും കേരളത്തിൽ വംശീയ അധിക്ഷേപം മന്നത്തിന് മുൻപും നടത്തിയിട്ടില്ല ശേഷവും നടത്തിയിട്ടില്ല. എന്നാൽ ബാക്കികാര്യങ്ങളിലെല്ലാം മന്നവും ശങ്കരനും ഒരേ തൂവൽ പക്ഷികൾ ആയിരുന്നു.