Sat. Mar 2nd, 2024

✍️ ലിബി. സി.എസ്

ഹിന്ദുത്വവാദികൾ രാഷ്ട്രീയ അധികാരമുപയോഗിച്ച് ബാബറി മസ്ജിദ് തകർത്ത് പുതിയ ക്ഷേത്രം നിർമ്മിച്ച് ഉദ്‌ഘാടിക്കാൻ ഇറങ്ങുമ്പോൾ പള്ളിപൊളിക്കും മുൻപ് ഉളള രാമ ശിലാപൂജയുടെ ഒരു പഴയ കഥ കേരളത്തില്‍ നിന്നും ഓര്‍മ്മിക്കുന്നത് നല്ലതാണ്.

അന്ന് രാമഭക്തന്മാരുടെ കേരള എഡിഷന്‍ സൈന്യം കല്ലുകള്‍ പൂജിക്കുന്നത് വലിയ മത-രാഷ്ട്രീയ സംഭവമാക്കാന്‍ തീരുമാനിച്ചു. 1992 ഡിസംബര്‍ 6-ലെ ആ കറുത്ത ദിനത്തിന്റെ മുന്നൊരുക്കത്തിന് അവര്‍ അന്ന് തെരഞ്ഞെടുത്തത് ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന് ആധാരശിലയിട്ട അരുവിപ്പുറം ക്ഷേത്രത്തിൽ നിന്നായിരുന്നു. അയോധ്യയിൽ കര്‍സേവയ്ക്ക് കൊണ്ടുപോകുന്ന ശിലാപൂജയുടെ കേരളത്തിലെ ഉദ്ഘാടനം അരുവിപ്പുറം ക്ഷേത്രത്തിൽ വെച്ച്‌ നടത്തുമെന്ന് വിശ്വഹിന്ദുപരിക്ഷത്ത് നോട്ടീസടിച്ച് പ്രചരിപ്പിച്ചു. കേരളം മുഴുവൻ പോസ്റ്ററും പതിച്ചു.

പക്ഷേ ‘രാം’ എന്ന് ഹിന്ദിയില്‍ രേഖപ്പെടുത്തിയ കല്ലുമായി അരുവിപ്പുറത്ത് എത്തിയവരെ കാത്തിരുന്നത് നാണക്കേടിന്റെ ഒരു കേരളചരിത്രമാണ്. മരണം വരെ വിവാദങ്ങള്‍ ധാരാളം കൂടെ കൂട്ടിയ സ്വാമി ശാശ്വതീകാനന്ദയുടെ കടുത്ത നിലപാട് വി.എച്ച്.പി-യെ ഞെട്ടിച്ചു. നടന്നത് എന്താണെന്നു സ്വാമി തന്നെ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അതിപ്പ്രകാരം ആണ്.

”ബാബറി മസ്ജിദ് പൊളിക്കാനുള്ള കരസേവന യാത്രയുടെ തുടക്കം “ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന് ഗുരു എഴുതിവെച്ച അരുവിപുറത്തു നിന്നും തുടങ്ങണം എന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ അഭ്യര്‍ത്ഥന അന്നത്തെ ശിവഗിരി മഠം അധിപതി ആയിരുന്ന ഞാന്‍ നിരസിച്ചതോടെ തുടങ്ങിയതാണ്‌ ശിവഗിരി പിടിച്ചെടുക്കാന്‍ സംഘ പരിവാരത്തിന്റെ മാസ്റര്‍ പ്ലാന്‍. അത് രൂപം കൊണ്ടത്‌ അന്നുമുതലാണ്. അന്നുമുതൽ ഒരുപാട് അപവാദങ്ങൾ ഞാൻ കേൾക്കുന്നതാണ്. കേരളത്തിലെ ഹൈന്ദവ വര്‍ഗീയ വാദത്തിനു ശിവഗിരി തടസം ആകുമെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞിരുന്നു” – ഇന്ന് അദ്ദേഹം നമ്മൊടൊപ്പമില്ലെങ്കിലും ഇത് വളരെ ഗൗരവമുള്ള ഒരു സ്റ്റേറ്റ്മെൻറ് ആണ്.

നാനാഭാഗത്ത് നിന്നും കല്ലുമായി അരുവിപ്പുറത്ത് എത്തിയ വി.എച്ച്.പി പ്രവര്‍ത്തകരെ ശാശ്വതീകാനന്ദയുടെ നിര്‍ദ്ദേശ പ്രകാരം ക്ഷേത്ര അധികൃതര്‍ തടഞ്ഞു. വിഷയം അവതരിപ്പിക്കാന്‍ ശിവഗിരിയിലെത്തി സ്വാമിയെ കണ്ടവരെ അദ്ദേഹം നന്നായി ശകാരിച്ചു. ആരുടെ അനുവാദം വാങ്ങിയിട്ടാണ് നിങ്ങള്‍ നാടൊട്ടുക്ക് പോസ്റ്റര്‍ പതിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. ‘മതാതീത ആത്മീയത’ പ്രചരിപ്പിക്കുക എന്ന ഗുരുലക്ഷ്യമാണ് ശിവഗിരി മഠം അനുവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലുമൊരു മതത്തിന്റെ പ്രചരണമല്ലെന്നും സ്വാമി ശാശ്വതീകാനന്ദ തുറന്നടിച്ചു. അവസാനം കർസേവക്ക് ശിലയുമായി പോകാൻ തയ്യാറായി വന്ന വാനരക്കുഞ്ഞുങ്ങൾ അരുവിപ്പുറം ക്ഷേത്രത്തിനു മുന്നിൽ നിന്ന് തീപ്പെട്ടി ഉരച്ചു കത്തിച്ചിട്ടാണ് പോയത്. അല്ലാതെ അരുവിപ്പുറം ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്ന് ദീപം പകരാൻ അദ്ദേഹം അനുവദിച്ചില്ല.

സ്വാമി വഴങ്ങില്ലെന്ന് കണ്ട് ചെറുതായി ഭീഷണിയുടെ സ്വരം എടുത്തപ്പോൾ ‘ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ദൗത്യം ഗുരു ഉയര്‍ത്തിയ ധര്‍മ്മ പ്രചരണമാണെന്നും ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്ക് അരുവിപ്പുറം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് തിരിതെളിയിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും’ ചോദിച്ച സ്വാമി ശാശ്വതീകാന്ദ ‘ഞാൻ ജീവനോടെയുള്ളിടത്തോളം കാലം അത് അനുവദിക്കില്ലെന്നും’ അന്ന് പറഞ്ഞിരുന്നു.

ഇതേ ചോദ്യം ഇന്നും പ്രസക്തമാവുകയാണ്. പക്ഷേ ശ്രീനാരായണഗുരുവിന്റെ പേര് പേറുന്നവരും അന്ന് ശകാരം കേട്ട വി.എച്ച്.പി പരിവാരങ്ങളും ഇന്ന് പുതിയ ബാന്ധവം ഉണ്ടാക്കി തോളോട് തോള്‍ ചേരുന്നു. ശാശ്വതീകാനന്ദയുടെ മരണം ഈ ബാന്ധവത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഘപരിവാരങ്ങൾ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഹൈജാക്ക് ചെയ്യുകയും ചെയ്തിരിക്കുന്നു.

സ്വാമി ശാശ്വതീകാനന്ദയുടെ ഈ ചോദ്യം മാത്രമല്ല; വേറെ ഒരു പ്രസ്താവന കൂടിയുണ്ട്. പുതിയ സംബന്ധക്കാർക്ക് ഓർക്കാൻ. ശ്രീനാരായണ ഗുരുകുലങ്ങളുടെ അന്നത്തെ അധിപന്‍ ഗുരു നിത്യചൈതന്യയതി അന്നു പറഞ്ഞത് ”രാമന്‍ ജനിച്ചത് അയോദ്ധ്യയിലല്ല; വാത്മീകിയുടെ മനസിലാണ്” എന്നാണ്. ആ ഗുരുകുലത്തിൻറെ ഇന്നത്തെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടല്ലോ?

തുഷാർ വെള്ളാപ്പള്ളിജിയും നടേശനാന്ദ ഗുരുവും മറ്റ് ആനന്ദന്മാരും മുനിമാരും ഋഷിമാരും ഇതൊക്കെ ഓര്‍ക്കുന്നില്ലെങ്കിലും നമുക്ക് ഓർമ്മയുണ്ടാകണം.