Fri. Mar 1st, 2024

ഡിസംബർ 25: ഡോ ബി ആർ അംബേദ്ക്കർ മനുസ്മൃതി ചുട്ടെരിച്ച ദിവസം

✍️ ചന്ദ്രപ്രകാശ് എസ് എസ്

“ഞാന്‍ ചാതുര്‍ വര്‍ണ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നില്ല. ജാതീയതയും തൊട്ടുകൂടായ്മയും ഹിന്ദുത്വത്തിന് മുകളില്‍ വീണ ശാപം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഈ ശാപം ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ് ” അനുയായികളോട് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഡോ അംബേദ്ക്കർ1927 ഡിസംബര്‍ 25 ന് ഒരു വലിയ ജനതയെ സാക്ഷിയാക്കി മനുസ്മൃതി ചുട്ടെരിച്ചത്. അന്ന് അംബേദ്കര്‍ക്കൊപ്പം മഹദില്‍ ഒത്തുകൂടിയ ജനക്കൂട്ടം ജാതീയതക്കെതിരെ പോരാടാന്‍ പ്രതിജ്ഞ ചെയ്തു. പിന്നാലെ ജനക്കൂട്ടത്തിന് നടുവിലായി ഒരുക്കിയ ചിതയിലേക്ക് മനുസ്മൃതിയെന്ന പ്രാചീന ഗ്രന്ഥം വലിച്ചെറിഞ്ഞു.

‘ജാതീയത തുലയട്ടെ ‘ ‘ബ്രാഹ്‌മണ മേധാവിത്വം ഇല്ലാതാകട്ടെ’ ‘തൊട്ടുകൂടായ്മ നശിക്കട്ടെ’ എന്നിങ്ങനെ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. മനുസ്മൃതിയുടെ ശ്മശാനം എന്നെഴുതിയ ബാനറുകള്‍ അന്നവിടെ ഉയർത്തിയിരുന്നു.


പ്രാചീന ഇന്ത്യയിലെ ധർമ്മശാസ്ത്രമാണ് മനുസ്മൃതി. രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലാണ് ഇത് രചിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ബ്രാഹ്‌മണ്യത്തിന് കീഴിൽ ജനങ്ങള്‍ ജീവിക്കേണ്ട സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുള്ള നിയമ പുസ്തകം കൂടിയാണ് മനുസ്മൃതി. ഇതിലെ അഞ്ചാം അധ്യായത്തില്‍ സ്ത്രീകള്‍ എങ്ങനെ ജീവിക്കണം എന്നും വ്യക്തമാക്കുന്നുണ്ട്.അതിന്റെ രത്നച്ചുരുക്കമാണ് ‘ന സ്ത്രീ സ്വാതന്ത്രമർഹതി’

ഡോ അംബേദ്ക്കർ മനുസ്മൃതി ചുട്ടെരിച്ചിട്ട് ഇന്ന് 96 വർഷം(1927) തികയുന്നു.117 വർഷം മുമ്പാണ്(1906) ചട്ടമ്പിസ്വാമികൾ മനുസ്മൃതിയെ ‘മൂഢമതികൾ ആചരിക്കുന്ന അബദ്ധജഡിലമായ നിരവധി സൂക്തങ്ങളുടെ കൂമ്പാര’മെന്ന് വിശേഷിപ്പിച്ചത്. മൂഢമതികൾ എന്ന് സ്വാമി ഉദ്ദേശിച്ചത് സ്മൃതികർത്താവിനേയും മനുവാദികളേയും ചേർത്താണ്. മൂഢമതിയെന്നാൽ ‘അറിവില്ലാത്ത മനസ്സുള്ളവർ’ ‘തെറ്റായ ബുദ്ധിയുള്ളവർ’ ‘ഭോഷത്തരം പറയുന്നവർ’എന്നൊക്കെയാണ് അർത്ഥം. ചട്ടമ്പിസ്വാമികൾ മനുസ്‌മൃതി

സ്പർശിക്കാൻ ഇടയായ സന്ദർഭം ഇങ്ങനെ – ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന ടി കെ കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി ടി വി കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അഭ്യർത്ഥിച്ചു. അതുപ്രകാരം സ്വാമികള്‍ 1906 ൽ എറണാകുളത്ത് മഹിളാ സമാജത്തില്‍ നടത്തിയ പ്രഭാഷണമാണ്.


”പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന പ്രബന്ധം. പ്രസംഗവേദികളിൽ കയറാത്ത ചട്ടമ്പിസ്വാമികൾ നടത്തിയ ഒരേയൊരു പ്രസംഗമാണിത്. അതിലെ ഏതാനും വരികൾ – “പുരുഷനും സ്ത്രീയ്ക്കും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷൻ്റേത് സ്ത്രീയെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഒരു ഉദാസീനൻ്റെ നില മാത്രമാണ്. പുരുഷൻ സ്ത്രീയ്ക്ക് വശംവദനായി നിന്ന് ഓരോ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംസാരചക്രം പ്രവർത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവൻ പ്രസവാദിക്ലേശാദികളും ഗൃഹഭരണാദികൃത്യഭാരങ്ങളും ഇല്ലാത്തവനും അവൻ്റെ ശരീരനിർമ്മാണം അവയ്ക്ക് പറ്റാത്തതും ആണ്.

കാര്യപ്രപഞ്ചത്തിൽ പുരുഷനേക്കാളധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും സമുദായവൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്കെകൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്.

സ്വഗൃഹങ്ങളിലിരുന്ന് ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യം കൊണ്ടും അവരവർക്ക് വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ട് സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്ക് ആജ്ഞാശക്തിയിൽ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണ് കൊടുത്തിരിക്കുന്നത്. പുരുഷൻ്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. കാര്യം ഇങ്ങനെയാണെങ്കിലും പുരുഷൻ്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ “ഭർത്താവ്” എന്നും സ്ത്രീയെ അബല എന്നുവച്ച് ഭാര്യ – ഭരിക്കപ്പെടുവാൻ യോഗ്യ – എന്നും വിളിക്കുന്നുവല്ലോ?


ഇതിൽ അനല്പമായ അനൗചിത്യം സ്ഫുരിക്കുന്നു എന്ന് പറഞ്ഞേ തീരൂ.സ്ത്രീ തനിക്കുള്ള യഥാർത്ഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണ് പുരുഷൻ്റെ ഈ അർത്ഥമില്ലാത്ത മുഷ്ക്കിനും ഈ നാമധേയത്തിനും(ഭാര്യ) ഇടയാക്കിയത്.

പൗരാണികന്മാരും മറ്റ് അഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയക്കാണ് കൊടുത്തിട്ടുള്ളത്.അല്ലാതെ ‘മൂഢമതി’കൾ പറകയും ആചരിക്കയും ചെയ്യും വണ്ണം “ന സ്ത്രീസ്വാതന്ത്ര്യമർഹതി” എന്ന് കല്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയും ആയ അടിമയായും കേവലം പുത്രോൽപാദത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്ത് തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യവും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നത് തെറ്റും ന്യായത്തിനും, ധർമ്മത്തിനും, കാര്യത്തിനും ഏറ്റവും വിരുദ്ധവുമാകുന്നു “

ഈ ആധുനിക കാലത്തും ഒരു കറുത്ത ഏടായും കരടായും അവശേഷിക്കുന്ന ജാതീയതയുടെ അടിവേരും ഉച്ഛിഷ്ടമുമാണ് മനുസ്മൃതി !