Wed. Feb 21st, 2024

കണ്ണൂർ: നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചു. കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. സംഘർഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചവർക്ക് വ്യാപകമായി പൊലീസിന്റെ മർദ്ദനമേറ്റത് വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


അതേസമയം, നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാനാണ് സർക്കാർ തീരുമാനം. സ്തുത്യർഹ സേവനം കാഴ്ച വെച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഗുഡ് സർവ്വീസ് എൻട്രി നൽകാൻ മേലധികാരികൾക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ നിർദ്ദേശം നൽകി. കൂടുതൽ മികച്ച സേവനം നൽകിയവർക്ക് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് പാരിതോഷികം നൽകേണ്ടതുണ്ടെങ്കിൽ പേര് വിവരങ്ങൾ ശുപാർശ ചെയ്യാനും നിർദ്ദേശമുണ്ട്. ഇന്നലെ വൈകീട്ടാണ് ഐജിമാർക്ക് ഡിഐജിമാർക്കും എസ്പിമാർക്ക് എഡിജിപിയുടെ സന്ദേശമെത്തിയത്.