Sun. Feb 25th, 2024

കണ്ണൂര്‍: കോണ്‍ഗ്രസ് വിട്ട കണ്ണൂരിലെ ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബി ജെ പിയില്‍ ചേരും. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിക്കും. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സി രഘുനാഥ്. കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടത്.


നേതൃത്വത്തിന്റെ അവഗണനയില്‍ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട വേളയില്‍ സി രഘുനാഥിന്റെ പ്രതികരണം. കെ പി സി സി അധ്യക്ഷനായിട്ടും കെ സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.

ഏറെ കാലമായി പാര്‍ട്ടി തന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു പാര്‍ട്ടി വിട്ടു ബി ജെ പിയില്‍ ചേരുന്നതെന്നാണ് സി രഘുനാഥിന്റെ വിശദീകരണം.