Fri. Mar 1st, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

കെ പി എ സി അടുത്തകാലത്ത് കളിച്ച ഒരു നാടകമാണ് “മരത്തൻ 1892” 131 വർഷം മുൻപ് പോത്തേരി കുഞ്ഞമ്പു എഴുതിയ ‘സരസ്വതിവിജയം’ എന്ന നോവലിന്റെ നാടകഭാഷ്യമാണിത്. 1892 ൽ രചിച്ച ഒരു കൃതിയെ അവലംബമാക്കി 127 വർഷത്തിനുശേഷം കെ പി എ സി ഒരു നാടകമൊരുക്കിയത് എന്തുകൊണ്ടാവാം..?

പിന്നോക്ക ജാതിയിൽപെട്ടവരെ മനുഷ്യനായി അംഗീകരിക്കാൻ വഴിവെച്ചത് ആധുനിക വിദ്യാഭ്യാസമാണെന്ന് സരസ്വതി വിജയത്തിലൂടെ പോത്തേരി കുഞ്ഞമ്പു നമ്മെ പഠിപ്പിക്കുന്നു. ദളിത് യുവാവ് നമ്പൂതിരി ജന്മിയുടെ ക്രൂരതയാൽ നാടുവിടുന്നു. അയാൾ ആധുനിക വിദ്യാഭ്യാസം നേടി നാട്ടിൽ ന്യായാധിപനായി തിരിച്ചെത്തുന്നു. നാട് വിട്ട ദളിത് യുവാവ് കൊല്ലപ്പെട്ടുവെന്ന് ജനങ്ങളും അധികാരികളും വിശ്വസിച്ചു. കേസ് കോടതിയിലെത്തി. വിചാരണക്കിടെ യുവാവ് മരിച്ചിട്ടില്ല എന്ന് തെളിഞ്ഞു. ജഡ്ജിയായ താൻ തന്നെയാണ് അന്ന് നാടുവിട്ട യുവാവെന്ന് ജഡ്ജി തന്നെ വെളിപ്പെടുത്തുന്നു. സരസ്വതി വിജയം നോവലിലെ ഈ കഥാതന്തുവാണ് വികസിച്ച് മരത്തൻ എന്ന നാടകമായി രൂപാന്തരം പ്രാപിച്ചത്.


06 06 1857 ൽ ജനിച്ച പോത്തേരി കുഞ്ഞമ്പുവക്കീൽ അധ:സ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ക്രാന്തദർശിയായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് സരസ്വതീവിജയം എന്ന നോവലിലൂടെയാണ്.

കണ്ണൂരിനടുത്തുള്ള പള്ളിക്കുന്നിലെ പന്നേൻപാറ എന്ന സ്ഥലത്താണ് പോത്തേരി കുഞ്ഞമ്പുവിന്റെ ജനനം. അച്ഛൻ പോത്തേരി കുഞ്ഞക്കൻ നടത്തിയിരുന്ന എഴുത്തുപള്ളിയിൽ പഠിച്ച ശേഷം സംസ്കൃതത്തിലും മലയാളത്തിലും സാമാന്യം പണ്ഡിതനായിരുന്ന ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കളുടെ കീഴിൽ കുഞ്ഞമ്പു പ്രാഥമികവിദ്യാഭ്യാസം നേടി. പിന്നീട് കണ്ണൂർ ഗവണ്മെന്റ് ഇംഗ്ലീഷ് സ്കൂളിൽ പഠിച്ച് മെട്രിക്കുലേഷൻ ജയിക്കുകയും ദാരിദ്ര്യംനിമിത്തം ഉപരിപഠനം മുടങ്ങുകയും ചെയ്തു. കോടതി ഗുമസ്തനായി കുറച്ചുകാലം ജോലിനോക്കിയ കുഞ്ഞമ്പു പിന്നീട് നിയമപരീക്ഷ ജയിച്ച് വക്കീലായി തളിപ്പറമ്പിലും കണ്ണൂരും അഭിഭാഷകവൃത്തിയിൽ പ്രാഗല്ഭ്യം തെളിയിച്ചു.

സ്വപ്രയത്‌നത്തിലൂടെ പ്രശസ്ത അഭിഭാഷകനായി ഉയർന്ന അദ്ദേഹം അറയ്ക്കൽ രാജകുടുംബത്തിന്റെ നിയമോപദേഷ്ടാവായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആരാധകനായിരുന്നു കുഞ്ഞമ്പു വക്കീൽ.1916 ൽ ഗുരു സുന്ദരേശ്വരക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കു കണ്ണൂരിലെത്തിയപ്പോൾ‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കുകയുണ്ടായി. എങ്കിലും യുക്തിവാദിയായിരുന്നതിനാൽ പ്രതിഷ്ഠാ പ്രവർത്തനങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുത്തില്ല.


കുഞ്ഞമ്പുവിൻ്റെ ആദ്യഭാര്യ ചിരുതേയി അകാലത്തിൽ മരിച്ചു. ചിരുതേയിയിൽ മൂന്നു മക്കളുണ്ടായിരുന്നു. ഇടിമിന്നലേറ്റ് രണ്ടാം ഭാര്യ മരിച്ചതിനെ തുടർന്ന് മൂന്നാമത് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് ആണ്മക്കളുണ്ട്.

താൻ ജനിച്ച തീയസമുദായത്തിന്റെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കി. തീയരെക്കാൾ അധസ്ഥിതരായ പുലയരുടെ ജീവിതമാണ് കുഞ്ഞമ്പുവിനെ കൂടുതൽ വിഷമിപ്പിച്ചത്. മതപരിഷ്കരണം, സാധുജനോദ്ധാരണം തുടങ്ങിയ കാര്യങ്ങളിൽ ഉപന്യാസങ്ങൾ എഴുതി. കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പത്രങ്ങളിലും ഭാഷാപോഷിണിമാസികയിലും ഇവ പ്രസിദ്ധപ്പെടുത്തി.

1890 ൽ പുലയർക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിച്ചു.
അതിലൂടെ “പുലയൻകൂഞ്ഞമ്പു” എന്ന അപരനാമവും സമ്പാദിച്ചു. ദളിതരെ പഠിപ്പിക്കാൻ തീയ്യസമുദായത്തിൽ നിന്നുപോലും അദ്ധ്യാപകർ മുന്നോട്ടുവരാഞ്ഞതിനാൽ സ്വന്തം സഹോദരനെത്തന്നെ അവിടെ പഠിപ്പിക്കാൻ നിയോഗിച്ചു. ഈ സ്ക്കൂളാണ് പിൽക്കാലത്ത് ചൊവ്വ ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്.


സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യമറിഞ്ഞിരുന്ന കുഞ്ഞമ്പു സ്വന്തം മകളെ മദിരാശി മെഡിക്കൽ കോളേജിലയച്ച് പഠിപ്പിച്ച് ഡോക്ടറാക്കി. മലബാറിലെ ആദ്യത്തെ വനിതാഡോക്ടറായിരുന്നു കുഞ്ഞമ്പു വക്കീലിന്റെ മകൾ പാറുവമ്മ. പാറു വിവാഹം കഴിച്ചത് കണ്ണൂർ കന്റോൺമെന്റ് സൈനിക ആശുപത്രിയിൽ സേവനമനുഷ്ടിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ ബർണാഡ് മില്ലറെയാണ്. ഇവർക്ക് മക്കളില്ല.

കണ്ണൂരിൽ എഡ്വേർഡ് പ്രസ്സ് എന്നൊരു അച്ചുകൂടവും കുഞ്ഞമ്പു സ്ഥാപിക്കുകയുണ്ടായി. പത്തുവർഷം കണ്ണൂർ മുനിസിപ്പാലിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനും കുഞ്ഞമ്പുവാണ്.

വിദ്യാഭ്യാസത്തിലൂടെയും, അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്തും അധഃകൃതരുടെ ഉന്നമനം സാധ്യമാകുമെന്ന ആശയമാണ് അദ്ദേഹം തന്റെ എഴുത്തിലൂടെ പ്രചരിപ്പിച്ചത്.


സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനാണ് അദ്ദേഹം സരസ്വതീവിജയം എന്ന നോവൽ രചിച്ചത്. ദുരവസ്ഥയ്ക്കും മുപ്പത് വർഷം മുൻപാണ് ഈ കൃതി രചിച്ചിരിക്കുന്നത്.സവർണ മേൽക്കോയ്മക്കെതിരെ കേരളത്തിൽ ആദ്യമായി പുല്ലേലി കുഞ്ചു (1882) എഴുതിയ ആർച്ച് ബിഷപ്പ് ഡീക്കൻ കോശിയ്ക്ക് ശേഷം പിന്നീട് ജാതിക്കെതിരെയുള്ള നോവൽസാഹിത്യം രൂപപ്പെടുന്നത് 10 വർഷങ്ങൾക്ക് ശേഷം സരസ്വതി വിജയത്തിലൂടെയാണ്. ശക്തിമത്തായ ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.

സരസ്വതി വിജയത്തിന്റെ 125ആം വാർഷികത്തിന്റെ ഭാഗമായി തലശ്ശേരി ബ്രണ്ണൻ കോളേജ് 2017 ഒക്ടോബർ 20 ന് മലയാളം വിഭാഗത്തിന് കീഴിൽ പോത്തേരി കുഞ്ഞമ്പു ചെയർ സ്ഥാപിച്ച് അദ്ദേഹത്തെ ആദരിച്ചു. ഹിന്ദുത്വത്തെ അപലപിക്കുന്ന രാമായണസാരപരിശോധന പോലുള്ള കൃതികളിൽ ഒരു അഭിഭാഷകന്റെ ചാതുര്യത്തോടെ അദ്ദേഹം ചൂണ്ടിക്കാട്ടലുകൾ നടത്തിയിട്ടുണ്ട്.

സരസ്വതീവിജയം, തീയർ, രാമകൃഷ്ണസംവാദം,രാമായണ സാരപരിശോധന, മൈത്രി, ഭഗവദ്ഗീതോപദേശം എന്നിവയാണ് പോത്തേരിയുടെ കൃതികൾ. കണ്ണൂരിലെ ആദ്യ ബാങ്കായ കണ്ണൂർ ബാങ്ക് സ്ഥാപിച്ചതും പോത്തേരി കുഞ്ഞമ്പുവാണ്.