Wed. Feb 21st, 2024

✍️ ലിബി. സി.എസ്

“നമ്മുടെ അധഃപതനത്തിന് കാരണം ദൈവമാണെങ്കിൽ ആ ദൈവത്തെ നശിപ്പിക്കുക. മതമാണെങ്കിൽ ആ മതത്തെ നശിപ്പിക്കുക. മനു ദർമ്മമോ ഗീതയോ മറ്റേതെങ്കിലും പുരാണമോ ആണെങ്കിൽ, അവയെ ചാരമാക്കുക. ക്ഷേത്രമോ കുളമോ ഉത്സവമോ ആണെങ്കിൽ അവ ബഹിഷ്‌കരിക്കുക. അവസാനമായി നമ്മുടെ രാഷ്ട്രീയമാണെങ്കിൽ അത് തുറന്ന് പ്രഖ്യാപിക്കാൻ മുന്നോട്ട് വരൂ…”– ഈ വി ആര്‍.

കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാഘടകത്തിന്റെ പ്രസിഡന്റായിരിക്കെ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെടുകയും സത്യാഗ്രഹത്തിനുശേഷം കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും ആ നിലപാട് മരണംവരെ തുടരുകയും ചെയ്ത നേതാവാണ് ഈ വി ആര്‍.

വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ച ഏക വ്യക്തിയാണ് പെരിയാർ. ജയിലിൽ കഠിനമായ ഉപദ്രവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ തടവുകാരൻ എന്ന പരിഗണനയൊന്നും നൽകാതെ കൊടുംക്രിമിനലുകളെപ്പോലെ ചങ്ങലയ്‌ക്കിട്ടാണ്‌ അദ്ദേഹത്തെ ജയിലിലടച്ചത്‌.


സമരത്തിനു പുതുരക്തവും ഊര്‍ജ്വസ്വലതയും നല്‍കുവാന്‍ വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും 1924 ഏപ്രില്‍ 13 ആം തിയതി അദ്ദേഹത്തെ ഇവിടെ വരുത്തിയത്. അന്ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാ പ്രസിഡന്റായിരുന്നു. തമിഴ്‌നാട് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു. ഇന്നത്തെ തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും ചേര്‍ന്ന പ്രവിശ്യ – അവിടത്തെ പ്രസിഡന്റ് സ്ഥാനം സി രാജഗോപാലാചാരിയെ ഏല്പിച്ച ശേഷമാണ് അദ്ദേഹം വൈക്കത്ത് എത്തിയത്. (ഈ വി ആര്‍ വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ഗാന്ധിജി എതിരായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനും നിങ്ങളും’ എന്നഗ്രന്ഥത്തില്‍ കാണാം). ഇവിടെ വന്നതിനുശേഷം സത്യാഗ്രഹം അവസാനിക്കുന്നതുവരെ അദ്ദേഹം ഇവിടെത്തന്നെ താമസിച്ചു. സത്യാഗ്രഹം അവസാനിച്ച് സത്യാഗ്രഹക്യാമ്പ് പിരിച്ചുവിട്ടതിനുശേഷം നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു.

ഇവിടെയെത്തിയ ശേഷം അദ്ദേഹം വൈക്കത്തും പരിസരത്തുമുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും ചേർത്തലയും അരൂക്കുറ്റിയും അടക്കമുള്ളസ്ഥലങ്ങളിലും അന്നത്തെ തിരുവിതാംകൂറിലെ പ്രധാന പട്ടണങ്ങളിൽ എല്ലാം പൊതു പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.പിന്നീട് അദ്ദേഹത്തിന്റെ പ്രചാരണ പര്യടനങ്ങൾ തിരുവനന്തപുരത്തേക്കും നെടുങ്ങണ്ടയിലേക്കും നാഗർകോവിലിലേക്കും നീണ്ടു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കും പ്രചാരണ പരിപാടികൾക്കും ആവേശകരമായ പ്രതികരണം ലഭിച്ചതോടെ സർക്കാർ അദ്ദേഹത്തിന് നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി. കോട്ടയം ജില്ലയിലും പിന്നീട് കൊല്ലം ജില്ലയിലും അദ്ദേഹത്തിന് പ്രവേശനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി. എങ്കിലും തളരാതെ അദ്ദേഹം തന്റെ പ്രചാരണം തുടർന്നു. രോഷാകുലരായ ഭരണകൂടം 1924 മെയ് 21 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ നടപടികൾ വെറും കണ്ണടക്കൽ നടപടി മാത്രമാണെന്ന് പറഞ്ഞ് പെരിയാർ കോടതിനടപടികളുമായി സഹകരിക്കാൻ വിസമ്മതിക്കുകയും മെയ് 22 ന്, ചേർത്തലയിലെ അന്നത്തെ അരൂക്കുറ്റി ജയിലിൽ ഒരു മാസത്തെ തടവ് ശിക്ഷക്ക്‌ വിധിക്കുകയും ചെയ്തു. ചരിത്രസ്മാരകം ആക്കേണ്ടിയിരുന്ന പഴയ അരൂക്കുറ്റി പൊലീസ് സ്റ്റേഷനും ജയിലും ചൗക്കയുമൊക്കെ സംരക്ഷിക്കപ്പെടാതെ നശിച്ചുപോയി. രാജഭരണത്തിൽ വളരെ പ്രൗഢിയോടെ നിലകൊണ്ട പ്രദേശമായിരുന്നു ഇവിടം. അരൂക്കുറ്റിയിൽ മുൻപു പൊലീസ് സ്റ്റേഷൻ നിന്നിരുന്ന ഇപ്പോഴത്തെ ആരോഗ്യ വകുപ്പിന്റെ ക്വാർട്ടേഴ്സ് പരിസരത്തായി വേരുകൾ ചരിത്രത്തിലേക്കു വലിച്ചുനീട്ടി നിൽക്കുന്ന ഒരു റബർ മുത്തശ്ശി മാത്രമുണ്ട് ബാക്കി.


ഒരുമാസത്തെ അരൂക്കുറ്റിയിലെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇ വി ആർ അടങ്ങിയിരുന്നില്ല വീണ്ടും നിരോധനം ലംഘിച്ച് പ്രചാരണവുമായി ഇറങ്ങി. തുടർന്ന് ജൂലൈ 18 ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ നാല് മാസത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചു. അവിടെ അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സഹ സത്യാഗ്രഹികളെ രാഷ്ട്രീയ തടവുകാരായി പരിഗണിച്ചപ്പോൾ പെരിയാറിന് ഈ പരിഗണനയൊന്നും ലഭിച്ചില്ല. അദ്ദേഹം ജയിലിൽ കിടക്കുമ്പോൾ അദ്ദേഹത്തിനെ കൊല്ലാൻ സനാതനികൾ ശത്രുനിഗ്രഹയാഗം നടത്തി. വൈക്കം സത്യാഗ്രഹത്തിലെ ഈ വി ആറിന്റെ പങ്കാളിത്തത്തിന്റെ അര്‍ഹമായ തെളിവ് അതുതന്നെയാണ്. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവ് സനാതനികൾക്ക് പണ്ടേ ഉണ്ടായിരുന്നു.

എല്ലാവർക്കും അറിയാവുന്നതുപോലെ കൊക്കിനുവെച്ചത് ചക്കിനാണ് കൊണ്ടത് എന്നുമാത്രം. യാഗം നടത്തിയത് ഈ വി ആറിനെ നിഗ്രഹിക്കാനാണ്. പക്ഷെ, മരിച്ചത് മൂലംതിരുനാള്‍ രാമവര്‍മ്മരാജാവാണ്. 1924 ആഗസ്റ്റ് 16 ആം തിയതി മൂലംതിരുനാള്‍ രാമവര്‍മ്മ നാടുനീങ്ങി. ഇത് യാഗത്തിൻറെ പ്രതിപ്രവർത്തനമായി അന്ധവിശ്വാസികളായ കൊട്ടാരത്തിലുള്ളവർ കരുതി. നാലുമാസത്തെ കഠിന തടവിന് ശേഷം ജയിൽ മോചിതനായ ഇവിആർ വൈക്കത്ത് തിരിച്ചെത്തിയ ശേഷം പിന്നീട് അതുകൊണ്ട് ഉപദ്രവമൊന്നും ഉണ്ടായില്ല.

രാജാവിനുപകരം പിന്നീട് അധികാരത്തില്‍ വന്ന റാണി ലക്ഷ്മീഭായി ഭരണം ഏറ്റെടുത്ത പിറ്റേ ദിവസം മുതല്‍ സത്യാഗ്രഹം അവസാനിച്ചുകാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സത്യാഗ്രഹം തുടങ്ങി 139 ദിവസം കഴിഞ്ഞാണ് രാജാവ് മരിച്ചത്. പിന്നേയും 464 ദിവസം കഴിഞ്ഞാണ് സത്യാഗ്രഹം അവസാനിപ്പിച്ചതെങ്കിലും അതിനുത്തരവാദി റാണി ലക്ഷ്മീഭായി അല്ല, രാഘവയ്യാ എന്ന ബ്രാഹ്മണ ദിവാന്റെ നിര്‍ബന്ധബുദ്ധിമൂലവും സനാതന കോൺഗ്രസിൻറെ ഉഡായിപ്പ് മൂലവുമായിരുന്നു.


സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനെപ്പറ്റി അബ്രാഹ്മണരുമായി സംസാരിക്കാന്‍ തയാറില്ലാതെ ബ്രാഹ്മണ ദിവാൻ സി രാജഗോപാലാചാരിയെ ക്ഷണിക്കുകയും അദ്ദേഹം ആ പദവി ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു. ഗാന്ധിക്ക് ഇവിടെ വന്നെത്താന്‍ കഴിഞ്ഞത് 1925 മാര്‍ച്ച് 9 ആം തിയതിയാണ്. ഗാന്ധിജിയുടെ വരവിന് വേണ്ടി മാത്രം 205 ദിവസമാണ് ഒരു കാര്യവുമില്ലാതെ സത്യാഗ്രഹികളെ പട്ടിണി കിടത്തിയത്.

ബാക്കി 159 ദിവസങ്ങളില്‍ മാത്രമാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടന്നത്. 159 ദിവസങ്ങള്‍കൂടി കഴിഞ്ഞിട്ടാണെങ്കിലും സത്യാഗ്രഹം അവസാനിപ്പിച്ചത് മൂലംനാള്‍ രാജാവ് മരണപ്പെട്ടതുകൊണ്ടും ലക്ഷ്മീഭായി അധികാരത്തിൽ എത്തിയതുകൊണ്ടുമാണ്. മൂലംനാള്‍ രാജാവ് അധികാരത്തിൽ ഇരുന്നപ്പോൾ സത്യാഗ്രഹം ഒന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്നു മാത്രമല്ല സത്യാഗ്രഹികളെ പരമാവധി ദ്രോഹിക്കുകയായിരുന്നു. ഇ വി ആർ നെ കൊല്ലാൻ യാഗം നടത്തുകയും രാജാവ് മരിക്കാതിതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ വൈക്കം സത്യാഗ്രഹം 603 ദിവസത്തിനു പകരം വീണ്ടും നീളുമായിരുന്നു.

സത്യാഗ്രഹം അവസാനിച്ച് സത്യാഗ്രഹക്യാമ്പ് പിരിച്ചുവിട്ടതിനുശേഷം സെപ്തംബർ 10-ന് അദ്ദേഹം ഈറോഡിലേക്ക് മടങ്ങി, അവിടെ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു.