Sun. Feb 25th, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

മലയാള സിനിമയുടെ കോൺക്രീറ്റ് പില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യനായ സംവിധായകനാണ് കെ എസ് സേതുമാധവൻ എന്ന എക്കാലത്തേയും മഹാപ്രതിഭ. പിൽക്കാലത്ത് വിജയം വരിച്ച പല സംവിധായകരും സ്വന്തം ചലച്ചിത്രഗോപുരങ്ങൾ പണിതുയർത്തിയത് കെ എസ് സേതുമാധവൻ സൃഷ്ടിച്ച പില്ലറുകൾക്ക് മേലെയായിരുന്നുവെന്ന് നിസംശയം പറയാം. എത്രയെത്ര നല്ല സിനിമകളാണ് അദ്ദേഹം കൈരളിയ്ക്ക് സമ്മാനിച്ചത്. ആ സിനിമകളിലൂടെയെല്ലാം പകർന്നു നൽകിയ സന്ദേശങ്ങളും, മനുഷ്യവികാരങ്ങളും എന്ത് നല്ല അനുഭവങ്ങളായിരുന്നു. മലയാള സിനിമ എന്നു പറഞ്ഞാൽ കെ എസ് സേതുമാധവൻ എന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു.

സംസ്ഥാന-ദേശീയ പുരസ്ക്കാരങ്ങൾ പലവട്ടം നേടിയിട്ടുള്ള നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. എല്ലാം മലയാള സിനിമ ചരിത്രത്തിലെ അനുഭവങ്ങളും നാഴികക്കല്ലുകൾ ആയവ. അതുല്യ നടൻ സത്യൻ്റെ ഏറ്റവും മികച്ച പല കഥാപാത്രങ്ങളും പിറന്നത് സേതുമാധവൻ്റെ സിനിമകളിലൂടെയായിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എത്ര നല്ല ഫീലാണ് മലയാളിയ്ക്ക് സമ്മാനിച്ചത്.


ഒരു ബാലതാരമായി കമൽഹാസനെ കണ്ണും കരളും എന്ന ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത് കെ എസ് സേതുമാധവനാണ്. സത്യൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മകൻ ആയാണ് കമൽ അന്ന് കണ്ണും കരളിലും അഭിനയിച്ചത്. യുവാവായ കമൽ ഹാസൻ മലയാളത്തിൽ ആദ്യമായി അഭിനയിച്ചതും കെഎസ്സിൻ്റെ കന്യാകുമാരി എന്ന സിനിമയിലൂടെയാണ്. യുവാവായ ജഗതി ശ്രീകുമാറും കന്യാകുമാരിയിലൂടെയാണ് അരങ്ങേറിയത്. (ജഗതി മൂന്നാം വയസ്സിൽ അച്ഛനും മകനും എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്) റീത്താ ഭാദുരി അഭിനയിച്ച ഏക മലയാളം സിനിമയും കന്യാകുമാരിയാണ്. സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ കന്യാകുമാരിക്കുവേണ്ടി ഒരു ഇംഗ്ലീഷ് ഗാനം രചിച്ചതും ചരിത്രമാണ്. “ഐ എം ഇൻ ലവ്” എന്ന് തുടങ്ങുന്ന ഗാനം പാടിയത് ഉഷാ ഉതുപ്പാണ്. കെ എസ്സിൻ്റെ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപിയും ബാലതാരമായി ആദ്യം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ആ സിനിമയിലും നായകൻ സത്യൻ തന്നെ.സത്യൻ അഭിനയിച്ച പപ്പു എന്ന വേഷം സമാനതകൾ ഇല്ലാത്ത കഥാപാത്രമാണ്.

മുൻ മുഖ്യമന്ത്രി ഇ എം എസ് സേതുമാധവൻ്റെ “ഒള്ളതുമതി” എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാമത് മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ തന്നെ വേഷത്തിലാണ് 1967ൽ ഇ എം എസ് വേഷമിട്ടത്. ഇ എം എസിൻ്റെ ഔദ്യോഗിക മുറിയിൽ തന്നെയാണ് ഇ എം എസിൻ്റെ ഭാഗം അന്ന് ഷൂട്ട് ചെയ്തത്. ഒള്ളതുമതിയിൽ ഗാനരചയിതാക്കളുടെ കൂട്ടത്തിൽ കുമാരനാശാനുമുണ്ട്. (ഈവല്ലിയിൽ…..) മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതും കെ.എസ്.സേതുമാധവൻ്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ്.

മലയാള സിനിമയെ സാഹിത്യത്തോട്, അല്ലെങ്കിൽ മലയാളസാഹിത്യത്തെ സിനിമയോട് വളരെയധികം അടുപ്പിച്ച പ്രതിഭയാണ് കെ.എസ്.സേതുമാധവൻ. അദ്ദേഹം മലയാളത്തിൽ സംവിധാനം ചെയ്ത 56 ചിത്രങ്ങളിൽ 37 എണ്ണവും മലയാളസാഹിത്യ കൃതികളെ ഉപജീവിച്ച് ഉള്ളതാണ്. വിവിധ ഭാഷകളിലായി സംവിധാനം ചെയ്ത 69 ചിത്രങ്ങളിൽ 56 ഉം മലയാള സിനിമകളാണ്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട.ഹിന്ദി, സിംഹള ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വീരവിജയ എന്ന സിംഹളസിനിമയിലൂടെ തുടങ്ങിയ സിനിമാപ്രയാണം 1995 ൽ പുറത്തിറങ്ങിയ സ്ത്രീ എന്ന തെലുങ്ക് സിനിമവരെ വളർന്നു.


1961 ൽ പുറത്തു വന്ന ജ്ഞാനസുന്ദരിയാണ് കെഎസ്സിന്റെ ആദ്യ മലയാള സിനിമ.1991 ൽ എം.ടിയുടെ തിരക്കഥയിൽ സംവിധാനം ചെയ്ത വേനൽക്കിനാവുകൾ ആണ് അവസാന മലയാളചിത്രം. യേഹി ഹേ സിന്ദഗി, അഫ്‌സാന ദോ ദിലോംകാ, സിന്ദഗി ജീനേ കേലിയേ എന്നിവയാണ് അദ്ദേഹത്തിന്റെ ഹിന്ദി ചിത്രങ്ങൾ.

ദാഹം,മറുപക്കം എന്നീ സിനിമകൾക്ക് കെ.എസ് തിരക്കഥയും എഴുതി.മറുപക്കം മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടി.1991ലെ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരവും, ജയഭാരതിയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്ക്കാരവും തമിഴ് സിനിമയായ മറുപക്കത്തിനായിരുന്നു.

മികച്ച തമിഴ് സിനിമയ്ക്കുള്ള ആദ്യ ദേശീയപുരസ്ക്കാരം നേടിയ സിനിമയാണ് മറുപക്കം. മികച്ച നടനായി മറുപക്കത്തിൽ അഭിനയിച്ച ശിവകുമാർ അവസാനവട്ടം വരെ പൊരുതിയെങ്കിലും അമിതാഭ് ബച്ചനാണ് അന്ന് അവാർഡ് നേടിയത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പാട്ടുകൾ പിറന്നതും കെ എസ് സേതുമാധവൻ്റെ സിനിമകളിലൂടെയാണ്.

കെ എസ് സേതുമാധവൻ മലയാളം സിനിമയിൽ അരങ്ങേറ്റം കുറിച്ചതിൻ്റെ 60 വർഷവും അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ 50 വർഷവും 2021ലാണ് കടന്നുപോയത്. 2009 ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം നേടിയത് കെ എസ് സേതുമാധവനായിരുന്നു.