Wed. Feb 21st, 2024

കൊച്ചി: നവകേരള സദസിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിനു നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വി ജി വിനീതക്കെതിരെ കുറുപ്പംപടി പോലീസ് കേസെടുത്തു. കേസില്‍ അഞ്ചാം പ്രതിയാണ് വിനീത.

മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണ മെന്നു ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് നോട്ടിസ് നല്‍കിയിരുന്നു. ഐ പി സി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തത്. ഷൂസ് എറിഞ്ഞവര്‍ ക്കെതിരെ ചുമത്തിയ ഈ വകുപ്പുകള്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ ത്തിയപ്പോള്‍ വകുപ്പുകള്‍ സംബന്ധിച്ച് പോലീസിന് രൂക്ഷ വിമര്‍ശനമുണ്ടാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.


പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നു കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയും ചുമത്തിയിരി ക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം വിഷയത്തില്‍ കെ യു ഡബ്ല്യു ജെക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും സെക്രട്ടറി കിരണ്‍ ബാബു പറഞ്ഞു.

ഓടക്കാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസിന് നേരെ ഷൂ എറിയുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വിനീത ക്യാമറാമാനോട് ‘വിഷ്വല്‍ എടുക്ക്’ എന്ന് പറയുന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ആ ഓഡിയോ മ്യൂട്ട് ചെയ്ത് പകരം ‘ഷൂ എറിയൂ’ എന്ന് ഗ്രാഫിക്സ് ടെക്സ്റ്റ് നല്‍കിയാണ് സൈബര്‍ ഇടങ്ങളില്‍ വിഡിയോ പ്രചരിക്കുന്നതെന്ന് ട്വന്റി ഫോര്‍ ന്യൂസ് വിശദീകരിച്ചു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കു ന്നതാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു.


നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള കടന്നുകയറ്റ മാണ് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പോലീസിന്റെ നടപടി. ഒരു മാധ്യമ പ്രവര്‍ത്തക അവരുടെ ജോലി ചെയ്താല്‍ അത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരും മനക്കോട്ട കെട്ടുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്. പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസര്‍ക്കാര്‍ നടപടി. മാധ്യമപ്രവര്‍ത്തകക്കെതിരെ എടുത്ത പോലീസ് നടപടിയെ കെപിസിസി അപലപിക്കുന്നതായും കേസ് പിന്‍വലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.