Wed. Feb 21st, 2024

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ റിമാന്‍ഡിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഉത്തര്‍പ്രദേശില്‍നിന്നുള്ള സാഗര്‍ ശര്‍മ, മൈസുരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍നിന്നുള്ള അമോള്‍ ഷിന്‍ഡെ, ഹരിയാന സ്വദേശിന് നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് നാലുപേരെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരാന്‍ പോലീസ് ഹരജി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കോടതി നടപടി.


പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 452 (അതിക്രമിച്ചു കയറല്‍), കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

അതീവ സുരക്ഷാസന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാമന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി.

അതിനിടെ പാര്‍ലിമെന്റ് അതിക്രമ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി നീലംദേവിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ പഞ്ചായത്ത് രംഗത്ത് എത്തി. നീലത്തിന് പിന്തുണയുമായി മൂന്ന് പ്രമേയങ്ങള്‍ കിസാന്‍ പഞ്ചായത്ത് പാസാക്കി.


നീലത്തെ വെറുതെ വിടണം, യു എ പി എ എടുത്തുമാറ്റണം, ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ വിഷയത്തെ വഴിതിരിക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങളാണ് പാസാക്കിയത്. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്നും കിസാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മയും വിലക്കയറ്റവും സ്വേച്ഛാധിപത്യവും എതിര്‍ക്കുന്നതിനാണ് നീലം പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഗ്രാമവാസികളില്‍ ചിലര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ച് നീലത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

നീലം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ഗ്രാമവാസികളും കുടുംബവും പറയുന്നത്. എന്നാല്‍, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.