Wed. Feb 21st, 2024

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് അശോകൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹാദിയ നിയമ വിരുദ്ധ തടങ്കലിൽ അല്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് അനു ശിവരാമൻ, സി പ്രതീപ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചത്. പുനർവിവാഹിതയായ ഹാദിയ തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും മാതാവുമായി ബന്ധപ്പെടാറുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.


മകളെ കുറിച്ച് വിവരമില്ലെന്നും നിയമപരമായ നടപടികൾക്കായി കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് അശോകൻ ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഹരജിയിൽ പോലീസിന് കോടതി നോട്ടീസ് നൽകിയിരുന്നു.

താന്‍ തടങ്കലില്‍ അല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കിയിരുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നുവെന്ന് ഹാദിയ മൊഴി നൽകി. പിതാവിന്റെ ഹർജി തന്‍റെ സ്വകാര്യത തകർക്കാനാണെന്നും മൊഴിയിൽ പറയുന്നു.