Sun. Feb 25th, 2024

പത്തനംതിട്ട: യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവാവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരൂട്ടുകാല രോഹിണി നിവാസില്‍ ശ്രീജിത് (28) നെ ആണ് കോട്ടയത്തെ ഒരു ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പലരെയും ഇരകളാക്കി നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പാണ് കൂടല്‍ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

കഴിഞ്ഞമാസം ആറിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന്, സാമ്പത്തിക ഇടപാടുകള്‍ മരണത്തിനു കാരണമായിട്ടുണ്ടെന്ന് തുടക്കത്തില്‍ തന്നെ സംശയം തോന്നിയിരുന്നു. കോന്നി ഡി വൈ എസ് പി. ടി രാജപ്പന്റെ മേല്‍നോട്ടത്തില്‍, കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളും, ബേങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതിനെ തുടര്‍ന്നാണ് യുവാവും പെണ്‍കുട്ടിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ബോധ്യപ്പെട്ടത്.


പ്രതി ഇന്‍സ്റ്റഗ്രാമില്‍ മിഥുന്‍ കൃഷ്ണ എന്ന വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം, എസ് ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുകയായിരുന്നു. പണം കടമായി ആവശ്യപ്പെട്ട ഇയാള്‍ക്ക് സ്വര്‍ണം വിറ്റും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയും പലപ്പോഴായി യുവതി മൂന്ന് ലക്ഷം രൂപ നല്‍കി. ബേങ്ക് ഇടപാടിലൂടെയാണ് പണം കൈമാറിയത്. പണം കിട്ടിക്കഴിഞ്ഞപ്പോള്‍ പ്രതി മൊബൈല്‍ ഫോണ്‍ ഓഫാക്കി. ഇതോടെ മനോവിഷമത്തിലായ യുവതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഫോണുകളും സിം കാര്‍ഡുകളും കൂടെക്കൂടെ മാറ്റി ഉപയോഗിക്കുന്ന പ്രതി, ഹോം സ്റ്റേകളില്‍ മാറിമാറി താമസിച്ച് പലരെയും ചതിച്ച് പണം കൈക്കലാക്കിയിട്ടുണ്ട്. ഇങ്ങനെ കൈവശപ്പെടുത്തുന്ന പണം മസാജ് പാര്‍ലറുകളിലും മുന്തിയ ഹോട്ടലുകളിലും മറ്റും ചെലവഴിച്ച് സുഖജീവിതം നയിച്ചുവരികയായിരുന്നു. ഹോം സ്റ്റേകളില്‍ താമസിക്കുമ്പോള്‍ അവിടങ്ങളിലെ ജീവനക്കാരുമായി പരിചയത്തിലാവുകയും അവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പിനിരകളാവുന്നവരുടെ പണം അയപ്പിക്കുകയും പിന്നീട് കൈമാറി എടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണം ഹോം സ്റ്റേകളിലേക്കെത്തുകയും തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

ഇയാളുടെ തട്ടിപ്പിനിരയായ രണ്ട് പെണ്‍കുട്ടികളുടെ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എസ് ഐ. ഷെമിമോള്‍, എ എസ് ഐ. ജയശ്രീ, എസ് സി പി ഒമാരായ വിന്‍സെന്റ്, സുനില്‍, സി പി ഒ. ഷാജഹാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.