Sun. Feb 25th, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

ഇന്നലെ തെലുങ്കാനയിൽ മുഖ്യമന്ത്രിയെക്കാളും ഉപമുഖ്യമന്ത്രിയെക്കാളും കയ്യടി നേടി ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളുടെ അകമ്പടിയിൽ ഒരു വനിത കാബിനറ്റ് മന്ത്രിയായി. സത്യപ്രതിജ്ഞ ചടങ്ങിനിടെ ഉണ്ടായ ആഹ്ലാദപ്രകടനങ്ങൾ അതിരുവിട്ടപ്പോൾ ഗവർണർക്ക് പലവട്ടം ഇടപെടേണ്ടി വന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലിയപ്പോൾ ദൃഢപ്രതിജ്ഞയെടുത്തു അവർ. ആ വനിതയാണ് ദൻസരി അനസൂയ. ‘സീതക്ക’എന്നാണ് തെലുങ്കാനയിൽ അറിയപ്പെടുന്നത്.

1971 ജൂലൈ 9 ന് ജനിച്ച സീതക്ക തെലങ്കാന നിയമസഭയിൽ മുലുഗ് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു .2009 ൽ ആന്ധ്രാപ്രദേശ് നിയമസഭയിലേക്കും 2018 ലും 2023 ലും തെലങ്കാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ‘തെലങ്കാനയിലെ ഉരുക്കുവനിത’
യെന്നും സീതക്കയെ വിളിക്കാറുണ്ട്.


തെലുങ്കാനയിലെ ജഗ്ഗനഗുഡെം ഗ്രാമത്തിലെ ഒരു ആദിവാസ ഗോത്ര കുടുംബത്തിലാണ് സീതക്ക ജനിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അനസൂയ നക്സലൈറ്റായിരുന്നു. കമാൻഡറായി ഒരു ദളത്തെ 11 വർഷക്കാലം നയിച്ചു.ഗർഭിണിയായിരുന്ന കാലത്തുപോലും തോളിൽ തോക്കുമായി തെലുങ്കാനയിലെ വനങ്ങളായ വനങ്ങളിൽ ഒളിവിൽ പ്രവർത്തിച്ച് പ്രസ്ഥാനത്തോട് കൂറ് പുലർത്തി.

1985 ൽ 14 വയസ്സുള്ളപ്പോഴാണ് സീതക്ക ജനശക്തി നക്‌സൽ ഗ്രൂപ്പിൽ ചേർന്നത്.പന്ത്രണ്ട് വർഷത്തെ പ്രവർത്തനത്തിന് ശേഷം മനംമടുത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടന്നു. 1997ൽ ചന്ദ്രബാബു നായിഡുവിന്റെ പൊതുമാപ്പ് പദ്ധതി പ്രകാരം 50 പേർക്കൊപ്പം തോക്കും മറ്റ് ആയുധങ്ങളും അധികാരികൾക്ക് മുമ്പിൽ വച്ച് കീഴടങ്ങി.

കാട്ടിൽ നിന്നും നാട്ടിലെത്തിയ സീതക്കയുടെ പിന്നീടുള്ള ലക്ഷ്യം പഠനവും ഒപ്പം ജനസേവനവുമായി മാറി.ഘട്ടം ഘട്ടമായി തുടർ പഠനം നടത്തി ആദ്യം അഭിഭാഷകയായി. ഒരു കാലത്ത് വെറുത്ത ബൂർഷ്വാ കോടതിയെ ജനാധിപത്യത്തിന്റെ ശ്രീകോവിലാക്കി ഏഴകളുടെ കേസ്സുകൾ കൈകാര്യം ചെയ്തു.


ഇതിനിടെ 2022ൽ പി എച്ച് ഡി പൂർത്തിയാക്കി. ഒസ്മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലാണ് ഡോക്ടറേറ്റ്.ആദിവാസികളുമായി ബന്ധപ്പെട്ട വിഷയം തന്നെ ഗവേഷണത്തിനായി തിരഞ്ഞെടുത്തു. ഇപ്പോൾ എൽ എൽ എംന് പഠിക്കുന്നു. ഭർത്താവും, സഹോദരനും സായുധ കലാപത്തിൽ കൊല്ലപ്പെട്ടു.

2004ൽ തെലുങ്കുദേശം പാർട്ടിയിൽ ചേർന്ന് മുലുഗിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടാണ് അനസൂയ ആദ്യമായി ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2009 ൽ അവിടെ നിന്ന് വീണ്ടും മത്സരിച്ച് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പോഡെം വീരിയയെ വൻ ഭൂരിപക്ഷത്തിലാണ് അന്ന് പരാജയപ്പെടുത്തിയത്. 2014 ൽ ബിആർഎസ് സ്ഥാനാർത്ഥി അസ്മീറ ചന്ദുലാലിനോട് പരാജയപ്പെട്ടു .

2017 ൽ അനസൂയ ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നു.അഞ്ച് വർഷം കൊണ്ട് തെലുങ്കാനയിലെ അനിഷേധ്യ നേതാവായി ഉയർന്നു. താമസിയാതെ അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും പിന്നീട് ഛത്തീസ്ഗഢ് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ചുമതലയും ഏറ്റെടുത്തു.2018ലും 2023ലും മുലുഗ് നിയോജക മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു.


കോവിഡ്മാരിയെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് തെലുങ്കാന-ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള 400 ലധികം ഗ്രാമങ്ങൾ അനസൂയ സന്ദർശിക്കുകയും പ്രദേശവാസികൾക്ക് ആശ്വാസം നൽകി പട്ടിണിയിലായ പാവങ്ങൾക്ക് ഭക്ഷ്യദാന്യങ്ങൾ അടക്കമുള്ള ആവശ്യ സാധനങ്ങളും മാസ്കുകൾ,മരുന്നുകൾ,മറ്റ് ജീവൻരക്ഷാ ഉപാധികളും വിതരണം ചെയ്തു.ഭക്ഷ്യധാന്യങ്ങൾ സ്വയം തോളിലേറ്റിയാണ് ഗ്രാമഗ്രാമാന്തരങ്ങൾ കയറിയത്.സീതക്കയുടെ ശ്രമങ്ങൾക്ക് ഇതോടെ സോഷ്യൽ മീഡിയയിൽ വമ്പിച്ച പിന്തുണയും തെലുങ്കാനയിലാകെ വലിയ സ്വീകാര്യതയും ലഭിച്ചു.

തോക്കുപേക്ഷിച്ച് നിയമം പഠിച്ച് ജനാധിപത്യത്തിലേക്ക് കടന്ന സീതക്ക ഒരു വിസ്മയമാണ്. ഒരുകാലത്ത് പോലീസിനെ കണ്ട് ഓടിയൊളിച്ചവൾ ഇന്ന് പോലീസിന്റെ സല്യൂട്ട് വാങ്ങുന്ന കാഴ്ച അതിമനോഹരം തന്നെ !