Sun. Feb 25th, 2024

തിരുവനന്തപുരം: സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം പിഎംജിയിലാണ് അപകടം. പാങ്ങപ്പാറ മെയ്ക്കോണം ഗോപിക ഭവനില്‍ ഉദയിന്റെയും നിഷയുടെയും മകള്‍ ഗോപിക ഉദയ് (20)ആണ് മരിച്ചത്. മാര്‍ ഇവാനിയോസ് കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു അപകടം. സഹോദരി ജ്യോതികയ്‌ക്കൊപ്പം ജിംനേഷ്യത്തില്‍ പോയ ശേഷം മരപ്പാലത്തുള്ള ഫ്‌ളാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.


പിഎംജിയില്‍ വച്ച് സമീപത്തുകൂടി പോയ കെഎസ്ആര്‍ടിസി ബസിന്റെ പിറകിലെ വലതുവശത്തെ ടയര്‍ പൊട്ടി പഞ്ചറായി.ടയര്‍ പൊട്ടിയപ്പോഴുണ്ടായ വന്‍ശബ്ദം കേട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് ഗോപിക റോഡില്‍ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഗോപിക ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഹോദരി ജ്യോതികയ്ക്ക് കാര്യമായ പരുക്കുകളില്ല. ഗോപികയുടെ നിര്യാണത്തെ തുടര്‍ന്ന് കോളേജിന് ഇന്ന് അവധി നല്‍കി.