Sun. Feb 25th, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

അടിച്ചമർത്തപ്പെട്ട അധ:സ്ഥിത ജീവിത സാഹചര്യത്തിൽ നിന്നും ഉയർത്തെണീറ്റ തനി പച്ചയായ ഒരു നാടൻ വ്യക്തിത്വമാണ് ഡോ എം കുഞ്ഞാമനെന്ന ധിഷണാശാലി. ഇന്ത്യൻ പ്രസിഡന്റായി മാറിയ മലയാളി കെ ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാംറാങ്ക് നേടിയ ആദ്യ ദളിത് മലയാളിസ്വത്വമാണ് ഡോ എം കുഞ്ഞാമൻ. കഠിനപ്രയത്‌ത്തിലൂടെ പൊരുതി വിജയിച്ച മഹത് വ്യക്തി. അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘എതിര്’.

‘ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം’ എന്നാണ് അദ്ദേഹം പുസ്തകത്തിന്റെ കവർ പേജിൽ എഴുതിയിട്ടുള്ളത്. പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്ന് അതിലൂടെ തന്നെ വളരെ ലളിതമായി വായനക്കാരന് ഊഹിക്കാം. ഈ ചെറുവരികളിൽ പുസ്തകത്തിന്റെ ആത്മാവുതന്നെ അനാവരണം ചെയ്യപ്പെടുന്നു.

കെ വേണുവാണ് അവതാരിക എഴുതിയത്. വായനക്കാരനെ ചുട്ട് നീറ്റിക്കാനുള്ള സ്വന്തം അനുഭവങ്ങളാണ് പുസ്തകത്തിലുടനീളം. അത്രയും തീവ്രമാണ് അതിലെ ഓരോ വരിയും. കെ വേണുവിന്റെ വാക്കുകൾ – “എം കുഞ്ഞാമൻ എന്ന എഴുത്തുകാരന്റെ മനോഘടനയുടെ സങ്കീർണതകൾ ദളിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല.ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽ തന്നെയേ ഉൾകൊള്ളാനാവുകയുള്ളു.”


സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, ദളിതന്റേയും, അധസ്ഥിതന്റേയും പുസ്തകമാണ് ഡോ എം കുഞ്ഞാമന്റെ ആത്മകഥയെങ്കിലും അത് വായിച്ചവർക്ക് മനസ്സിലാവും, എഴുത്തുകാരൻ സ്വന്തം ജീവിതാനുഭവങ്ങളെ കോറിയിട്ടത് സമൂഹത്തിൽ നടമാടുന്ന നീതികേടിലും വിവേചനത്തിലും ഊന്നിയാണെന്ന്. കേരളത്തിലെ ദളിതരുടെ ജീവിത സാഹചര്യങ്ങളെ ഇത്രയും ആഴത്തിൽ അടയാളപ്പെടുത്തിയ ആത്മകഥ ഒരു പക്ഷേ ഇതായിരിക്കാം. എതിര് എന്ന പുസ്തകം ഡോ എം കുഞ്ഞാമന്റെ പരിഛേദവും പച്ചയായ ജീവിതവുമാണ്.
പച്ച മാംസത്തിൽ ചുട്ടുപഴുപ്പിച്ച കമ്പികൊണ്ട് കുത്തും പോലെ വായനക്കാരന് ഈ പുസ്തകം അനുഭവപ്പെടാം. അതിലെ അക്ഷരങ്ങൾക്ക് അത്രമേൽ കാഠിന്യവും ദൃഢതയും കൂടുതലാണെന്ന് പറയാം. “എന്നെ പാണൻ എന്നു വിളിക്കരുത് ” എന്ന അദ്ധ്യായത്തിൽതുടങ്ങി “അപൂർണം”എന്ന് അവസാനിക്കുന്ന 18 അദ്ധ്യായങ്ങളാണ് ഡോ എം കുഞ്ഞാമൻ കണ്ണീരുപ്പ് ചാലിച്ച് എഴുതിയ പുസ്തകത്തിലുള്ളത്. ആദ്യ അധ്യായത്തിൽ
കടുത്ത ദാരിദ്ര്യവും, അടിച്ചമര്‍ത്തപ്പെട്ട ജാതിയും ഇരുട്ടുനല്‍കിയ ബാല്യകാലവുമാണ്.

പുസ്തകത്തിൽ നിന്നും – “ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു.എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോവും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളർത്തി. മലബാറിൽ പട്ടാമ്പിക്കടുത്ത് വാടനാംക്കുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞു കൂടാ. ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ അമ്മ വിളക്ക് അടുക്കളയിലേക്ക് കൊണ്ട് പോവും. അപ്പോൾ എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറുകായാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്ക് പോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമല്ല, തൊടിയിൽ മണ്ണുകുഴിച്ചു, ഇലയിട്ട് ഒഴിച്ച് തരും. പതിനാലു വയസ്സുള്ളപ്പോഴാണ് വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുച്ചെന്നത്. മണ്ണിൽ കുഴിച്ചു കഞ്ഞി ഒഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടി ഉണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കഞ്ഞി കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. തിരിഞ്ഞു നോക്കുമ്പോൾ ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ട് പട്ടികൾ തമ്മിലുള്ള ബന്ധമായിരുന്നു. രണ്ട് പട്ടികൾ കഞ്ഞിക്കു വേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽ നിന്നും ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിൽ ഉണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം”

ഭക്ഷണത്തിനുവേണ്ടി ഒരു പട്ടിയുമായി അതിന്റെ കടികൊണ്ട് പൊരുതുക എന്നത് ഓർക്കാൻ കൂടി വയ്യ. ഒരു വേള ‘തലച്ചോറല്ല പ്രധാന അവയവം, വയറാണ് ഒരുവന്റെ പ്രധാന അവയവം’ എന്നുറക്കെ വിളിച്ചു പറയുന്നുണ്ട് ഡോ എം കുഞ്ഞാമൻ.


ഒരിക്കൽ കുഞ്ഞാമൻ ഡോ കെ എൻ രാജിനോട് പറഞ്ഞതിങ്ങനെ- “ഞങ്ങള്‍ക്ക് വ്യവസ്ഥിതിയോട് എതിര്‍പ്പുണ്ട്. അത് അവസരം കിട്ടുമ്പോള്‍ പ്രകടിപ്പിക്കും. ഭവിഷ്യത്ത് ഓര്‍ത്ത് പ്രകടിപ്പിക്കാതിരിക്കില്ല. താങ്കള്‍ ബ്രീട്ടീഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കള്‍ ഉയര്‍ന്നുവന്നത് ഇത്തരം അനുകൂല സാഹചര്യങ്ങളിലൂടെയാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വളര്‍ന്നുവന്നവരാണ്. അതിന്റെ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിക്കും! അതെന്റെ ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്വമാണ്. താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്കൂള്‍ പരീക്ഷ പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നോബല്‍ സമ്മാന ജേതാവായേനേ. ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്.” എന്തൊരു തീക്ഷണമായ വാക്കുകൾ.

വേറൊരവസരത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ- “കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന് എന്നതാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലം മുതലുള്ള മുദ്രാവാക്യമെങ്കിലും ഞങ്ങൾക്കൊന്നും ഭൂമി കിട്ടിയില്ല. അടിസ്ഥാന മാറ്റമുണ്ടാക്കാത്ത വൈകാരിക മുദ്രാവാക്യമാണത്. എന്റെ അച്ഛനെപ്പോലൊരാളുടെ ജീവിതം മുമ്പത്തെപ്പോലെ തന്നെ തുടർന്നു, മാറ്റമില്ലാതെ. മേലാളന്മാർക്ക് വിധേയപ്പെട്ടും അവരുടെ അടിമകളായും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പലകാര്യത്തിലും മുന്നിലായിരിക്കാം എന്നാൽ സമൂഹത്തിലെ ദുർബല വിഭാഗക്കാർ ഇന്നും ദരിദ്രരും ദുർബലരുമായി തുടർന്നു പോകുന്നുണ്ടെങ്കിൽ ഒരു സമൂഹം എന്നതിൽ നമ്മൾ പരാജിതരല്ലേ? എ കെ ജി സെന്ററിലെ സെമിനാറുകളിൽ ഞാൻ ഇ എം എസ്സിനെ നേരിട്ട് വിമർശിച്ചിട്ടുണ്ട്. ഒരു ദിവസം സെമിനാറിൽ നിശ്ശബ്ദനായിരുന്ന എന്നോട് ഞങ്ങളെ വിമർശിക്കണം, എന്നെയും വിമർശിക്കണം, വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ല.” എന്ന് ഇ എം എസ് പറഞ്ഞകാര്യം പുസ്തകത്തിൽ രേഖപെടുത്തിട്ടുണ്ട്. തന്റെ യഥാർത്ഥ അധ്യാപകൻ ഇങ്ങനെ പറഞ്ഞ ഇ. എം. എസ് ആണെന്നും കുഞ്ഞാമൻ പറയുന്നുണ്ട്.

കേരള സർവകലാശാല ലക്ചറർ തസ്തികയിൽ ജനറൽ കാറ്റഗറിയിൽ റാങ്ക് ഉണ്ടായിട്ടും അദ്ദേഹത്തിന് നിയമനം ലഭിച്ചില്ല. ഇക്കാര്യം പരാതിയായി അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയെ അദ്ദേഹം ധരിപ്പിച്ചു.‘സംവരണ ഒഴിവ് വരുമ്പോൾ ‘ അപേക്ഷിക്കാൻ പറഞ്ഞ് ആന്റണി ഡോ കുഞ്ഞാമനെ തിരിച്ചയച്ച സംഭവം അദ്ദേഹം വേദനയോടെ വെളിപ്പെടുത്തിയിട്ടുണ്ട്.


ഡോ. കുഞ്ഞാമന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു കുട്ടിക്കാല സംഭവം ഇങ്ങനെ – “കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസ്സിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുതി പാണൻ പറയടാ എന്ന് പറയും. സഹിക്കെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു സർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്ന് വിളിക്കാമെന്ന് “

“എന്താടാ നിന്റെ ജാതിപ്പേര് വിളിച്ചാൽ” എന്ന് പറഞ്ഞു എന്റെ ചെക്കിടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ലെന്ന് ആയി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് അന്ന് ഞാൻ വീട്ടിലെത്തിയത്. അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു “നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനെ. നീ നന്നായി വായിച്ചു പഠിക്കൂന്ന് “ അന്ന് മുതൽ കുഞ്ഞാമൻ സ്കൂളിലെ കഞ്ഞി കുടി നിർത്തി. അങ്ങനെ കുഞ്ഞാമൻ ആഴത്തിൽ വായിച്ചുപഠിച്ചു.

മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകൻ ഡോ. രാമൻകുട്ടിയുടെ വാക്കുകൾ- “വൈദ്യത്തിനു അവധികൊടുത്ത് സാമ്പത്തികശാസ്ത്രം പഠിക്കാൻ സി ഡി എസ്സിൽ ചെന്നപ്പോഴാണ് കുഞ്ഞാമനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ഇളയ കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ കുട്ടിക്ക് ജന്മനാ ഉള്ള ഹൃദ്രോഗവും ഉണ്ടായിരുന്നു. അത് ആദ്യം കണ്ടെത്തിയത് ഞാനായിരുന്നു. അവളുടെ നെഞ്ചിൽ ഒരു ഡോക്ടരും സ്റ്റെതസ്കോപ്പ് വെച്ച് നോക്കിയിട്ടില്ല എന്നത് എനിക്കദ്ഭുതം ഉളവാക്കിയ കാര്യമായിരുന്നു. അന്ന് കണ്ടുപിടിച്ചതുകൊണ്ട് വിദഗ്ദ്ധചികിത്സ ചെയ്ത് കുറെക്കാലം അവളുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞു. എങ്കിലും ആ കുഞ്ഞ് അകാലത്തിൽതന്നെ വിട്ടുപോയി. കുഞ്ഞാമനു വലിയ ഹൃദയവേദന ഉണ്ടാക്കിയ കാര്യമായിരുന്നു അത്. അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഒരു ദിവസം അഞ്ചാറുവയസ്സുള്ള മൂത്തമകളെ നോക്കാൻ ആരുമില്ലാതെ അന്നവളെ എൻ്റെ ഹോസ്റ്റൽ മുറിയിൽ എൻ്റെ കൂടെ വിട്ടിട്ടാണ് അവർ പോയത്.”

ഒരു പാർട്ടിയുടേയും വാലും ചൂലുമാകാത്തതിനാൽ യോഗ്യതയുണ്ടായിട്ടും പല പദവികളും വലിയ സ്ഥാനമാനങ്ങളുമൊക്കെ കുഞ്ഞാമനെ തേടിയെത്തിയില്ല. ലഭിച്ച പലതും അദ്ദേഹം നിരസിച്ചു. കുറഞ്ഞ പക്ഷം ഒരു സർവകലാശാലയുടെ വി സിയെങ്കിലും ആകാൻ മറ്റാരെക്കാളും യോഗ്യത അദ്ദേഹത്തിനുണ്ടായിരുന്നു. സ്വജീവിതത്തിൽ അംഗീകാരങ്ങളെക്കാൾ അദ്ദേഹം ആഗ്രഹിച്ചത് സമൂഹത്തിലെ ഉച്ചനീചിത്വങ്ങൾക്കും, ജാതിവിവേചനങ്ങൾക്കും അറുതി വരുത്തുക എന്നതായിരുന്നു. അതുകൊണ്ടുകൂടിയാണ് ‘എതിര്’ന് ലഭിച്ച കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം പ്രഖ്യാപിച്ചയുടൻ നിരസിച്ചത്. അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്ത് അന്ന് പലരും സമൂഹ്യമാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. കേവലം ഒരവാർഡിൽ ഒതുങ്ങുന്നതല്ല ഡോ എം കുഞ്ഞാമന്റെ മഹത്വവും വ്യക്തിപ്രഭാവവും. അടിച്ചമർത്തപ്പെട്ടവരുടെ ധീരമായ പ്രതീകമാണ് ഡോ എം കുഞ്ഞാമൻ.

പട്ടിണിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നുള്ള മോചനത്തിനായി വെറുമൊരു കഞ്ഞിപ്പിഞ്ഞാണത്തിൽ നിന്നും പിൽക്കാലത്ത് അദ്ദേഹം ലോകപ്രശസ്തനായ ഡോ എം കുഞ്ഞാമനായി. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. കുസാറ്റില്‍ നിന്നും പിഎച്ച്ഡി യും, യുജിസി കമ്മീഷന്‍ അംഗവും, അനേകം പുസ്തകങ്ങളുടെ രചയിതാവായും, കേരളത്തിനു പുറത്ത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസറായും സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ഡോ എം കുഞ്ഞാമന്റെ വേർപാട് അക്കാദമിക തലത്തിൽ കനത്ത നഷ്ടമാണ്. ഒഴുക്കിനെതിരെ നീന്തി അവസാനിപ്പിച്ച ശ്രേഷ്ഠജീവിതം!