Sun. Feb 25th, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

മാദ്ധ്യമ ഭീമന്മാരുടെ എലിക്കെണികളിൽ വീഴാത്ത ഇന്ത്യയിലെ എഴുത്തുകാരായ ആദിവാസി-ദലിത് പെൺകരുത്തുകളാണ് ജാർഖണ്ഡ് റാഞ്ചി ആദിവാസി മേഖലയിൽ നിന്നുള്ള ജസീന്ത കേർക്കറ്റയും തമിഴ്നാട്ടിലെ സുകീർത്ത റാണിയും.

” ‘അ’ കൊണ്ട് ‘അനാർ’ (നീർമാതളം) എന്നെഴുതി
അവർ പറഞ്ഞു;
ആഹാ ! എത്ര സുന്ദരം!
‘ആ’ കൊണ്ട് ‘ആം’ (മാങ്ങ) എന്നെഴുതി
അവർ മാങ്ങയുടെ ഗുണങ്ങൾ വർണ്ണിച്ചു
‘അ’ കൊണ്ട് ‘അധികാരം’ എന്നെഴുതിയപ്പോൾ അവർ
ക്രുദ്ധരായി ” ജസീന്ത കേർക്കറ്റയുടെ ഒരു കവിതയിലെ ഏതാനും വരികളാണ്.

ദളിത്-ആദിവാസി സ്ത്രീഎഴുത്തുകാർ സമീപകാല സാഹചര്യങ്ങൾ ഉൾക്കൊണ്ട് എങ്ങനെ ചിന്തിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ കവിത. കവിയും,പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് ജസീന്ത. ഈ അടുത്തിടെയാണ് ജസീന്ത മാദ്ധ്യമശ്രദ്ധ നേടിയത്. അത് കവിതകൊണ്ട് മാത്രമായിരുന്നില്ല.


‘ഇന്ത്യാ ടുഡേ ഗ്രൂപ്പ് ‘ നൽകുന്ന ഒരു സാഹിത്യ അവാർഡ് നിരസിച്ചതിലൂടെയാണ് ജസീന്ത ശ്രദ്ധേയയായത്. ഇന്ത്യാ ടുഡേ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ആദിവാസി ഗോത്ര സമൂഹങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ‘ആജ് തക് സാഹിത്യ ജാഗൃതി ഉദുമൻ പ്രതിഭ സമ്മാൻ’ എന്ന പ്രശസ്തമായ സാഹിത്യ അവാർഡ് ജസീന്ത നിരസിച്ചത്.

പത്രപ്രവർത്തകയും കവിയും ആക്ടിവിസ്റ്റുമാണ് ജസീന്ത. ഇന്ത്യയിലെ ആദിവാസികളുടെ വ്യവസ്ഥാപിത അടിച്ചമർത്തലിനെതിരായ പോരാട്ടങ്ങളിലൂടെയാണ് ജസീന്തയെ ലോകം അറിഞ്ഞത്. ഒഡീഷ അതിർത്തിക്കടുത്തുള്ള സരന്ദ വനത്തിന്റെ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഖുദാപോഷിൽ പുഷ്പ അനിമ കേർക്കേറ്റയുടെയും ജയ്പ്രകാശ് കേർക്കേറ്റയുടെയും മകളായി 1983 ഓഗസ്റ്റ് 3 നാണ് ഒരു ഒറോൺ ഗോത്രവിഭാഗത്തിൽ ജസീന്ത ജനിച്ചത്.

ജാർഖണ്ഡിലെ സന്താൽ പർഗാന ഡിവിഷനിലെയും ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലെയും സ്കൂളുകളിലാണ് ജസീന്ത പഠിച്ചത്.13 ആം വയസ്സിൽ മനോഹർപൂരിലെ ഒരു മിഷനറി ബോർഡിംഗ് സ്കൂളിൽ ചേർന്നു.2006 ൽ റാഞ്ചിയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും വീഡിയോ പ്രൊഡക്ഷനിലും ബിരുദം നേടി. 2016 ൽ മാസ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.


പ്രദേശത്തെ മുഖ്യധാരാ റിപ്പോർമാരുടേയോ പ്രാദേശിക റിപ്പോർട്ടർമാരുടെ ശ്രദ്ധയിൽപ്പെടാത്ത നിരവധി വിഷയങ്ങൾ പുറംലോകത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ജസീന്ത ഒരു പത്രപ്രവർത്തകയാകാൻ തീരുമാനിച്ചത്. 2010 മുതൽ 2013 വരെ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരന്റെ റാഞ്ചി പതിപ്പിൽ റിപ്പോർട്ടറായി ജോലി ചെയ്തു . 2014 ൽ യുഎൻഡിപി അവാർഡ് ലഭിച്ചു. “ജാർഖണ്ഡിലെ അഞ്ച് ജില്ലകളിൽ ആദിവാസികളും ഖനനവും” എന്ന പേരിൽ ഒരു പഠനം നടത്തി.2019 മുതൽ ഇന്ത്യൻ ഓൺലൈൻ ന്യൂസ് പോർട്ടലായ ദി വയറിന്റെ ഹിന്ദി പതിപ്പിന്റെയും പ്രഭാത് ഖബർ ദിനപത്രത്തിന്റെ റാഞ്ചി പതിപ്പിന്റെയും കൺസൾട്ടന്റാണ്. 2015 മുതൽ ജാർഖണ്ഡിലെ സിംഡെഗ,ഖുന്തി ജില്ലകളിലെ ആദിവാസി ഗ്രാമങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു. 26 ശതമാനത്തിലധികം ആദിവാസി ജനസംഖ്യയുള്ള ബീഹാറിൽ നിന്ന് 2000 ൽ വേർപിരിഞ്ഞ സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിനെ കേന്ദ്രീകരിച്ചാണ് ജസീന്തയുടെ പ്രവർത്തനം. സംസ്ഥാന രൂപീകരണത്തെ തുടർന്നുണ്ടായ വ്യാവസായികവൽക്കരണം ആദിവാസികളുടെ ഉപജീവനമാർഗത്തെ അപകടപ്പെടുത്തുന്ന ആഘാതങ്ങളുമാണ് ജസീന്തയുടെ രചനകളിൽ കൂടുതലും.

2014 ൽ ബാങ്കോക്കിലെ ഏഷ്യാ ഇൻഡിജിനസ് പീപ്പിൾസ് പാക്റ്റ് (എഐപിപി) പത്രപ്രവർത്തനത്തിന് ഇൻഡിജിനസ് വോയ്സ് ഓഫ് ഏഷ്യ അവാർഡ് നൽകി.ആ വർഷം സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ജാർഖണ്ഡ് ഇൻഡിജിനസ് പീപ്പിൾസ് ഫോറത്തിന്റെ കവിതയ്ക്കുള്ള അവാർഡും ഛോട്ടാ നാഗ്പൂർ കൾച്ചറൽ അസോസിയേഷന്റെ പ്രേരണ സമ്മാൻ അവാർഡും ലഭിച്ചു. വാരണാസിയിലെ രവിശങ്കർ ഉപാധ്യായ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് രവിശങ്കർ ഉപാധ്യായ മെമ്മോറിയൽ യൂത്ത് പോയട്രി അവാർഡ് നൽകി. 2017 ൽ പ്രഭാത് ഖബർ ദിനപത്രം അപരാജിത അവാർഡ് നൽകി. 2019 ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വുമൺ എക്‌സ്‌പ്ലർ റെക്കഗ്‌നിഷൻ അവാർഡ് നൽകി ആദരിച്ചു. ഫോർബ്സ് ഇന്ത്യ 2022 ൽ ഇന്ത്യയിലെ മികച്ച 20 സ്വയം സംരംഭക സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുത്തു.

ഈ വർഷമാണ് (2023 ) സുകീർത്ത റാണിയെന്ന തമിഴ് എഴുത്തുകാരി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻ്റെ ‘ദേവി അവാര്‍ഡ്’ നിരസിച്ചത്. ദേവി അവാർഡിൻ്റെ സ്പോൺസർമാരിൽ ഒരാൾ ഗൗതം അദാനിയാണ്. ഇക്കാരണത്താൽ അദാനി ഗ്രൂപ്പ് മുഖ്യ സ്പോണ്‍സര്‍ ആയ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് ഏറ്റുവാങ്ങുന്നത് ആശയപരമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ദേവി അവാര്‍ഡ് നിരസിച്ചുകൊണ്ട് സുകീർത്ത റാണി പ്രതികരിച്ചിരുന്നു.


“അദാനിയുടെ സാമ്പത്തിക പിന്തുണയില്‍ നിന്നുകൊണ്ടുള്ള ഒരു പരിപാടിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ദേവി അവാര്‍ഡ് നിരസിക്കുന്നു. നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്മാറില്ല. ഈ അവാർഡ് എൻ്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ് “

സ്വന്തം പ്രവര്‍ത്തന മേഖലകളില്‍ കഴിവുതെളിയിച്ച 12 വനിതകള്‍ക്ക് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ദേവി അവാര്‍ഡ്. ദളിത് സാഹിത്യത്തിന് സുകീര്‍ത്തറാണി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്. ശാസ്ത്രജ്ഞ ഡോ.ഗഗന്‍ ദീപ് കാങ്,രാധിക സന്താനകൃഷ്ണ, സ്‌ക്വാഷ് താരം ജോഷ്ന ചിന്നപ്പ എന്നിവരുള്‍പ്പടെ 12 വനികള്‍ക്കായിരുന്നു അവാര്‍ഡ്. ഇതിൽ സുകീർത്ത ഒഴികെ ബാക്കി 11 പേരും അവാർഡ് കൈപ്പറ്റി.

തമിഴിലെ അറിയപ്പെടുന്ന ദളിത് എഴുത്തുകാരിയാണ് സുകീര്‍ത്ത റാണി. റാണിപ്പേട്ട ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ തമിഴ് അദ്ധ്യാപിക. സാമ്പത്തിക ശാസ്ത്രത്തിലും തമിഴ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം.  കൈപട്രി എന്‍ കനവ് കേള്‍, ഇരവ് മിരുഗം, കാമാത്തിപ്പൂ, അവളെ മൊഴിപേയാര്‍ത്താള്‍, ഇപ്പടിക്കു യെവള്‍, തീണ്ടാപാടാത്ത മുത്തം എന്നീ ആറ് കവിതാ സമാഹാരങ്ങളുടെ രചയിതാവാണ് സുകീർത്ത.


സ്ത്രീ ശരീരത്തെക്കുറിച്ചും, അതിന്റെ ആഘോഷങ്ങളെക്കുറിച്ചും, ദളിത് ജീവിതാനുഭവങ്ങളെക്കുറിച്ചും, ജാതിവ്യവസ്ഥയെക്കുറിച്ചും ഒക്കെയാണ് സുകീര്‍ത്ത റാണിയുടെ കവിതകള്‍ സംവദിക്കുന്നത്. തേവമകള്‍ കവിതൂവി അവാര്‍ഡ്, പുതുമൈപ്പിത്തന്‍ മെമ്മോറിയല്‍ അവാര്‍ഡ്, പെങ്ങള്‍ മുന്നണിയുടെ വുമണ്‍സ് അച്ചീവര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സുകീര്‍ത്ത റാണിയുടെ കവിതകള്‍ ഇംഗ്ലീഷ്,മലയാളം, കന്നഡ,ഹിന്ദി, ജര്‍മ്മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും തമിഴ്നാട്ടിലെ കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപ്പവിന്‍ ന്യഭാഗമരാധി എന്ന സുകീര്‍ത്തറാണിയുടെ കവിതയെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ ചിത്രമാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയ കണ്ണാടിമീന്‍. 2009 ല്‍ ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരായ അക്രമങ്ങള്‍ നടന്നപ്പോള്‍ സുകീര്‍ത്തറാണി അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് രംഗത്തിറങ്ങി. നിരവധി കവികള്‍ ആ പ്രതിഷേധത്തില്‍ അവരോടൊപ്പം പങ്കുവച്ചിരുന്നു.

തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ലാലാപേട്ട് എന്ന ഗ്രാമത്തിലാണ് സുകീര്‍ത്തറാണി ജനിച്ചത്. ആ പ്രദേശത്തെ ദളിത് കുടുംബങ്ങളിലൊന്നായിരുന്നു അവരുടേത്. സുകീർത്തയുടെ മാതാപിതാക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. സുകീര്‍ത്ത റാണിയുടെ തലമുറയാണ് ആദ്യമായി ബിരുദം നേടുന്നത്. കുലത്തൊഴിലായി ശവസംസ്‌കാര ചടങ്ങുകളില്‍ പറ/പരിയാ എന്ന് അറിയപ്പെടുന്ന സംഗീതോപകരണം വായിച്ചിരുന്നു. വര്‍ഷാവര്‍ഷം പറ വായിക്കാന്‍ ഓരോരുത്തരെ ഏര്‍പ്പെടുത്തും. സുകീര്‍ത്തറാണിയുടെ പിതാവിന് അതിലൊന്നും താല്പര്യമില്ലാതിരുന്നിട്ടും ആ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു.എന്നാല്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കി. ഇത്തരത്തില്‍ ചെറുപ്പകാലത്ത് തന്നെ ജാതീയമായ വേർതിരിവുകള്‍ അനുഭവിച്ച കവിയാണ് സുകീര്‍ത്ത റാണി.


സുകീര്‍ത്തറാണിയുടെ കവിതകള്‍ അനുവാചകരോട് സംവദിക്കുന്നത് ദളിത്, ഫെമിനിസ്റ്റ് മുഖങ്ങളുമായാണ്. ഇരവു മിരുഗം എന്ന കൃതിയില്‍ ശരീരത്തെക്കുറിച്ചും ദളിത് സ്വത്വത്തെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചുമെല്ലാം സുകീര്‍ത്തറാണി പറയുന്നുണ്ട്. ജാതീയമായ വേര്‍ത്തിരിവ് ഏറെ പ്രകടമായ തമിഴ്നാടിനെപോലെ ഒരു സംസ്ഥാനത്ത് ജനിച്ചതിനാല്‍ മാത്രമല്ല, ദളിതയായി ജനിച്ചതിനാല്‍ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതിനാല്‍ കൂടിയാണ് തന്റെ കവിതകള്‍ക്ക് സാമൂഹിക വിഷയങ്ങള്‍ തിരഞ്ഞെടുത്തതെന്ന് സുകീര്‍ത്തറാണി വ്യക്തമാക്കിയിരുന്നു.

സുകീർത്തയുടെ വാക്കുകൾ – “രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്‍കുട്ടി എനിക്ക് മിഠായി നല്‍കി. പിറ്റേന്ന് ആ പെണ്‍കുട്ടിക്ക് ഞാൻ മധുരപലഹാരം വാങ്ങി നല്‍കിയെങ്കിലും അവളത് തട്ടിയെറിയുകയാണുണ്ടായത്. എന്തുകൊണ്ടാണ് അവള്‍ അങ്ങനെ ചെയ്തത് എന്ന് കുറേ ചിന്തിച്ചു. ഞാന്‍ ദളിതും അവള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവളുമായിരുന്നു. അക്കാലത്ത് ദളിത് കുട്ടികളുമായി ഇടപഴകരുതെന്നുപോലും നിര്‍ദ്ദേശിക്കുമായിരുന്നു. അത്രമേല്‍ ജാതിയമായ വേർതിരിവുള്ള ഒരു സമൂഹത്തില്‍ നിന്നാണ് ഞാൻ മുന്നോട്ടുവരുന്നത്. റാണിപ്പേട്ടയിലെ അധ്യാപികയായ ശേഷം പഴയ സ്‌കൂളും ക്ലാസ് മുറിയുമെല്ലാം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് മനസ്സിലുയര്‍ന്ന ചോദ്യങ്ങളെല്ലാം എൻ്റെ കവിതകളായി പരിണമിക്കുകയായിരുന്നു. സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ദളിത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മറ്റ് സ്ത്രീകളുടെ പ്രശ്നങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സവര്‍ണ്ണ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദളിത് സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്.ദളിത് സ്ത്രീകളാണ് കൂടുതലും അക്രമത്തിന് വിധേയമാകുന്നത്. സ്ത്രീകളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ സ്വജാതിയില്‍പ്പെട്ട പുരുഷന്മാരും ശ്രമിക്കുന്നുണ്ട് “

സുകീര്‍ത്ത റാണിയ്ക്ക് ഏറെ പ്രിയപ്പെട്ട സാഹിത്യ രൂപമാണ് കവിത. വളരെ ചുരുങ്ങിയ വാക്കുകളില്‍ സ്വന്തം രാഷ്ട്രീയം പ്രതിഫലിപ്പിക്കുകയാണ് സുകീര്‍ത്ത റാണി.