Fri. Mar 1st, 2024

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പോലീസ് കാണിച്ച പത്തിലധികം ഫോട്ടോയില്‍ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. ചാത്തന്നൂര്‍ സ്വദേശി കെ ആര്‍ പത്മകുമാറും ഭാര്യയും മകളുമാണ് സംഭവത്തില്‍ പിടിയിലായത്. കുട്ടിയുടെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിലേക്ക് നയിച്ചതെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.


പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക് വിദേശത്ത് നഴ്‌സിംഗ് പഠനത്തിന് സീറ്റ് ലഭിക്കാന്‍ ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാക്ക് നല്‍കി റെജി പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ റെജി വാക്ക് പാലിച്ചില്ലെന്നും പലകുറി പണം തിരികെ ചോദിച്ചിട്ടും നല്‍കിയില്ലെന്നും പ്രതി പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ റെജിയ്ക്ക് കൈമാറിയതായി പറയുന്നത്. മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ലെന്നു മാത്രമല്ല പണവും തിരിച്ചുനല്‍കിയില്ല. ഒരു വര്‍ഷത്തോളം പണത്തിനായി റെജിയെ ബന്ധപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പോലീസിനോട് പറഞ്ഞത്.

അതേ സമയം കൃത്യത്തില്‍ തനിക്ക് മാത്രമാണ് പങ്കെന്നും ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും ആവര്‍ത്തിച്ചു. പത്മകുമാര്‍ ഭാര്യയെ ഭയപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഭാര്യ എതിര്‍ത്തിരുന്നു. വീടിന് ജപ്തി ഭീഷണിയുണ്ടെന്നും ആത്മഹ്ത്യ ചെയ്യുമെന്നും ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.


കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘത്തിന്റെ സഹായം ലഭിച്ചിരുന്നതായി പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. ഈ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ആണ്‍കുട്ടി പ്രതിരോധിച്ചതോടെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം വാങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സഹോദരന്‍ വിവരം പുറത്തറിയച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്.

തട്ടികൊണ്ടുപോയ അബിഗേലിനെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാംഹൗസിലാണ് താമസിപ്പിച്ചതെന്നും സൂചനയുണ്ട്. റെജിയേയും കുടുംബത്തേയും സമ്മര്‍ദത്തിലാക്കി പണം ഈടക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്നുമാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂര്‍ പോലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.