Sun. Feb 25th, 2024

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ മുന്‍കൂര്‍ ജാമ്യം തേടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി നല്‍കിയത് വ്യാജ മൊഴിയാണെന്നും അഡ്വ. പി ജി മനു പറഞ്ഞു. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്ക് പിന്നില്‍ എന്നും സാമൂഹിക മാധ്യമങ്ങളിലൂടെയും അപമാനിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.


സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമര്‍പ്പിച്ചു. യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പോലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്.

2018 ല്‍ ഉണ്ടായ മറ്റൊരു കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പോലീസ് നിര്‍ദ്ദേശപ്രകാരമായിരുന്നു അഭിഭാഷകനെ കണ്ടത്. കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.