Fri. Mar 1st, 2024

കോഴിക്കോട്: കെ.കരുണാകരന്‍ മന്ത്രിസഭയിലെ കൃഷി മന്ത്രിയായിരുന്ന സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എര്‍ത്ത് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അന്ത്യം. കൽപ്പറ്റ നിയമസഭാമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്(ആര്‍) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്നു സിറിയക് ജോണ്‍.


കേരളത്തില്‍ കൃഷി ഭവനുകള്‍ ആരംഭിച്ചത് സിറിയക് ജോണ്‍ കൃഷിമന്ത്രി ആയ കാലത്താണ്. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാള്‍ പ്രവര്‍ത്തിച്ച സിറിയക് ജോണ്‍ താമരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കടിംഗ് സഹകരണാ ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടര്‍ച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. കെ.പി.സി.സി, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.

രണ്ട് വര്‍ഷമായി മറവി രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. കട്ടിപ്പാറയിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍.