Fri. Mar 1st, 2024

കൊല്ലം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്ത്. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് ആറു വയസുകാരി. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് പ്രതികളുടെ രേഖാചിത്രം വരയ്ക്കാന്‍ തയാറാക്കന്‍ പൊലീസ് തീരുമാനെമെടുത്തത്. ആശുപത്രി വിട്ട കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. ശേഷം കുട്ടിയെ വീട്ടിലേക്ക് വിടും.


കാറ് കേന്ദ്രീകരിച്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. നിലവില്‍ കാറിനപ്പുറം പ്രതികളിലേക്ക് എത്താന്‍ കഴിയുന്ന സൂചനകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നാണ് പൊലീസ് പറയുന്നു. അതേസമയം കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവിന്റെ പത്തനംതിട്ടയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്‍ റെജി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി. ഈ സ്ഥാനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ നടന്ന വിവിധ സംഭവങ്ങളില്‍ പോലീസിനു സംശയമുണ്ട്. ഈ പശ്ചാത്തലത്തില്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്നാണു പോലീസ് പറയുന്നു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ളാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പോലീസ് പരിശോധന നടത്തിയത്.