Fri. Mar 1st, 2024

മലപ്പുറം: കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പോലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.


ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. സഹോദരനായ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. കാറില്‍ എത്തിയ സംഘമാണ് ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

കാറില്‍ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടക്കം കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.

ദൃശ്യങ്ങളില്‍ കാറ് കണ്ടെത്തി. എന്നാല്‍ കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. അതേസമയം, തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍, കാറിന്റെ നമ്പര്‍ വ്യാജമാകാനും സാധ്യതയുണ്ട്.