Fri. Mar 1st, 2024

താമരശ്ശേരി: താമരശ്ശേരി രൂപതാ നേതൃത്വം ഫാ. അജി പുതിയപറമ്പിലിന് മത, സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തി. കുര്‍ബാന സ്വീകരിക്കുന്നത് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നതിനു വരെ വിലക്കുണ്ട്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഫാദര്‍ അജി പുതിയ പറമ്പിലിനെ വിചാരണ ചെയ്യാന്‍ നേരത്തെ മത കോടതി സ്ഥാപിച്ചത് വിവാദമായിരുന്നു.സിറോ മലബാര്‍ സഭയുടെ സംഘപരിവാര്‍ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ചിരുന്നു ഫാദര്‍ അജി പുതിയാപറമ്പില്‍. കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സിറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാദര്‍ അജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.


പരസ്യമായ കുര്‍ബാന സ്വീകരണം പാടില്ല.ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാന്‍ പാടില്ല.കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല.

വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാന്‍ പാടില്ല. പിതൃഭവനം, മത മേലധികാരി, കാനന്‍ നിയമ പണ്ഡിതന്‍ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ.

മറ്റാരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം. സാമൂഹിക മാധ്യമങ്ങളില്‍ യാതൊന്നും എഴുതാന്‍ പാടില്ല. ടി വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുത്. പൊതു മീറ്റിങ്ങുകളില്‍ പങ്കെടുക്കരുത്.

പൊതുവേദികളില്‍ പ്രസംഗിക്കരുത് തുടങ്ങിയവയാണു വിലക്കുകള്‍. ഫാ. അജി പുതിയപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിലക്കുകള്‍ക്കെതിരേ സഭയുടെ ഉപരിഘടകങ്ങളില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.