Sun. Feb 25th, 2024

കണ്ണൂര്‍: വധശ്രമക്കേസിനെ രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ കലാപഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ആണ് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.


കല്യാശ്ശേരി മണ്ഡലം നവ കേരള സദസ് പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.തടയാനെത്തിയ ഡിവൈഎഫ്‌ഐ- സിപിഐഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹെല്‍മറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.

എന്നാല്‍, പ്രവര്‍ത്തകരുടേത് ജീവന്‍രക്ഷാ പ്രവര്‍ത്തണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം. മന്ത്രിമാര്‍ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.