Wed. Apr 24th, 2024

മാവേലിക്കര: കേരളത്തിൽ സാമൂഹിക പരിഷ്‌കർത്താക്കളും നവോത്ഥാന നായകരും നടത്തിയ നിരന്തര സമരത്തിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങൾ പുനരുത്ഥാന ശക്തികൾ ആസൂത്രിതമായി ചവിട്ടിമെതിക്കുന്നകാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡൻറ് ഗംഗൻ അഴീക്കോട്. ജാത്യാചാരം ലംഘിച്ചുകൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതോടെയാണ് നമ്പൂതിരിമാർ ചെയ്യുന്നതെന്തും വിശിഷ്ടമാണെന്ന തോന്നലിന് മാറ്റം വന്നത്. നമ്പൂതിരിമാരുടെ അധികാരാധീശത്വങ്ങളും മേധാവിത്വവുമാണ് ഗുരു വെല്ലുവിളിച്ചത്.

എന്നാൽ അതൊക്കെ വീണ്ടും വരുന്നതിന്റെ സൂചനയാണ് ഗുരുവായൂർ ദേവസ്വത്തിലെ പാചകക്കാരൻ പോലും ബ്രാഹ്മണൻ ആയിരിക്കണമെന്ന നോട്ടിഫിക്കേഷൻ. കൂടൽ മാണിക്യ ക്ഷേത്രത്തിലും ശബരിമല മേൽശാന്തി നിയമനത്തിലുമൊക്കെ പച്ചയായ ജാതിവിവേചനമാണ് അന്ധവിശ്വാസത്തെ മറയാക്കിക്കൊണ്ട് കേരളത്തിൽ നടക്കുന്നത്. ചില കലാകാരന്മാരുൾപ്പെടെ അടുത്തജന്മത്ത് ബ്രാഹ്മണനാകണമെന്നും പറഞ്ഞു നടക്കുന്ന നാടായിരിക്കുകയാണ് നവോത്ഥാന കേരളം. നാരായണഗുരുവും നവോത്ഥാന പ്രസ്ഥാനവും പിഴുതെറിഞ്ഞ ജാത്യാചാരങ്ങളെ പുന:പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പ്രചരണ പരിപാടികളുമായി യുക്തിവാദി സംഘം മുന്നോട്ടുപോകുമെന്ന് ഗംഗൻ അഴീക്കോട് പറഞ്ഞു.


മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാളിൽ കേരളയുക്തിവാദി സംഘം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ ദ്രാവിഡ കഴകം ഡെപ്യൂട്ടി സെക്രട്ടിമാരായ എസ്സ് പ്രിൻസ് എന്നാറെസ് പെരിയാറും, അഡ്വ. മതിവദനി എന്നിവരും ശൂരനാട് ഗോപൻ, അഡ്വ.പിജി ലെനിൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഭിലാഷ് ശ്രീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡി. പ്രകാശൻ സ്വാഗതവും കൃഷ്ണൻ വേലൻചിറ നന്ദിയും പറഞ്ഞു.

ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഹ്യുമനിസ്റ്റ് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ശാസ്ത്രാവബോധ ക്‌ളാസിൽ അഭിജിത്ത് കെ. എം, മിഡാഷ പിഎം, അഡ്വ, ശ്യാമിലി ശശികുമാർ, വൈശാഖൻ ഉഷ, അനുപമ വി എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾ നയിച്ചു.

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കുക, യുദ്ധ നീതി ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിൻറെ പലസ്തീൻ ജനതയുടെ മേലുള്ള കയ്യേറ്റം അവസാനിപ്പിക്കുക, പൊതുസ്ഥലം കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ നീക്കം ചെയ്യുകയും ശബ്ദ മലിനീകരണ നിയമം നടപ്പിലാക്കുകയും ചെയ്യുക, എന്നീ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ ജില്ലാ പ്രസിഡന്റായി കൃഷ്ണൻ വേലൻ ചിറയെയും സെക്രട്ടറിയായി എസ്. അഭിലാഷിനെയും ട്രഷററായി കെബി രത്‌നാകരനെയും സമ്മേളനം തെരഞ്ഞെടുത്തു.