Sun. Feb 25th, 2024

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം.


221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. ജൂണ്‍ 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. അംഗത്വമെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ പറ്റുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ആയിരുന്നു ഇത്തവണത്തേത്.

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് വാങ്ങിയ ഉത്തരവിനെ തുടര്‍ന്നും ഇടക്കാലത്ത് നിര്‍ത്തിവച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നീണ്ടു പോയത്. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം അംഗങ്ങള്‍ പങ്കാളികളായെന്നാണ് അന്തിമ കണക്കുകള്‍ പറഞ്ഞത്. 50 രൂപയാണ് അംഗത്വ ഫീസായി സ്വീകരിച്ചത്. ഭാരിച്ച സാമ്പത്തിക ബാധ്യതയിലും വാശിയേറിയ തെരഞ്ഞെടുപ്പാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ നടന്നത്.