Sat. Mar 2nd, 2024

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന പേരില്‍ നടപടി നേരിട്ട ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അതേ സമയം, ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.കഴിഞ്ഞ ആറ് മാസത്തോളമായി സസ്പെന്‍ഷനിലായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവായത്.


എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഐജി പി വിജയനെ മെയ് 18 നാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. ആരോപണങ്ങള്‍ ശരിവെച്ചാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.