Mon. Apr 15th, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

ദേശീയ ഐക്യദിനമായി ആഘോഷിക്കുന്ന സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷികദിനത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് നാം കേരളപ്പിറവി കൊണ്ടാടുന്നത്. രാജഭരണത്തെ അനുകൂലിക്കാത്ത, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരുടേയും ഉത്സവമായിരിന്നു 1956 നവംബർ ഒന്നിലെ പ്രഥമ കേരളപ്പിറവി ദിനം. കേരളത്തിലെമ്പാടും അന്ന് ഉത്സവമായിരുന്നു.പല ഘടകങ്ങളും കൂടിച്ചേർന്നാണ് ഐക്യകേരളം എന്ന ആശയം പ്രാവർത്തികമായത്. തിരു-കൊച്ചിയിലേയും, മലബാറിലേയും അന്നത്തെ രാഷ്ട്രീയ കക്ഷികൾ കക്ഷിഭേദം മാറ്റിവച്ച് രാജഭരണം അവസാനിപ്പിക്കാൻ സജീവമായി നിലകൊണ്ടു.

തിരുവിതാംകൂറിൽ ജാതിയുടെ പേരിൽ അടിയളന്ന് മാറ്റിനിർത്തിയ, വിദ്യാഭ്യാസവും ജോലിയും നിക്ഷേധിക്കപ്പെട്ട, പ്രാഥമിക ചികിത്സപോലും ലഭിക്കാതിരുന്ന, മൃഗീയ പീഢനങ്ങൾ അനുഭവിച്ച ദലിത്-പിന്നോക്ക അധ:സ്ഥിത വിഭാഗങ്ങളുടെ ആഘോഷം കൂടിയായി 1956 നവംബർ ഒന്നിലെ കേരളം പിറന്ന ദിനം മാറി. അന്നേദിവസം ചിത്തിരതിരുനാൾ മഹാരാജാവ് പദവിയിൽ നിന്നും ഒഴിഞ്ഞ് പി എസ് റാവു ഐക്യകേരളത്തിൻ്റെ ആക്ടിംഗ് ഗവർണറായി ചുമതലയേറ്റു.


രാജഭരണത്തിൻ്റെ കെട്ടകാലം അതോടെ അവസാനിച്ചെങ്കിലും, രാജാവിൻ്റെ പിണിയാളുകളും, രാജാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും അന്ന് ശോകമൂകമായി. രാജഭക്തന്മാർക്കിടയിൽ നിരാശയും അസ്വസ്തതയും ഉടലെടുത്തു.ഈ നിരാശാബോധം ഭാഗീകമായെങ്കിലും മാറിക്കിട്ടാൻ പിന്നെയും നാളുകളെടുത്തു. അതേസമയം കുറെ രാജഭക്തന്മാർ വർത്തമാനകാലത്തും തെക്കൻ കേരളത്തിൽ അസ്വസ്തരാണ്.

കോഴിക്കോട്ട് നടന്ന കേരളപ്പിറവി ആഘോഷത്തിൽ പ്രസംഗിച്ച കെ ദാമോദരൻ്റെ വാക്കുകൾ – “കേരളം പിറന്നു കഴിഞ്ഞു.നമുക്ക് ആഹ്ലാദിക്കാം.കേരളക്കരയിലിന്ന് സൂര്യനുദിച്ചത് എണ്ണൂറിലധികം പഴക്കമുള്ള ഒരു രാജകുടുംബത്തിൻ്റെ അസ്തമയം കണ്ടുകൊണ്ടാണ്. നമ്മുടെ നാട്ടിലിനി രാജാക്കന്മാരില്ല “

ഐക്യകേരളത്തിനെതിരെയും, ഇന്ത്യൻ യൂണിയനെതിരേയും ഇന്ത്യയിൽ ആദ്യമായി നിലപാടെടുത്തത് തിരുവിതാംകൂർ ഭരണകൂടമാണ്. പിന്നീട് അതിൻ്റെ ചുവട് പിടിച്ച് കൊച്ചിരാജാവും ഐക്യകേരളത്തിനെതിരെ രംഗത്തുവന്നു.1946 ജൂലൈ 29 ന് കൊച്ചിരാജാവ് കൊച്ചി നിയമസഭയിലേക്ക് ഒരു സന്ദേശമയച്ചു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു – “കൊച്ചിയും, തിരുവിതാംകൂറും, മലബാറും ചേർന്ന് ഐക്യകേരളം രൂപികരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഈ ഐക്യകേരളം ആശംസകൊണ്ട് എൻ്റെ കുടുംബം അധികാരം വച്ചൊഴിയുമെന്ന് അർത്ഥമാക്കേണ്ട.”


ഇവർക്കൊപ്പം വിരലിലെണ്ണാവുന്ന ഇന്ത്യയിലെ ചില നാട്ടുരാജ്യങ്ങളും ഇതേ നിലപാടെടുത്തു. കൊച്ചി ഉൾപ്പടെ ഇന്ത്യൻ യൂണിയനെ എതിർത്തവർ പിന്നീട് നിലപാട് മാറ്റി അയഞ്ഞുവെങ്കിലും, തിരുവിതാംകൂർ പലവിധ വിചിത്ര തൊടുന്യായങ്ങൾ പറഞ്ഞ് ഐക്യകേരളത്തേയും ഇന്ത്യൻ യൂണിയനേയും പൊളിക്കാൻ അവസാനം വരെ നിലകൊണ്ടു.

കൊച്ചിയും മലബാറുമായി തിരുവിതാംകൂർ ചേർന്നാൽ തിരുവിതാംകൂറിൻ്റെ സാമ്പത്തിക വളർച്ച മുരടിക്കുമെന്ന് വിചിത്രവാദവുമായാണ് സർ സിപി ആദ്യം രംഗത്തെത്തിയത്. 1947 മാർച്ച് 15ന് തിരുവനന്തപുരത്ത് നടത്തിയ ഒരു പത്രസമ്മേളനത്തിൽ സർ സിപി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു.സ്വതന്ത്ര തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണരീതിയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതോടെയാണ് ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർന്നത്. ഈ അവസരത്തിൽ വിസ്മരിക്കാൻ പാടില്ലാത്ത ഒരു പേരാണ് സർദാർ വല്ലഭായി പട്ടേലിൻ്റെത് !

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച ദേശീയ ഐക്യത്തിൻ്റെ പ്രതീകമാണ് പട്ടേലെന്ന ഉരുക്കുമനുഷ്യൻ. അതിന് അദ്ദേഹത്തെ സഹായിക്കാനും,
സേനാനായകനായി നിലകൊള്ളാനും മലയാളിയായ സെക്രട്ടറിയും ക്രാന്തദർശിയുമായ വി പി മേനോൻ്റെ കലവറയില്ലാത്ത പിന്തുണയും സംഘാടനശേഷിയും മുതൽക്കൂട്ടായി. സർദാർ പട്ടേലിൻ്റെ ചരിത്രപരമായ പങ്ക് ഇല്ലായിരുന്നുവെങ്കിൽ തിരുവിതാംകൂർ പാക്കിസ്ഥാൻ്റെ ചുവടുപിടിച്ച് ഹിന്ദു പാക്കിസ്ഥാനായി നിലനിൽക്കുമായിരുന്നു. തിരുവിതാംകൂറിലെ ഭരണാധികാരികൾ ഇന്ത്യൻ യൂണിയനിൽ ചേരാതെ അവസാനം വരെ നിലകൊണ്ടു. സർദാർ പട്ടേലും,വി പി മേനോനും അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചതിൻ്റെ ഫലമാണ് നാം ഇന്നു കാണുന്ന കേരളം.
വി പി മേനോൻ്റെ വാക്കുകൾ – “അങ്ങനെ ഒരു നടപടി സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ഇപ്പോൾ കേരളം എന്ന പ്രദേശം സന്ദർശിക്കാനും ശ്രീപത്മനാഭൻ്റെ കോവിലിൽ പ്രാർത്ഥിക്കാനും വിസ ആവശ്യമായി വരുമായിരുന്നു.”


ഇന്ത്യൻ യൂണിയൻ എന്ന ചിരകാല അഭിലാഷം ഇന്ത്യൻ ജനത ഒന്നാകെയും,തിരുവിതാംകൂർ ജനത പ്രത്യേകിച്ചും സ്വപ്നം കാണുമ്പോൾ തിരുവിതാംകൂറിനെ ഒറ്റയ്ക്കൊരു സ്വതന്ത്രരാജ്യമായി നിലനിർത്താൻ വേണ്ട കുൽസിത ശ്രമങ്ങൾ തിരുവിതാംകൂർ ഭരണകൂടം നേരത്തെ ആരംഭിച്ചിരുന്നു.
അമ്മ മഹാറാണി-ചിത്തിര തിരുനാൾ-സർ സി പി ത്രയങ്ങളാണ് ഇതിനുവേണ്ട ചരടുവലികൾ മുഴുവൻ നടത്തിയത്.

“സ്വതന്ത്രരാജ്യമായി നിലനിൽക്കാനുള്ള തിരുവിതാംകൂർ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്തത് മുഹമ്മദലി ജിന്നയായിരുന്നുവെന്ന്” വി പി മേനോൻ്റെ ‘ദി സ്റ്റോറി ഓഫ് ദി ഇൻ്റഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റേറ്റ്സ്’ എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

തിരുവിതാംകൂറിലെ ഭരണാധികാരികൾ ഇന്ത്യൻ യൂണിയനിൽ ചേരില്ല എന്ന അവരുടെ തീരുമാനത്തെ സാധൂകരിക്കുന്നതിന് ‘സാമ്പത്തികം’ വിട്ട് പിന്നീട് ടൂൾ ആയി ഉപയോഗിച്ചത് ഹിന്ദുമതത്തേയും, ശ്രീപത്മനാഭനേയുമായിരുന്നു.
തിരുവിതാംകൂറിൻ്റെ പരമാധികാരി ഭഗവാൻ പത്മനാഭനാണെന്നും,
ഇന്ത്യയുടെ പരമാധികാരത്തിന് വിധേയമാകാൻ കഴിയില്ലെന്നും അവർ തറപ്പിച്ച് പറഞ്ഞു.

“പത്മനാഭനോടുള്ള രാജാവിൻ്റേയും സി പിയുടേയും ഭക്തി,മതഭ്രാന്തിൻ്റെ അതിർ വരമ്പുകൾ ലംഘിച്ചുവെന്നാണ്” വി പി മേനോൻ തൻ്റെ പുസ്തകത്തിൽ പരാമർശിച്ചത്.


മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ വാക്കുകൾ – “തിരുവിതാംകൂറിൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർ സംസ്ഥാന ലയനത്തെക്കുറിച്ച് ചർച്ചചെയ്യാൻ ആർക്കും കഴിയില്ലെന്ന് ശ്രീപത്മനാഭൻ്റെ പേരിൽ വാദമുയർത്തി.ഇന്ത്യൻ യൂണിയനിലേക്ക് സംസ്ഥാനങ്ങളുടെ സംയോജനത്തിൻ്റെ കഥ നമ്മുടെ സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തിന് അനുയോജ്യമായ നാടകീയമായ ഉപസംഹാരമാണ്. അന്ന് സർദാർ പട്ടേൽ സ്വീകരിച്ച വാദങ്ങളും രീതികളും ബഹുമുഖവും ഫലപ്രദവുമായിരുന്നു”

ഇനി പട്ടേലിൻ്റെ വാക്കുകൾ കൂടി- “ഇന്ത്യയിലെ മറ്റ് നാട്ടുരാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി തിരുവിതാംകൂറിൽ മാത്രമാണ് ഒരു ദൈവത്തെ മുൻനിർത്തി ഇന്ത്യൻ യൂണിയൻ്റെ മതേതര അടിത്തറയെ പ്രതിരോധിക്കാൻ ‘ദൈവീക അവകാശ സിദ്ധാന്തം’ പ്രയോഗിച്ചത്.ഒരു ഹിന്ദുദൈവത്തെ ഇതിനായി കരുവാക്കിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.ഹിന്ദുമതം അപകടത്തിലെന്ന വ്യാജമായ അവകാശവാദം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല”

ഇന്ത്യയിൽ ആദ്യമായി ‘ഹിന്ദുമതം അപകടത്തിൽ’എന്ന വാദം ഉയർത്തിയത് തിരുവിതാംകൂർ ഭരണാധികാരികളാണ്.

1950 മേയ് 15ന് തിരുവിതാംകൂറിലെ ചരിത്രസന്ദർശന വേളയിൽ സർദാർ പട്ടേൽ ഒരു ലക്ഷത്തിന് മേൽ ആളുകൾ പങ്കെടുത്ത ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു. അവിടെ കൂടിയ ഒരു ചെറുകൂട്ടം രാജഭക്തന്മാരായ പ്രജകൾ ലയനം നടന്നാൽ ‘ഹിന്ദുമതം അപകടത്തിലാകും’ എന്ന് പട്ടേലിൻ്റെ പ്രസംഗത്തിനിടെ വിളിച്ചുപറഞ്ഞു.

“ഇന്ത്യയിൽ ഹിന്ദുമതം അപകടത്തിലാകില്ല. ഹിന്ദുമതം മരിക്കില്ല. ലോകത്തെമ്പാടും ഇന്ത്യയ്ക്ക് പ്രശസ്തി ഉണ്ടാക്കിയ ഒരു ഹിന്ദു ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പേരാണ് ഗാന്ധിജി. അദ്ദേഹത്തെ കൊന്നത് ഒരു ഹിന്ദുവാണ്. ഇതിൽ ആരാണ് ഹിന്ദു? കൊന്നവനോ, കൊല്ലപ്പെട്ടയാളോ? ആ രീതിയിലാണോ നിങ്ങൾ ഹിന്ദുമതത്തെ സംരക്ഷിക്കുന്നത്?” കൊട്ടാരം ഗൂഢാലോചനയുടെ ചുരുളഴിച്ച് ഹിന്ദുമതം അപകടത്തിലെന്ന നിലവിളി പൊളിച്ചടുക്കിയ പട്ടേലിൻ്റെ വാക്കുകളാണിത്.


ഇന്ത്യാചരിത്രത്തിൽ നിന്നും വിസ്മൃതിയിലാണ്ട വി പി മേനോനെ പ്രത്യേകം പരാമർശിക്കാതെ ഈ ചെറുകുറിപ്പ് പൂർത്തിയാകില്ല. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ, പ്രത്യേകിച്ചും തിരുവിതാംകൂറിനെ സൈനിക നടപടികൾ കൂടാതെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായി പട്ടേലിനെ പ്രാപ്തനാക്കിയത് വി പി മേനോൻ്റെ ഉപദേശവും സഹായവുമാണ്. ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ പട്ടേലിനൊപ്പം അഹോരാത്രം കഠിനാദ്ധ്വാനം ചെയ്ത മഹാനാണ് വി പി മേനോൻ. അദ്ദേഹം നന്നായി വിയർപ്പൊഴുക്കിയത് തിരുവിതാംകൂറിൻ്റെ കാര്യത്തിലായിരുന്നു.

‘ഒരേയൊരിന്ത്യ,ഒരൊറ്റ ജനത’ എന്ന് പിൽക്കാലത്ത് കോൺഗ്രസ്സ് കൊണ്ടാടിയ മുദ്രാവാക്യത്തിൻ്റെ കർത്താവ് വി പി മേനോനായിരുന്നു. ഇന്ത്യൻ യൂണിയൻ രൂപീകരണകാലത്തെ മേനോൻ്റെ ആശയമായിരുന്നു ഇത്. നേരത്തെ പരാമർശിച്ച പുസ്തകം കൂടാതെ ‘ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ’ എന്നൊരു അമൂല്യഗ്രന്ഥം കൂടി വി പി മേനോൻ്റെതായിട്ടുണ്ട്.

ഗവർണറായ ആദ്യത്തെ മലയാളി വി പി മേനോൻ്റെ ജീവചരിത്രം അദ്ദേഹത്തിൻ്റെ ചെറുമകൾ നാരായണി ബസു എഴുതിയിട്ടുണ്ട്. ‘ദി അൺസംഗ് ആർക്കിടെക്റ്റ് ഓഫ് മോഡേൺ ഇന്ത്യ’ എന്ന പേരിൽ. മേനോൻ്റെ ശ്രദ്ധേയമായ ജീവചരിത്രമാണിത്. പട്ടേലിൻ്റെ സംഭവബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കി 1994 ൽ പുറത്തിറങ്ങിയ ‘സർദാർ’ എന്ന ചിത്രത്തിൽ പരേഷ് റാവലാണ് പട്ടേലിനെ അവതരിപ്പിച്ചത്. ആശിഷ് വിദ്യാർത്ഥിയാണ് വി പി മേനോൻ്റെ റോൾ ചെയ്തത്.

ഇതുവരെ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ- തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർത്ത ഭഗീരഥയത്നത്തിന്റെ നായകൻ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലാണ്. ഈ ഉദ്യമം നടപ്പാക്കുന്നതിന് പട്ടേലിന്റെ സേനാനായകനായി പ്രവർത്തിച്ചത് മിനിസ്ട്രി ഒഫ് സ്റ്റേറ്റ്‌സിൽ സെക്രട്ടറിയും മലയാളിയുമായിരുന്ന വി.പി. മേനോനും. തിരു-കൊച്ചി സംയോജനത്തിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചതും മേനോനാണ്.