Sun. Feb 25th, 2024

തിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. അടുത്തിടെ തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രവദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സാബു പ്രവദാസ് രാജാവിന്റെ മകന്‍, മനു അങ്കിള്‍, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു.


‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന പുസ്തകത്തിനാണ് പ്രവദാസിന് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഐ എഫ് എഫ് കെ ഉള്‍പ്പെടെയുള്ള ചലച്ചിത്ര മേളകളുടെ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്‍ സ്ഥാപക നേതാവാണ്.

എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരനാണ് പിതാവ്. മാതാവ്: മേനക സുകുമാരന്‍. സഹോദരന്‍: അമ്പിളി പ്രവദ (നിശ്ചല ഛായാഗ്രാഹകന്‍). പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരന്‍ സഹോദരീ ഭര്‍ത്താവാണ്.