Sat. Feb 24th, 2024

സ്റ്റോക്ക്ഹോം: 2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു. കാതലിന്‍ കരികോ, ഡ്ര്യൂ വൈസ്മന്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. mRNA കൊവിഡ് വാക്സീന്‍ വികസിപ്പിച്ചതിനു പിന്നിലുള്ള ഗവേഷണമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ഹംഗറിയിലെ സോല്‍നോക്കില്‍ ജനിച്ച കാതലിന്‍ ഷീജ്ഡ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെരില്‍മന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അഡ്ജങ്ട് പ്രൊഫസറുമാണ്. യു.എസിലെ മസാച്യുസെറ്റ്സ് സ്വദേശിയാണ് ഡ്ര്യൂ വൈസ്മന്‍. നിലവില്‍ വാക്സീന്‍ റിസര്‍ച്ചില്‍ റോബര്‍ട്ട്സ് ഫാമിലി പ്രൊഫസറും പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍.എന്‍.എ ഇനൊവേഷന്‍സിന്റെ ഡയരക്ടറുമാണ്.


കൊവിഡിനെതിരെ ഫലപ്രദമായ mRNA വാക്സീന്റെ നിര്‍മാണത്തില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വ്യക്തമാക്കി. ആധുനികകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെ അഭൂതപൂര്‍വമായ വാക്സിന്‍ വികസിപ്പിച്ചതില്‍ വലിയ സംഭാവന നല്‍കിയവരാണ് ഇരുവരുമെന്ന് സമിതി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ മെഡലും ഒരു മില്യന്‍ ഡോളറും(8.24 കോടി രൂപ) ആണ് ഇവര്‍ക്ക് ലഭിക്കുക. ഡിസംബര്‍ പത്തിന് ആല്‍ഫ്രഡ് നൊബേലിന്റെ 1896-ാം മരണവാര്‍ഷികത്തില്‍ സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ചടങ്ങില്‍ സ്വീഡിഷ് രാജാവ് കാള്‍ 16-ാമന്‍ ഗുസ്താഫ് പുരസ്‌കാരം കൈമാറും.