Wednesday, December 6, 2023

Latest Posts

സെപ്തംബർ 30: അന്താരാഷ്ട്ര മതനിന്ദാ അവകാശ ദിനം

✍️ ലിബി. സിഎസ്

“മഹത്തായ എല്ലാ സത്യങ്ങളും ആദ്യം മതനിന്ദകളായിരുന്നു” -ബർനാഡ് ഷാ

മതങ്ങൾക്കും ദൈവവിശ്വാസങ്ങൾക്കും വിരുദ്ധമായ അഭിപ്രായങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.

2005 സെപ്തംബർ 30-ന് ഡെൻമാർക്കിലെ ഒരു പത്രത്തിൽ മുഹമ്മദ് നബിയുടെ ആക്ഷേപഹാസ്യ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ ഫലമായി വിശ്വാസികൾക്കിടയിൽ ചില വിവാദങ്ങൾക്ക് കാരണമായി. തുടർന്ന്, പല രാജ്യങ്ങളിലും അക്രമാസക്തമായ പ്രക്ഷോഭം നടക്കുകയും ഡാനിഷ് എംബസികൾ ബോംബെറിഞ്ഞ് തകർക്കപ്പെടുകയും നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവമാണ് ലോക മതനിന്ദാ ദിനത്തിന് തുടക്കമായത്.

മതത്തെ പരസ്യമായി വിമർശിക്കുന്നത് ഇന്നും പല രാജ്യങ്ങളിൽ കുറ്റകരമാണ്. എന്നാൽ “മതനിന്ദ” എന്നത് ഇന്ത്യൻ നിയമത്തിനും, ഭരണഘടനക്കും അപരിചിതമായ ഒരു പദമാണ്, ഒരുപക്ഷേ ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിന്റെ സമഗ്രവും ബഹുസ്വരവുമായ സ്വഭാവം ദൈവ നിന്ദ പോലുള്ള ആശയങ്ങളെ അപ്രസക്തമാക്കുന്നതിനാലാകാം ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ഇന്ത്യക്കായി നിർമിച്ച നിയമാവലികളിൽ blasphemy എന്ന വാക്ക് ഇടം പിടിക്കാതിരുന്നത്. എന്നിരുന്നാലും, മതനിന്ദ നിയമത്തിന് സമാനമായ 295 A എന്ന വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബ്രിട്ടീഷുകാർ ഉള്പെടുത്തിയിട്ടുണ്ട്. “ഇന്ത്യയിലെ പൗരന്മാരിലെ ഏതെങ്കിലും മത വിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തണമെന്ന മനപൂർവവും ക്ഷുദ്രവുമായ ഉദ്ദേശ്യത്തോടെ, വാക്കാലോ, എഴുത്താലോ, ആംഗ്യങ്ങളായോ, മറ്റു പ്രകടന സമ്പ്രദായമായോ, ഒരു മതത്തെത്തെയോ, മത വിശ്വാസങ്ങളെയോ, അധിക്ഷേപിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്നത് 3 വർഷത്തോളമാകാവുന്ന കാലത്തേക്കുള്ള തടവ് ശിക്ഷയ്ക്കോ പിഴക്കോ ഉള്ള ശിക്ഷയ്ക്ക് അർഹരായിരിക്കുമെന്ന് പ്രസ്തുത നിയമം പറയുന്നു.


1860 ന് ശേഷം ജീവിച്ച ശ്രീനാരായണ ഗുരു മുതൽ ഇന്നുവരെയുള്ള മതവിമർശനം നടത്തുകയോ മതത്തിൻറെ ആചാരങ്ങളെ തൊട്ടുകളിക്കുകയോ ചെയ്തിട്ടുള്ള പലർക്കെതിരെയും ഈ കേസ് എടുത്തിട്ടുണ്ട്. ഇൻഡ്യയിൽ ഡോ. കെഎസ്. ഭഗവാൻ, സീതാറാം യെച്ചൂരി,സനൽ ഇടമറുക്, പ്രൊഫ. ടി.ജെ. ജോസഫ്, ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, സംവിധായകൻ പാ. രഞ്ജിത്ത്, കമലഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയപ്രമുഖരായവരുടെയും അല്ലാത്തവരുടെയും പേരിൽ ഈ വകുപ്പിട്ട് കേസ് എടുത്തിട്ടുണ്ട്. കേരളത്തിൽ ഈ വകുപ്പിട്ട് എടുത്ത കേസിൽ റിമാൻഡിലായവരാണ് ഞാനും രഹ്നയും. കത്തോലിക്കാസഭയുടെ വക 7 ഉം സംഘികളുടെ വക 5 ഉം മതനിന്ദകേസിലെ പ്രതിയായിരുന്നു ഞാൻ. കൊച്ചിയിലെ ഒരു കന്യാസ്ത്രീ കൊടുത്തകേസിൽ നിലവിൽ ജാമ്യത്തിലുമാണ്. മറുനാടൻ ഷാജനെതിരെയും ഈ വകുപ്പിൽ കേസെടുത്തിരുന്നു. എനിക്ക് വ്യക്തിപരമായി അയാളുടെ നിലപടുകളോട് യോജിപ്പൊന്നുമില്ല. എനിക്ക് വ്യക്തിപരമായി അയാളുടെ നിലപടുകളോട് യോജിപ്പൊന്നുമില്ല. അയാളെ ആരെങ്കിലും പിടിച്ച് രണ്ടു പൊട്ടിക്കൽ കൊടുത്താലും സന്തോഷിക്കുന്നയാളാണ് ഞാൻ. അത്രമാത്രം സ്ത്രീകൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചിട്ടുള്ള ഒരാളാണ് അയാൾ. എങ്കിലും അപകീർത്തിക്കേസിന് പകരം അയാളെ 295 A കേസിൽ കുടുക്കാൻ ശ്രമിച്ചതിനോടും യോജിപ്പില്ല. അതും മതവാദികളല്ല ഒരു സഖാവാണ് വാദി എന്നതാണ് അതിലെ കോമഡി. യു എ പി എ നിയമത്തിന് എതിരാണെന്ന് പറയുകയും കേരളത്തിൽ പുസ്തകം കയ്യിൽ വെച്ചതിനുവരെ യു എ പി എ ചുട്ടെടുക്കുകയും ചെയ്യുന്നതുപോലെയാണത്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീരാമനെ അപമാനിച്ചെന്നും പറഞ്ഞു ഇതേ വകുപ്പിട്ട് എടുത്ത കേസിൽ ജാമ്യത്തിലുള്ള പ്രതിയാണെന്ന് കേസ് കൊടുത്ത സഖാവിന് അറിയുമോ എന്നറിയില്ല.

ഇങ്ങനെ പല കോമഡികളും കേരളത്തിൽ അരങ്ങേറുന്നുണ്ട്. ശൂദ്രലഹളക്കാലത്ത് സ്ത്രീകളുടെ പ്രൊഫൈലിൽ അശ്ലീലം എഴുതുകയും ലിംഗം പോസ്റ്റ് ചെയ്യുകയും ചെയ്തവർക്കെതിരെ തിരുവനന്തപുരത്ത് ശ്രീദേവികർത്തയും ലതയും കൊടുത്തകേസിൽ സൈബർ പോലീസ് പൊക്കിയ നിരവധി ഫെയ്ക്ക് ഐഡികളുള്ള 4 പേരിൽ 2 പേര് അവരുടെ ഒറിജിനൽ ഐഡിയിൽ പേരിൻറെ അറ്റത്ത് സാപ്പിയൻ വെച്ചവന്മാർ ആയിരുന്നു. നാസ്തിക ദൈവം തന്നെ ലക്ഷ്മീ രാജീവിനെ അപമാനിച്ചകേസിൽ ഹൈക്കോടതിയിൽനിന്നും ജാമ്യമെടുത്ത പ്രതിയാണ്. സാധാരണ യുക്തിവാദികൾക്ക് മതനിന്ദ കേസാണ് വരിക. സ്ത്രീത്വത്തെ അപമാനിച്ച കേസുള്ള ചിലപ്പോൾ ലോകത്തെ ആദ്യത്തെ നാസ്തികനേതാവ് ആയിരിക്കും അങ്ങേര്. സംഘി സ്നേഹം മൂത്ത് ലക്ഷ്മീ രാജീവിൻറെ ഐവിഎഫ് ചെയ്തുണ്ടായ രണ്ടുകുട്ടികൾ അയ്യപ്പന്റെയാണോ കണ്ഠരര് രാജീവരരുടെയാണോ? എന്ന് ചോദിച്ച് വീഡിയോ ഇറക്കിയ മഹാനാണ് നാസ്തിക ദൈവം. സംഘി സ്നേഹം അപാരംതന്നെയെങ്കിലും ധൈര്യം കമ്മിയാണെന്ന് മാത്രം. കേസുകൊടുത്ത ഉടൻ വീഡിയോ ഡിലീറ്റ് ആക്കി. പക്ഷെ അവർ വീഡിയോ റിക്കോഡ്‌ ചെയ്തു വെച്ചിരുന്നു.


ഐപിസിയിലെ മറ്റ് “സംഭാഷണ-അധിഷ്ഠിത കുറ്റകൃത്യങ്ങളായ ഐപിസി 153, 153എ, 153ബി, , 298, 505 പോലെ തന്നെ സെക്ഷൻ 295, 295 എയുടെ ഉത്ഭവവും കൊളോണിയൽ കാലഘട്ടത്തിലാണ്, കൊളോണിയൽ യുക്തിയാൽ നിർമിക്കപെട്ടവയാണ് അവയൊക്കെയും.ഡ്രാഫ്റ്റിംഗ്കമ്മറ്റി ആ കാലത്ത് തന്നെ ഈ വകുപ്പിന്റെ വിശാലമായ വ്യാഖ്യാന സാധ്യതയിലും, ദുരുപയോഗത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു. നിയമത്തിന്റെ സദ്ഉദ്ദേശ്യങ്ങൾക്ക് അപ്പുറം മത വിമർശകരെയും, ഭിന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും ഇരയാക്കാൻ സാധ്യത ഉണ്ടെന്ന ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ദീർഖവീക്ഷണം അക്ഷാരാർഥത്തിൽ ശരിവക്കുന്നതായിരുന്നു പിന്നീട് ഈ നിയമത്തിന്റെ ചരിത്രവും, വർത്തമാനവും.

Wendy Doniger എന്ന അമേരിക്കൻ ഗവേഷക എഴുതി ധൈഷണിക ലോകം വളരെ പോസിറ്റീവായി വിലയിരുത്തിയ The Hindus: An Alternative History എന്ന പുസ്തകം ആഗോള പ്രസിദ്ധീകരണ സ്ഥാപനമായ പെൻഗിന് ബുക്സിന് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നത് ഐപിസി 295 എ ചുമത്തി കേസ് ഫയൽ ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു. രാമായണം ഒരു മിത്തിക്കൽ ഗ്രന്ഥമാണെന്ന പരാമർശം കോടിക്കണക്കിനു വരുന്ന ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പുസ്തകത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം.

പുസ്തകം നിരോധിച്ചില്ലെങ്കിലും കേസ് വന്നതിനെ തുടർന്ന് ഈ “പുരാവസ്തു നിയമം” നിലനിൽക്കുന്ന ഇന്ത്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യം സാധ്യമാകില്ലെന്ന കുറിപ്പോടെയാണ് പ്രസാധകർ ആ പുസ്തകം നിരുപാധികം പിൻവലിച്ചത്.


എന്നാൽ പുസ്തകത്തിന് നിരോധനം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിയിൽ കേസ് നടത്തുന്നതായിരുന്നു പെൻഗിൻ ചെയ്യേണ്ടിയിരുന്നതെന്നു അരുന്ധതി റോയി ഉൾപ്പെടെയുള്ള ബൗദ്ധിക ലോകം അഭിപ്രായപ്പെട്ടു. പക്ഷെ പുസ്തകം ഏതെങ്കിലും സാഹചര്യത്തിൽ കോടതി നിരോധിച്ചാൽ, ഒരു ചില്ലറ വില്പനകാരൻ ആർകെങ്കിലും പുസ്തകത്തിന്റെ ഒരു കോപ്പി വിറ്റ ബില് ഹാജരാക്കാൻ എതിർ പക്ഷത്തിന് കഴിഞ്ഞാൽ പ്രസാധകൻ കോടതി അലക്ഷ്യം നേരിടേണ്ടി വരും.

ഈ നിയമത്തിൻറെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിക്കപ്പെട്ട ഹർജിയിൽ മത വികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തികളെ മാത്രമേ സെക്ഷൻ 295 A ലക്ഷ്യ വക്കുന്നുള്ളുവെന്നും, എല്ലാ മത നിന്ദകളും അതിൽ ഉൾപെടുന്നില്ലെന്നും നിരീക്ഷിച്ച കോടതി 295 A യുടെ ഭണഘടനാ വിരുദ്ധമല്ലെന്ന് വിധി പറഞ്ഞു.

295A ഒരു മജിസ്റ്റീരിയൽ ഒഫെൻസ് മാത്രമാണ്. സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ ആരും ഈ വകുപ്പിട്ട് എടുത്ത കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും നോൺ ബെയ്‌ലബിൾ ഒഫെൻസ് ആയതിനാൽ വൃണക്കേസുമായി ചെല്ലുന്ന വ്രണരോഗിക്കൊപ്പം ഏതെങ്കിലും പോലീസ് ഓഫീസർക്കും വൃണംപൊട്ടിയാൽ ആരെയും കേസെടുത്ത് ഉപദ്രവിക്കാവുന്ന വകുപ്പാണിത്.


സാങ്കേതികമായി പറഞ്ഞാൽ “legal fiction” എന്ന അവസ്ഥയാണ് കോടതി വ്യക്തമാക്കിയത്. നിയമത്തിലെ ചില കാര്യങ്ങൾ നിയമത്തിന് മാത്രമായി നിലനിൽക്കുന്നു. അത് വാസ്തവത്തിൽ ഉണ്ടോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. തെളിയിക്കപെടാത്ത ഒരനുമാനത്തിന്റെ പേരിൽ ആവിഷ്കാര സ്വത്വാത്ര്യം നിഷേധിക്കാമോ എന്ന ചോദ്യം പക്ഷെ നിലനിൽക്കുന്നു.

Wendy Doniger ന്റെ പുസ്തകത്തിനുമേൽ 295A ചുമത്തപ്പെട്ടത് അത് പബ്ലിക് ഓഡറിനോട് ബന്ധപെട്ടതായതുകൊണ്ടല്ല, അതിലെ മത വിരുദ്ധ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ്.

എന്നാൽ മഹേന്ദ്ര ധോണിക്കെതിരായ കേസിൽ മനഃപൂർവവും, ദുരുദേശ്യ പരവും അല്ലാത്ത മത നിന്ദകള് ഈ സെക്ഷൻറെ പരിധിയിൽ പെടില്ലന്നു സുപ്രീംകോടതി തന്നെ 2017ൽ വിധിയിൽ പറഞ്ഞിട്ടുണ്ട്.

കാലക്രമേണ സുപ്രീം കോടതിയുടെ public order സംബന്ധിച്ച കാഴ്ചപ്പാടിന് പലരീതിയിലും മാറ്റം വന്നിട്ടുണ്ട്. കുറ്റകരമായ പ്രസംഗത്തെ നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ pulic order നോട് വ്യക്തമായ ബന്ധം ഭരണകൂടം ചൂണ്ടികാണിക്കേണ്ടതുണ്ടെന്നായിരുന്നു അത് സംബന്ധിച്ചു സുപ്രീം കോടതി നിർദ്ദേശിച്ചത്.


2015ൽ പൊതു ക്രമത്തിന്റെ പേരിൽ അക്രമത്തിന് “പ്രേരണ” incitement നൽകുന്നത് മാത്രമേ നിരോധിക്കാൻ കഴിയൂ എന്നും advocacy (വിപ്ലവം മുതലായവ) പോലും അനുവദനീയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

കൂടാതെ ഹിന്ദു ദൈവമായ പരശുരാമനെ ഫേസ്ബുക്കിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് രണ്ടംഗ ബഞ്ച് സെപ്റ്റമ്പർ 2018 ൽ പുറപ്പെടുവിച്ച വിധിയിൽ IPC Section 295 A ചുമത്തുന്നത് സംബന്ധിച്ച് കോടതി നടത്തിയ ശ്രദ്ദേയ നിരീക്ഷണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ഞാൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അതാണ് എൻറെ കേസുകൾ വിജയിക്കാൻ കാരണമായതും.

1)അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, പരമ്പരാഗത വിശ്വാസങ്ങളെയും, പരമ്പരാഗത അധികാരത്തെയും, മേൽകോയിമകളെയും, പ്രമാണങ്ങളെയും, ആധിപത്യത്തെയും ചോദ്യം ചെയ്തതിന്റെ പേരിൽ ഈ വകുപ്പ് ചുമത്തുന്നത് ഭരണഘടനയുടെ അനുച്ഛേദനം 14, ( തുല്യത) 19 അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം ) ന്റെ ലംഘനമാണ്.

2)കേസിന്റെ വിചാരണ അനുവദിച്ചാൽ അത് ജ്ഞാനോദയ കാലത്തെ തുടർന്ന് രാജ്യത്ത് അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് തടയുന്നതിന് ഇടയാക്കും.

3)കഴിഞ്ഞ കാലങ്ങളിൽ യുക്തി ചിന്ത പ്രകടിപ്പിച്ചവർ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ പീഡനത്തിനിരയായിട്ടുണ്ട്. പിന്നീട് ജ്ഞാനോദയം വേരുറച്ചതിന്റെ ഫലമായി സതി പോലുള്ള അനാചാരങ്ങൾ നിരോധിക്കാനിടയായി.ശ്രദ്ദേയമായ ധൈഷണിക വികാസവും, വിശ്വാസ പരിവർത്തനവും ഈ ഘട്ടത്തിലുണ്ടായി. മത, സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന പല വിശ്വാസങ്ങളും, ആചാരങ്ങളും എടുത്തെറിയപ്പെട്ടു. പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെ നമ്മുടെ സമൂഹത്തിന് മാറ്റങ്ങളിൽ തൽപ്പര്യമുണ്ടായി. സാമൂഹിക മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. സാമൂഹിക പരിഷ്ക്കർത്താക്കൾക്ക് വർണ്ണ, ജാതി, വർഗ്ഗ സമുദായ വികാരങ്ങൾ കാരണം അടിച്ചമർത്തൽ നേരിടേണ്ടി വന്നതിനാൽ ഒരു കാലത്തും പിന്തുണ ലഭിച്ചില്ല. സ്ത്രീകളും സാമൂഹിക മാറ്റത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് തങ്ങൾ നേരിടുന്ന അടിമത്വത്തിനെതിരെ പ്രതിഷേധിച്ചു.

3)ജ്ഞാനോദയത്തെ തുടർന്ന് ശാസ്ത്രത്തിലും, യുക്തിചിന്തയിലും വിശ്വസിക്കുന്ന ആളുകളുടെ എണ്ണം വർദ്ദിച്ചു. പരമ്പരാഗത അധികാര കേന്ദ്രങ്ങളിലുള്ള വിശ്വാസം തിരസ്ക്കരിച്ചു.
പല പുരാണകഥകളും വർണ വ്യവസ്ഥയിലെ ഉയർന്നവരുടെ പരമ്പരാഗത അധികാരത്തിൽ ഊന്നിയുള്ളതാണ്. ബ്രാന്മണരുടെ പരമ്പരാഗത അധികാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനുള്ളതാണിതെന്ന് സാമൂഹിക പരിഷ്കർത്താക്കൾ വിശ്വസിക്കുന്നു.

4)പരമ്പരാഗത അധികാരത്തിനെതിരെ പോരാടാനുള്ള സഹജ സ്വഭാവം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 ൽ കാണാൻ കഴിയും. കുറ്റാരോപിതന്റെ അവകാശവും, സദുദ്ദേശ്യവും സംരക്ഷിക്കുക കോടതിയുടെ കടമയാണ്. അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, പരമ്പരാഗത വിശ്വാസങ്ങളെയും, പരമ്പരാഗത അധികാരത്തെയും, മേൽകോയിമകളെയും ചോദ്യം ചെയ്യുന്നവരെ വിചാരണ ചെയ്യാൻ അനുവദിച്ചാൽ അത് മനുഷ്യ വികാസത്തെ തടയും. അതു കൊണ്ട് ഇത്തരം കേസുകളിൽ കോടതി ജാഗ്രത പുലർത്തണം.

5)Section 295 A വ്യാഖ്യാനിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടാകണം. വ്യവസായവത്ക്കരണം, നഗരവത്ക്കരണം, രാഷ്ടീയ വിപ്ലവം ഇവയെല്ലാം മതാത്മകതയെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ചിലർ മതാത്മകതയിൽ താൽപ്പര്യമുള്ളവരാണ്, മറ്റു ചിലർ ഇല്ലാത്തവരും, ചിലർ മതാത്മകത ഉള്ളവരാണെങ്കിലും വിമർശനാത്മക സമീപനമുള്ളവരുമാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും ഒരുമിച്ച് ജീവിച്ചേ മതിയാകൂ എന്നതിൽ പക്ഷാന്തരമില്ല.) ഇവയായിരുന്നു ആ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.


എന്നിരുന്നാലും, ഇപ്പോഴത്തെ കാലാവസ്ഥയിൽ, അശ്ലീലം, രാജ്യദ്രോഹം, തുടങ്ങിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പുനർവിചിന്തനം ചെയ്യുന്നത് സങ്കൽപ്പിക്കാൻ കഴിയാത്തതുപോലെ തന്നെ “മതനിന്ദ” നിയമത്തിന്റെ ഭരണഘടനാ സാധുതയും കോടതി പുനർവിചിന്തനം നടത്തുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്. നിർഭാഗ്യവശാൽ മതരാഷ്ട്രീയ വക്താക്കൾ കൂടിയാണ് രാജ്യം ഭരിക്കുന്നതെങ്കിൽ പെൻഗിന് ബുക്സ് അഭിപ്രായപ്പെട്ടത് പോലെ തന്നെ ഇത്തരം ‘പുരാവസ്തു നിയമങ്ങൾ’ നിലനിൽക്കുന്ന ഇന്ത്യയിൽ ആവിഷ്കാരങ്ങളും, അഭിപ്രായ പ്രകടനങ്ങളും ആത്‌മഹത്യാപരമായ ഒരു സാഹസം തന്നെയായി തുടരുമെന്നും ജനാധിപത്യം കേവലം ഏട്ടിലെ പശു മാത്രമായിരിക്കുമെന്നതിന്റെ ആവാസന തെളിവാണ് ഉദയനിധിയുടെ പേരിൽ രാജ്യവ്യാപകമായി എടുത്ത മതനിന്ദാ കേസുകൾ.

2009-ൽ സെന്റർ ഫോർ എൻക്വയറിയാണ് ദൈവനിന്ദ ദിനം ലോകമെമ്പാടുമുള്ള ഒരു ആഘോഷമായി അവതരിപ്പിച്ചത്. ഭരണകൂടങ്ങൾ തങ്ങളുടെ സ്ഥാപിത താത്പ്പര്യങ്ങൾക്കുവേണ്ടി മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ ദിനം ഒരു ഓർമപ്പെടുത്തലാകട്ടെ!

 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.