Wednesday, December 6, 2023

Latest Posts

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി

ബിലാസ്പൂർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും ഒബിസി, ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നടത്തിയ ജാതി സെൻസസിന്റെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ പുറത്തുവിടാത്തതെന്നും അത്തരമൊരു നടപടിയെ പ്രധാനമന്ത്രി ഭയപ്പെടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിലാസ്പൂരിലെ പർസാദ (സക്രി) ഗ്രാമത്തിൽ സംസ്ഥാന സർക്കാരിന്റെ ‘ആവാസ് ന്യായ് സമ്മേളന’ത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെ ഒരു റിമോട്ട് കൺട്രോൾ ചൂണ്ടിയ അദ്ദേഹം, കോൺഗ്രസ് ഇതിൽ വിരലമർത്തിയാൽ ദരിദ്രർക്കും ആവശ്യക്കാർക്കും പ്രയോജനം ലഭിക്കുമെന്നും എന്നാൽ ഭരണകക്ഷിയായ ബിജെപി അത് ചെയ്യുമ്പോൾ അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയിൽവേ കരാറുകളുമാണ് ലഭിക്കുകയെന്നും പരിഹസിച്ചു.

രാജ്യത്തെ എല്ലാ ജാതികളിലെയും ജനസംഖ്യയുടെ രേഖയുള്ള ജാതി സെൻസസ് കോൺഗ്രസ് നടത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ പക്കൽ ഈ റിപ്പോർട്ട് ഉണ്ട്. പക്ഷേ മോദിജി അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല – രാഹുൽ പറഞ്ഞു.


മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്ക് പങ്കാളിത്തം നൽകണമെങ്കിൽ ജാതി സെൻസസ് നടത്തേണ്ടതുണ്ട്. മോദിജി ജാതി സെൻസസ് നടത്തിയില്ലെങ്കിൽ, ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ഒബിസി പങ്കാളിത്തം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തുക എന്നതായിരിക്കും ആദ്യപടിയെുന്നും രാഹുൽ വ്യക്തമാക്കി.

എംപിമാരും എംഎൽഎമാരുമല്ല, സെക്രട്ടറിമാരും ക്യാബിനറ്റ് സെക്രട്ടറിമാരുമാണ് സർക്കാരിനെ നയിക്കുന്നതെന്നും വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ 90 സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് ഒബിസികളെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ മൂന്ന് വ്യക്തികളും രാജ്യത്തിന്റെ ബജറ്റിന്റെ 5 ശതമാനം മാത്രമാണ് നിയന്ത്രിക്കുന്നതെന്നും ഇന്ത്യയിൽ 5 ശതമാനം ഒബിസി ജനസംഖ്യ മാത്രമാണോ ഉള്ളതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.