✍️ ചന്ദ്രപ്രകാശ്.എസ്.എസ്
ഏത് രാജ്യക്കാരുടേയും ആത്മാഭിമാനവും ആവേശവുമാണ് കായിക മത്സരങ്ങളിൽ അവർ നേടുന്ന മെഡലുകൾ. ഭരണകൂടങ്ങൾ നീതി നിഷേധിക്കുമ്പോൾ നേടിയ മെഡലുകൾ രാജ്യത്തിന് തിരിച്ചു നൽകിയവരുണ്ട്, കായിക ചരിത്രത്തിൽ. മെഡൽ നദിയിലെറിഞ്ഞവരും ലേലത്തിൽ വച്ചവരുമുണ്ട്.
ഇന്ത്യൻ കായിക ചരിത്രത്തിലെ കറുപ്പായ ബ്രിജ്ഭൂഷനെതിരെ സമരം ചെയ്യുന്ന ഒളിമ്പിക് മെഡൽ ജേതാവ് ഉൾപ്പടെയുള്ള കായികതാരങ്ങൾ, അവർ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗാനദിയിൽ വലിച്ചെറിയാൻ തീരുമാനിച്ചത് അടുത്തിടെയാണ്. രാജ്യം ഞെട്ടലോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടത്. ഭാഗ്യവശാൽ കർഷക നേതാക്കൾ ഇടപെട്ട് അവരെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു. ആത്മാഭിമാനം ത്യജിച്ച് ജീവിക്കാനാവാത്തവരാണ് ഇത്തരക്കാർ.
ഈ അവസരത്തിൽ വിഷയ സമാനമല്ലെങ്കിലും മറ്റൊരു മെഡൽ ത്യജിക്കൽ, അഥവാ മെഡൽ നദിയിൽ വലിച്ചെറിഞ്ഞ സംഭവം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെവർണവിവേചനമായിരുന്നു അതിന് കാരണം.63 വർഷം മുമ്പ് 1960 ലാണ് ഇത് നടന്നത്. ലോകപ്രശസ്തനായ ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയാണ് ഈ ചരിത്രസംഭവത്തിലെ നായകൻ. അന്ന് അദ്ദേഹത്തിൻ്റെ പേര് മുഹമ്മദ് അലി എന്നായിരുന്നില്ല. അക്കാലത്ത് അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ ജന്മനാമം കാഷ്യസ് മേർസിലസ് ക്ലേ എന്നായിരുന്നു. പേരിലാണ് 1960 ലെ റോം ഒളിമ്പിക്സിൽ പിൽക്കാലത്തെ മുഹമ്മദ് അലി സ്വർണ്ണം നേടിയത്.
1942 ജനുവരി 17 ന് അമേരിക്കയിലെ ലൂയിസ് വെല്ലിലാണ് കാഷ്യസ് ക്ലേ ജനിച്ചത്. ക്ലേയുടെ കുട്ടിക്കാലത്ത് അമേരിക്കയിൽ വർണ്ണവിവേചനം അതിരൂക്ഷമായിരുന്നു. കറുത്തവനും വെളുത്തവനും വെവ്വേറെ ഹോട്ടലുകൾ, പള്ളികൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
മാർക്കറ്റുകൾ തുടങ്ങി ജീവിതത്തിൻ്റെ സമസ്ത മേഖലയിലും അന്ന് അസമത്വം കൊടികുത്തി വാണിരുന്നു. ഈ ജീവിതാനുഭവങ്ങൾ ആയിരുന്നു കാഷ്യസ് ക്ലേയുടെ കരുത്ത്.
1954 ൽ 12 വയസിൽ തുടങ്ങിയ ബോക്സിംഗ് പരിശീലനത്തിൽ നിന്നാണ് വെറും 6 വർഷം കൊണ്ട് 18 വയസിൽ റോം ഒളിമ്പിക്സിൽ ചരിത്ര സ്വർണ്ണ മെഡൽ കാഷ്യസ് ക്ലേ നേടിയത്. സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും, അമേരിക്ക 34 സ്വർണവുമായി രണ്ടാമതും എത്തിയ റോം ഒളിമ്പിക്സിൽ എല്ലാ നേട്ടങ്ങൾക്കും മേലേയായിരുന്നു കാഷ്യസ് ക്ലേ എന്ന അമേരിക്കയുടെ 18 കാരൻ്റെ ചരിത്രവിജയം.
കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ യു എസിൻ്റെ വിൽമ റുഡോൾഫ് മൂന്ന് സ്വർണവുമായി അന്ന് ലോകശ്രദ്ധ നേടി തിളങ്ങിയെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കാഷ്യസ് ക്ലേയുടെ ഏക സ്വർണമായിരുന്നു. ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെ തുടങ്ങി.
റോം ഒളിമ്പിക്സിലെ ചരിത്രവിജയത്തിന് ശേഷം വിജയശ്രീലാളിതനായാണ് കാഷ്യസ് ക്ലേ ജന്മനാടായ ലൂയിസ് വില്ലെയിൽ തിരിച്ചെത്തിയത്. വംശീയതയും, വേർതിരിവും, വർണവെറിയും ആഴത്തിൽ വേരോടിയിരുന്ന ഒരു സ്ഥലമാണിത്.
മെഡലിൻ്റെ മോടി മാറത്ത ഒരു ദിവസം ക്ലേ, ഭക്ഷണം കഴിക്കാനായി ലൂയിസ് വില്ലെയിലെ ഒരു റെസ്റ്റോറൻ്റിൽ പോയി. ഭംഗിയായി വസ്ത്രം ധരിച്ച് കഴുത്തിൽ തിളങ്ങുന്ന പുതിയ ഒളിമ്പിക്സ് മെഡലൊക്കെ അണിഞ്ഞാണ് റെസ്റ്റോറെൻ്റിലെത്തിയത്. എന്നാൽ റെസ്റ്റോറെൻ്റ് വെള്ളക്കാരുടെ ഉടമസ്ഥതയിൽ ആയതിനാൽ നിറത്തിൻ്റെ പേരിൽ ആ സ്ഥാപനം കാഷ്യസ് ക്ലേയെ അധിക്ഷേപിച്ചു. റെസ്റ്റോറൻ്റിൽ നിന്ന് ദാഹജലം പോലും നൽകാതെ ക്ലേയെ പുറത്താക്കി.
ഈ സംഭവം കാഷ്യസ് ക്ലേയെ ഭ്രാന്തനാക്കി. രാജ്യത്തിനുവേണ്ടി സ്വർണമെഡൽ നേടിയിട്ടും താൻ അനുഭവിക്കുന്ന വേർതിരിവിൽ അദ്ദേഹം ദു:ഖിച്ചു. റെസ്റ്റോറൻ്റിൽ നിന്നും നേരെ പോയത് ഒഹായോ നദിയുടെ കുറുകെയുള്ള പാലത്തിൽ. ഹൃദയവേദനയോടെ സ്വന്തം ജീവിതസമ്പാദ്യവും, അഭിമാനവുമായ ഒളിമ്പിക് സ്വർണമെഡൽ കഴുത്തിൽ നിന്നും ഊരി നദിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം പൊട്ടിക്കരഞ്ഞ് ക്ലേ തിരികെ നടന്നു.
1975 ൽ പുറത്തിറങ്ങിയ ‘ദി ഗ്രേറ്റസ്റ്റ് ‘എന്ന തൻ്റെ ആത്മകഥയിൽ അലി ആ സംഭവത്തെപ്പറ്റി ഇപ്രകാരം കോറിയിട്ടു – “ഞാൻ 1960 ലെ റോം ഒളിമ്പിക്സിനുശേഷം എൻ്റെ തിളങ്ങുന്ന സ്വർണമെഡലുമായിലൂയിസ് വില്ലെയിൽ തിരിച്ചെത്തി. ഉച്ചഭക്ഷണത്തിനായി അവിടെ ഒരു റെസ്റ്റോറൻ്റിൽ പോയി ഞാൻ ഇരുന്നു. ഭക്ഷണം ചോദിച്ചു. ഒളിമ്പിക്സ് മെഡൽ ഞാൻ അണിഞ്ഞിരുന്നു. അവർ പറഞ്ഞു, നിങ്ങൾക്കിവിടെ സേവനം ഇല്ലായെന്ന്.
കറുത്തവരെ അവർ സേവിക്കുന്നില്ലെന്ന് പറഞ്ഞു. എന്നെയവർ തെരുവിലേക്കിറക്കി. ഞാൻ നേരെ ഒഹായോ നദി ലക്ഷ്യമാക്കി നടന്നു. നദിയിൽ ഞാനെൻ്റെ സ്വർണമെഡൽ എറിഞ്ഞു. എൻ്റെ ഹൃദയത്തിന് ഏറെ വിലപ്പെട്ടതായിരുന്നു ആ മെഡൽ. അത് ലഭ്യമായി 48 മണിക്കൂർ ഞാൻ ആ മെഡൽ ഊരി മാറ്റിയില്ല. കിടക്കയിൽ പോലും ഞാനത് ധരിച്ചു. കിടക്കയിൽ മെഡൽ എന്നെ മുറിപ്പെടുത്തുമോ എന്ന് ഞാൻ സംശയിച്ചു. മെഡൽ എൻ്റെ പുറകിൽ കിടന്ന് ഉറങ്ങുന്നതിനാൽ ഞാൻ നന്നായി ഉറങ്ങിയില്ല “
മെഡൽ നദിയിൽ ഉപേക്ഷിച്ച് വീണ്ടും നാല് വർഷം കൂടി കഴിഞ്ഞ് 1964 ൽ തൻ്റെ 22 വയസിലാണ് കാഷ്യസ് ക്ലേ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലിയായി മാറിയത്.
1996 ലെ അറ്റ്ലാൻ്റാ ഒളിമ്പിക്സിൽ ജ്വാല തെളിച്ചത് മുഹമ്മദ് അലിയായിരുന്നു.
അന്നേയ്ക്ക് 36 വർഷം മുമ്പാണ് അദ്ദേഹം മെഡൽ നദിയിലെറിഞ്ഞത്. ആ മെഡലിന് പകരമായി അവിടെവച്ച് മറ്റൊരു മെഡൽ അലിക്ക് ഒളിമ്പിക് സംഘാടകർ സമ്മാനിച്ചു. 2012 ലെ ലണ്ടൻ ഒളിമ്പിക്സിലും അലി അതിഥിയായി പങ്കെടുത്തു. അന്ന് പതാക ഉയർത്തിയത് അലിയായിരുന്നു.
ഇത് അലിയുടെ അവസാന വേദിയായി. 2016 റിയോ ഒളിമ്പിക്സിന് രണ്ട് മാസവും, രണ്ട് ദിവസവും ശേഷിക്കേ 2016 ജൂൺ മൂന്നിന് മുഹമ്മദ് അലി എന്ന ലോകം കണ്ട എക്കാലത്തേയും ബോക്സിംഗ് ഇതിഹാസം അരിസോണയിൽ വച്ച് കഥാവശേഷനാകുമ്പോൾ പ്രായം 74. റിങ്ങിൽ പുലിയും, പൂമ്പാറ്റയും, തേനീച്ചയും ആയിരുന്നെങ്കിലും യഥാർത്ഥ ജീവിതത്തിൽ സമാധാനത്തിൻ്റെ സന്ദേശവാഹകനായിരുന്ന മുഹമ്മദ് അലി.
“ഇടിക്കൂട്ടിൽ ഞാനൊരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കും, ഒരു തേനീച്ചയെ പോലെ കുത്തും”എന്ന അലിയുടെ വാക്കുകൾ തങ്കലിപികളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.