Wed. Apr 24th, 2024

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ പ്രതികളാകുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിന് നിയമമാര്‍ഗം തേടി റവന്യൂ വകുപ്പ്. അഴിമതിക്കേസില്‍ പ്രതികളാകുന്ന റവന്യൂ വകുപ്പ് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് നിയമവശം പരിശോധിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി.

പാലക്കാട് മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യൂ അദാലത്തിന്റെ പരിസരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ വി സുരേഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.


അഴിമതി കേസുകളില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരന് ലഭിക്കും. മാത്രമല്ല, സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ചാല്‍ കുടിശ്ശിക ശമ്പളം പൂര്‍ണമായി ലഭിക്കുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ശക്തമായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള സാധ്യതകള്‍ റവന്യൂ വകുപ്പ് പരിശോധിക്കുന്നത്.

റവന്യൂ വകുപ്പിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാനും മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വില്ലേജ് ഓഫീസുകളില്‍ സേവനമനുഷ്ഠിച്ച വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റും. റവന്യൂ ഇന്റലിജന്‍സ് ശക്തിപ്പെടുത്തും. എല്ലാ മാസവും ലാന്‍ഡ് റവന്യൂ കമ്മീഷണറും റവന്യൂ സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നല്‍ പരിശോധന നടത്തുന്നതിനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.